ഇലക്‌ട്രിക്കിനിടക്ക് പൂട്ടുകച്ചവടം, ആക്‌ടിവയ്ക്ക് വില കൂട്ടി ഹോണ്ട! പണിയാവുമെന്ന് ആരാധകർ
ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അരങ്ങുവാഴുന്നതിനടയിലും രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ പെട്രോൾ മോഡലുകൾ തന്നെയാണ് ആധിപത്യം പുലർത്തുന്നത്. ഇന്ന് മോട്ടോർസൈക്കിളുകളേക്കാൾ ആളുകൾ കൂടുതലും മുന്‍ഗണന കൊടുക്കുന്നത് സ്‌കൂട്ടറുകൾക്കാണ്. പ്രായോഗികതയും കൊണ്ടുനടക്കാനുള്ള എളുപ്പവുമാണ് ഗിയർലെസ് വണ്ടികളെ ജനപ്രിയരാക്കിയത്.
പോരാത്തതിന് ഹോണ്ട ആക്‌ടിവയുടെ സാന്നിധ്യവും ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്നുണ്ട്. പ്രതിമാസം ലക്ഷക്കണക്കിന് ആക്‌ടിവകളാണ് നമ്മുടെ നിരത്തുകളിലേക്ക് എത്തുന്നത്. കാലത്തിന് അനുസൃതമായ മാറ്റങ്ങളുമായി സ്‌കൂട്ടറിനെ പുതുമയുള്ളതായി നിലനിർത്താനും ജാപ്പനീസ് വാഹന നിർമാതാക്കൾ ശ്രമിക്കാറുണ്ട്. ഇപ്പോൾ വിപണിയിൽ കൂടുതൽ ഇലക്‌ട്രിക് സ്‌കൂട്ടർ ദിനംപ്രതി വിൽപ്പനയിലേക്ക് എത്തുമ്പോൾ മത്സരം കൂടുതൽ കനക്കുകയാണ്. ഈ സാഹചര്യത്തിൽ ആക്‌ടിവയ്ക്കൊന്നും സ്കോപ്പില്ലെന്നാണ് പലരും വിലയിരുത്തിയിരിക്കുന്നത്.

എന്തായാലും വിൽപ്പനയിൽ കാര്യമായ കുറവൊന്നും വരാത്തതിനാൽ ഗിയർലെസ് സ്‌കൂട്ടർ രംഗത്ത് രാജ്യത്ത് വിപ്ലവം തീർത്ത ആക്‌ടിവയുടെ തട്ട് താണുതന്നെയിരിക്കും. ഇപ്പോഴിതാ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡിമാന്റ് കൂടിവരുന്ന സാഹചര്യത്തിൽ ആക്‌ടിവ മോഡലുകളുടെ വില വർധിപ്പിച്ച് റിസ്ക്കെടുത്തിരിക്കുകയാണ് ഹോണ്ട. സ്റ്റാൻഡേർഡ്, 125 സിസി വേരിയന്റുകൾ സ്വന്തമാക്കണമെങ്കിൽ പോക്കറ്റിൽ ഇനി അധികം പണം കരുതണമെന്ന് സാരം.
സ്റ്റാൻഡേർഡ് ആക്‌ടിവയിൽ 811 രൂപ വർധിപ്പിച്ചപ്പോൾ ആക്‌ടിവ 125 മോഡലിന് 1,177 രൂപയാണ് ഹോണ്ട കൂട്ടിയിരിക്കുന്നത്. വില പരിഷ്‌കരണത്തിന് പുറമെ സ്‌കൂട്ടറുകളിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ വർധനവോടെ ആക്‌ടിവക്ക് ഇപ്പോൾ 75,347 രൂപ മുതൽ 81,348 രൂപ വരെ മുടക്കേണ്ടി വരും. അതേസമയം 125 സിസി പതിപ്പിന് 78,920 രൂപ മുതൽ 86,093 രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്.

അതേസമയം ടോപ്പ് എൻഡ് ആക്‌ടിവ 125 H-സ്മാർട്ടിന്റെ വില കമ്പനി വർധിപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതിന്റെ വില 88,093 രൂപയായി തന്നെ തുടരുകയാണ്. നിലവിൽ ആറാംതലമുറ ആവർത്തനത്തിലുള്ള ആക്‌ടിവയുടെ 6G എന്ന പേരിൽ കമ്പനി മാറ്റംവരുത്തിയിരുന്നു. പേരിൽ നിന്ന് 6G എന്ന ടാഗ് അല്ലെങ്കിൽ വാല് ഹോണ്ട ഒഴിവാക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. പകരം ഇനി മുതൽ ആക്‌ടിവയിൽ വാലുകളൊന്നുമില്ലാതെ വെറും ആക്‌ടിവയായി അറിയപ്പെടും.
ഹോണ്ട ആക്‌ടിവയുടെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് എയർ കൂൾഡ് 109 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് പരമാവധി 7.73 bhp പവറിൽ 8.90 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിൽ ഈ സെഗ്മെന്റിൽ ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആക്‌സസ്, യമഹ റേ ZR, ഹീറോ പ്ലഷർ പ്ലസ് എന്നിവയ്‌ക്കെതിരെയാണ് ആക്ടിവ 110 സിസി പതിപ്പിന്റെ പ്രധാന മത്സരം.

അതേസമയം 8.19 bhp കരുത്തിൽ 10.4 Nm torque നിർമിക്കുന്ന 124 സിസി, എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ട ആക്ടിവ 125 ഉപയോഗിക്കുന്നത്. സുസുക്കി ആക്‌സസ് 125, യമഹ ഫാസിനോ 125, ടിവിഎസ് ജൂപ്പിറ്റർ 125, ഹീറോ ഡെസ്റ്റിനി 125 എന്നിവയ്‌ക്കെതിരെയാണ് ഈ വേരിയന്റ് മാറ്റുരയ്ക്കുന്നത്. ഡ്രം, ഡ്രം അലോയ്, ഡിസ്‌ക്, H-സ്മാർട്ട് എന്നിങ്ങനെ നാല് വേരിയന്റുകളിൽ ആക്‌ടിവ 125 സ്വന്തമാക്കാനാവും. പേൾ നൈറ്റ് സ്റ്റാർട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, പേൾ പ്രഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ പുതിയ അഞ്ച് കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്.
അടുത്തിടെ ഹോണ്ട പുറത്തിറക്കിയ ആക്ടിവ 125 H-സ്മാർട്ട് വേരിയന്റും രാജ്യത്ത് ശ്രദ്ധനേടിയെടുത്തിട്ടുണ്ട്. കാറുകളിൽ കാണുന്നതിനു സമാനമായ സ്മാർട്ട് കീ സംവിധാനമാണ് ഇതിലൂടെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് കീ അടിസ്ഥാനപരമായി ഒരു ഇലക്ട്രോണിക് കീ ഫോബാണ്. സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന പുതിയ സ്‌മാർട്ട് കീ സംവിധാനമാണിത്.

രാജ്യത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്ന വേളയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടൂവീലറുകളിൽ ഒന്നായ ആക്‌ടിവയ്ക്ക് വില കൂട്ടിയത് തിരിച്ചടിയായേക്കുമോയെന്നാണ് പലരും നോക്കിക്കാണുന്നത്. ഇതേവിലയിൽ കൂടുതൽ ഇവികൾ ലഭ്യമായിരിക്കുന്നത് പെട്രോൾ അടിക്കുന്ന തുക പോക്കറ്റിൽ കിടിക്കാൻ സാഹായിക്കുന്ന കാര്യമാണ്. ഇതോടൊപ്പം കുറഞ്ഞ പ്രവർത്തന ചെലവും ബോണസാണ്.


Click it and Unblock the Notifications








