ഇലക്‌ട്രിക് സ്‌കൂട്ടറിനുണ്ടോ 10 വർഷം വാറണ്ടി? കുറഞ്ഞ വിലയും 60 കി.മീ. മൈലേജുമായി ആക്‌ടിവ ലിമിറ്റഡ് എഡിഷൻ
ഇന്ത്യയിലെ സ്‌കൂട്ടർ വിപണി ഇലക്‌ട്രിക് മോഡലുകൾ കീഴടക്കുകയാണെങ്കിലും സിംഹാസനം ഇന്നും ഹോണ്ട ആക്‌ടിവയുടെ കൈയിൽ ഭദ്രമാണ്. ഗിയർലെസ് സ്‌കൂട്ടർ എന്നാൽ ആളുകൾക്ക് അന്നും ഇന്നും ഇനി അങ്ങോട്ടും ആക്‌ടിവ തന്നെയായിക്കും. 1999 മുതൽ നമ്മുടെ നിരത്തുകൾ ഭരിക്കാൻ തുടങ്ങിയ ഈ മോഡൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ്.
രണ്ട് ലക്ഷത്തിനും മുകളിലാണ് ആക്‌ടിവയുടെ പ്രതിമാസ വിൽപ്പന കണക്കുകൾ. ഇലക്‌ട്രിക് വിപണിയിൽ ഓലയുടേയും ഏഥറിന്റെയും വളർച്ചയിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും ആക്‌ടിവയുടെ സ്ഥാനം സേഫാക്കാനുള്ള നടപടികൾ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അത്തരത്തിലൊരു നീക്കത്തിന്റെ ഭാഗമായിതാ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) ആക്ടിവയുടെ പുതിയ ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

സ്റ്റാൻഡേർഡ് വേരിയന്റിലും സ്മാർട്ട് വേരിയന്റിലും ലഭ്യമാവുന്ന ഹോണ്ട ആക്‌ടിവയുടെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിന് യഥാക്രമം 80,734 രൂപ, 82,734 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. പരിമിതമായ യൂണിറ്റുകളിൽ മാത്രമെത്തുന്ന സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഹോണ്ടയുടെ റെഡ് വിംഗ് ഡീലർഷിപ്പുകളിലൂടെ ആരംഭിച്ചിട്ടുണ്ടെന്നും ബ്രാൻഡ് വ്യക്തമാക്കി.
സ്കൂട്ടറിൽ 10 വർഷത്തെ വാറണ്ടി പാക്കേജും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. അതായത് ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷനിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിക്കൊപ്പം 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടിയും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും. ആക്‌ടിവ ലിമിറ്റഡ് എഡിഷനായി കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് കമ്പനി വരുത്തിയിരിക്കുന്നത്. എങ്കിലും ഈ പരിഷ്ക്കാരത്തിലൂടെ വാഹനത്തിലേക്ക് പുതുമ കൊണ്ടുവരാൻ ജാപ്പനീസ് ബ്രാൻഡിനായിട്ടുണ്ട്.

പേൾ സൈറൺ ബ്ലൂ, മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് ആക്‌ടിവയുടെ പുത്തൻ ലിമിറ്റഡ് എഡിഷൻ മോഡൽ വിൽക്കുന്നത്. ബോഡി പാനലുകളിൽ ബ്ലാക്ക് ക്രോം ആക്‌സന്റുകളും സ്ട്രിപ്പുകളും ഹോണ്ട ചേർത്തിട്ടുണ്ട്. ആക്ടിവ 3D എംബ്ലത്തിന് പ്രീമിയം ബ്ലാക്ക് ക്രോം ഗാർണിഷാണ് ഇത്തവണ സമ്മാനിച്ചിരിക്കുന്നത്. പിന്നിലെ ഗ്രാബ് റെയിലിന് ബോഡി കളർ ഡാർക്ക് ഫിനിഷും ലഭിക്കുന്നു. ഇതിനുപുറമെ DLX വേരിയന്റിലേക്ക് ഹോണ്ട അലോയ് വീലുകളും ചേർത്തിട്ടുണ്ട്.
അതായത് ട്യൂബ്‌ലെസ് ടയറുകൾ ഉള്ളതിനാൽ സ്കൂട്ടർ കൂടുതൽ പ്രായോഗികമാവുന്നുവെന്ന് സാരം. പതിറ്റാണ്ടുകളായി.പുതിയ ലിമിറ്റഡ് എഡിഷൻ ആക്ടിവയുടെ വരവോടെ തങ്ങളുടെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് പുതുതലമുറയിലുള്ളവരെ കൂടുതൽ ആവേശഭരിതരാക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ലിമിറ്റഡ് എഡിഷന്റെ അവതരണത്തെ കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.

എല്ലാ പ്രായക്കാർക്കിടയിലും ഒരേപോലെ ജനപ്രീതിയുള്ള ആക്‌ടിവ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്കൂട്ടറാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നാം ഇതിന് സാക്ഷ്യംവഹിച്ചതാണെന്നും സുത്സുമു ഒട്ടാനി കൂട്ടിച്ചേർത്തു. മുകളിൽ പറഞ്ഞതുപോലെ കോസ്മെറ്റിക് മാറ്റങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതിനാൽ മെക്കാനിക്കലായി, ആക്ടിവയിൽ ഹോണ്ട മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 109.51 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഇത് നിലനിർത്തുന്നു.
ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുള്ള ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷൻ മോഡൽ ബിഎസ്-VI OBD2 നിലവാരത്തിലാണ് തയാറാക്കിയിരിക്കുന്നകത്. ഹോണ്ടയുടെ റിഫൈൻഡായ 109.51 സിസി എഞ്ചിന് 7.37 bhp കരുത്തിൽ പരമാവധി 8.90 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 60 കിലോമീറ്റർ മൈലേജാണ് കമ്പനി വാഹനത്തിൽ അവകാശപ്പെടുന്നത്.

ഹോണ്ട ആക്ടിവയുടെ സ്റ്റാൻഡേർഡ് പതിപ്പിന് 76,234 രൂപയാണ് ഇന്ത്യയിലെ വില വരുന്നത്. അതേസമയം സ്‌കൂടട്റിന്റെ DLX പതിപ്പിന് 78,734 രൂപയും H-സ്മാർട്ട് വേരിയന്റിന് 82,234 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ലിമിറ്റഡ് എഡിഷന്റെ വരവ് ഉത്സവ സീസണിൽ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. കൂടാതെ വിപണി പിടിക്കാനായി കഴിഞ്ഞ ദിവസം SP125 സ്‌പോർട്ട് എഡിഷനും ഡിയോയുടെ മോട്ടോ ജിപി എഡിഷനും ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications








