കളറായി ഹീറോ എക്‌സ്‌ട്രീം 160R, ഇനി പുതുപുത്തൻ നിറങ്ങളിൽ വാങ്ങാം
ഇന്ത്യയിലെ എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിളായി അറിയപ്പെടുന്നൊരു മോഡലാണ് ഹീറോ എക്‌സ്‌ട്രീം 160R (Hero Xtreme 160R). വിപണിയിലെത്തിയിട്ട് അൽപകാലം ആയെങ്കിലും കൃത്യമായ ഇടവേളകളിൽ ചെറിയ പരിഷ്ക്കാരങ്ങൾ നൽകാൻ ഹീറോ മോട്ടോകോർപ് (Hero Motocorp) പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിന്റെ കാരണം എതിരാളികളെല്ലാം ശക്തരാണെന്നതു തന്നെ.
2020 മാർച്ചിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് എക്‌സ്ട്രീം 160R ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. അൽപം സ്പോർട്ടിയറായ ഡിസൈനിനൊപ്പം ചടുലമായ പെർഫോമൻസാണ് വണ്ടിയുടെ ഹൈലൈറ്റായി കമ്പനി എടുത്തുകാണിച്ചത്. ഇപ്പോഴിതാ എതിരാളികൾക്ക് മുന്നിൽ വേറിട്ടുനിൽക്കാനായി എക്‌സ്ട്രീം 160R മോട്ടോർസൈക്കിളിന് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിച്ചിരിക്കുകയാണ് ബ്രാൻഡ്.

സ്‌പോർട്‌സ് റെഡ്, മാറ്റ് സഫയർ ബ്ലൂ, പേൾ സിൽവർ വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രേ, സ്റ്റെൽത്ത് 2.0 എന്നിവയുൾപ്പെടെ 5 പുതിയ കളർ ഓപ്ഷനുകളിൽ ഈ എൻട്രി ലെവൽ സ്പോർട്ടി ബൈക്ക് സ്വന്തമാക്കാനാവും. ഇതോടൊപ്പം സിംഗിൾ-ഡിസ്‌ക്, ഡബിൾ ഡിസ്‌ക് വേരിയന്റുകളിലും എക്‌സ്ട്രീം 160R സ്വന്തമാക്കാനാവും. ബൈക്കിന്റെ സിംഗിൾ-ഡിസ്‌ക് വേരിയന്റിന് 1.19 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില വരുമ്പോൾ ഡബിൾ ഡിസ്‌ക് പതിപ്പിന് 1.22 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.
ഈ പതിവ് വേരിയന്റുകൾക്ക് പുറമേ ഹീറോ എക്‌സ്ട്രീം 160R മോട്ടോർസൈക്കിളിന്റെ ഒരു സ്റ്റെൽത്ത് 2.0 വേരിയന്റും വിപണിയിലുണ്ട്. ബൈക്കിന്റെ ഈ മോഡൽ അൽപം എക്സ്പെൻസീവാണെന്ന് വേണം പറയാൻ. 1.30 ലക്ഷം രൂപയാണ് ഈ വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില. പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചതിനു പുറമെ ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിക്കുന്നില്ല.

2023 എക്‌സ്ട്രീം 160R മോഡൽ സിംഗിൾ-പോഡ് എൽഇഡി ഹെഡ്‌ലൈറ്റ്, എൽിഡി ടെയിൽ ലാമ്പുകൾ മസ്ക്കുലർ ഡിസൈൻ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, അലോയ് വീലുകൾ എന്നിവയാലാണ് ഇപ്പോഴും വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഡിജിറ്റൽ ക്ലസ്റ്ററിൽ ടോ എവേ അലേർട്ട്, ടോപ്പിൾ അലേർട്ട്, ഡ്രൈവിംഗ് സ്‌കോർ, ജിയോ ഫെൻസിംഗ്, ഹീറോ ലൊക്കേറ്റ്, ട്രിപ്പ് അനാലിസിസ്, വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട്, സ്പീഡ് അലേർട്ട്, ലൈവ് ട്രാക്കിംഗ് പോലുള്ള സവിശേഷതകളാണ് ഉൾപ്പെടുന്നത്.
1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന മോട്ടോർസൈക്കിളിന് 163 സിസി സിംഗിൾ സിലിണ്ടർ SOHC എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 8,500 rpm-ൽ പരമാവധി 15 bhp കരുത്തും 6,500 rpm-ൽ 14 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ചു സ്പീഡാണ് ഗിയർബോക്‌സ്. വെറും 4.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗതയിൽ എത്താൻ എക്‌സ്ട്രീം 160R ബൈക്കിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ട്യൂബുലാർ ഡയമണ്ട് ഫ്രെയിമിലാണ് ഹീറോ എക്‌സ്ട്രീം 160R മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്. മുൻവശത്ത് 37 mm ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ 7-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്ക് സംവിധാനവുമാണ് മോട്ടോർസൈക്കിളിലുള്ളത്. ബ്രേക്കിംഗിനായി ഫ്രണ്ടിൽ ഡിസ്ക് ബ്രേക്ക് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ പിന്നിൽ ഡിസ്ക് ബ്രേക്ക് ഒരു ഓപ്ഷനായാണ് ഹീറോ മോട്ടോകോർപ് വാഗ്‌ദാനം ചെയ്യുന്നത്.
സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണ് ഹീറോ എക്‌സ്ട്രീം 160R എന്നതും ശ്രദ്ധേയമായ കാര്യമാണ്. ബൈക്കിന്റെ പ്രാരംഭ പതിപ്പിന് 138.5 കിലോഗ്രാം ആണ് ഭാരമാണ് ഉള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിൽ ബജാജ് പൾസർ N160, ടിവിഎസ് അപ്പാച്ചെ RTR 160 4V എന്നിവയോടാണ് നേരിട്ട് മത്സരിക്കുന്നത്.


Click it and Unblock the Notifications








