പാവങ്ങളുടെ കഫേ റേസർ ബൈക്കുമായി ഹോണ്ട, ഐഡിയ കൊള്ളാം... പക്ഷേ?
ഏറെക്കാലമായി ഇന്ത്യയിലെ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിലെ റോയൽ എൻഫീൽഡിന്റെ ആധിപത്യം തകർക്കാനായി പല കമ്പനികളും ആഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും സംഭവം ഒന്നും അങ്ങ് ക്ലിക്കാവുന്നില്ലെന്നു വേണം പറയാൻ. ജാവക്കും യെസ്‌ഡിക്കും ഒന്നും പഴയപ്രതാപത്തിലേക്ക് ഉയരാനെ സാധിച്ചിട്ടില്ലാത്തതിനാൽ എൻഫീൽഡ് രാജാക്കൻമാരായി വിലസുരകയാണ്.
എന്നാൽ ഹോണ്ട ഹൈനസ് CB350 എന്ന തുറുപ്പുചീട്ടിനെ 2020 സെപ്റ്റംബറിൽ അവതരിപ്പിച്ചപ്പോഴാണ് റോയൽ എൻഫീൽഡിന് ചെറിയ രീതിയിലെങ്കിലും ക്ഷീണം അനുഭവപ്പെട്ടത്. വിപണിയിൽ ഈ ജാപ്പനീസ് സുന്ദരൻ ഹിറ്റായതോടെ ക്ലാസിക് ബൈക്ക് പ്രേമികൾ പലരും ഹോണ്ടയിലേക്ക് ഇരച്ചെത്തുകയുണ്ടായി. പിന്നീട് അൽപം കൂടി വെറൈറ്റി വേണ്ടിയവർക്കായി 2021 ഫെബ്രുവരിയിൽ CB350 അടിസ്ഥാനമാക്കി CB350 RS എന്ന പേരിൽ ഒരു സ്‌ക്രാംബ്ലർ പതിപ്പിനെയും കമ്പനി പുറത്തിറക്കിയിരുന്നു.

ഇതിലേക്കും നിരവധി ആളുകൾ എത്തിയെങ്കിലും 350 സിസി ശ്രേണിയിൽ റോയൽ എൻഫീൽഡ് നേടുന്ന വിൽപ്പന കണക്കുകളുടെ അടുത്തെങ്ങും എത്താൻ ഹോണ്ടക്ക് സാധിച്ചില്ലെന്നതാണ് യാഥാർഥ്യം. പോയ വർഷം ഹണ്ടർ കൂടി എൻഫീൽഡ് ശ്രേണിയിലേക്ക് എത്തിയതോടെ ഹോണ്ടയുടെയും മറ്റ് എതിരാളികളുടെയും അടിതെറ്റുക കൂടിയുണ്ടായി. എന്നാൽ തോറ്റ് പിൻമാറാൻ തയാറാവാത്ത ഹോണ്ട പുതിയൊരു പര്യവേഷണവുമായി വീണ്ടും വിപണിയിലേക്ക് എത്തുകയാണ്. ഇത്തവണയും ഹൈനസിനെ അടിസ്ഥാനമാക്കിയുള്ള മോട്ടോർസൈക്കിളുമായാണ് കമ്പനി വരുന്നത്.
അധികം ദീർഘിപ്പിച്ച് മടുപ്പിക്കുന്നില്ല. CB350 പതിപ്പിന്റെ കഫേ റേസർ മോഡലുമായാണ് ഹോണ്ട ഇത്തവണ പരീക്ഷണത്തിന് മുതിരുന്നത്. 350 സിസി സെഗ്‌മെന്റിലെ ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനായാണ് പുതിയ തീരുമാനത്തിലേക്ക് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ എത്തിയിരിക്കുന്നത്. CB350 അടിസ്ഥാനമാക്കിയുള്ള പുതിയ കഫേ റേസർ മോട്ടോർസൈക്കിൾ ഹോണ്ട ഉടൻ പുറത്തിറക്കും. റോയൽ എൻഫീൽഡിനെ വെല്ലുവിളിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ബ്രാൻഡിന്റെ കണക്കുകൂട്ടൽ.

എന്തായാലും ഈ പുതിയ കഫേ റേസർ ഈ മേഖലയിൽ അതിന്റെ സാധ്യതകൾ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡീലർമാർക്കായി ഈ പുതിയ വേരിയന്റിനെ അവതരിപ്പിച്ചതോടെയാണ് വാർത്ത പ്രചരിച്ചത്. കഫേ റേസർ ശൈലിയിലുള്ള സിംഗിൾ സീറ്റ്, പരിഷ്‌ക്കരിച്ച ഹെഡ്‌ലാമ്പ് കൗൾ, കറുത്ത അലോയ് വീലുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന എഞ്ചിൻ കവറും അതിലെ ക്രോം ഹോണ്ട ലോഗോയുമെല്ലാമാവും ബൈക്കിനെ വേറിട്ടു നിർത്തുക. മോട്ടോർസൈക്കിളിന്റെ നിയോ റെട്രോ ലുക്ക് എത്രത്തോളം ആളുകളെ ആർഷിക്കുമെന്ന കാര്യം കണ്ടറിയണം.
വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്‌കൾപ്‌റ്റ് ചെയ്‌ത ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, ക്രോം ഫിനിഷ് എക്‌സ്‌ഹോസ്റ്റ്, അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ വരാനിരിക്കുന്ന പുതിയ കഫേ റേസർ ബൈക്കിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടും. സ്മാർട്ട്ഫോൺ ചാർജിംഗ് യുഎസ്ബി പോർട്ടും ഇതിലുണ്ടെന്നതും യുവതലമുറയെ ആകർഷിക്കാൻ സഹായിച്ചേക്കും. ഹൈനസ് CB350 മോഡലിനെ അപേക്ഷിച്ച് മെക്കാനിക്കൽ വശങ്ങളിലൊന്നും യാതൊരുവിധ പരിഷ്ക്കാരങ്ങളും ഉണ്ടായിരിക്കില്ല.

ആയതിനാൽ ഹോണ്ടയുടെ 350 സിസി കഫേ റേസറിലും ഹൈനസിന്റെ അതേ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക. 5500 rpm-ൽ പരമാവധി 21.07 bhp പവറും 3000 rpm-ൽ 30 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ അഞ്ചു സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത മെച്ചപ്പെടുത്താനുമായി ബ്രേക്കിംഗ്, സസ്പെൻഷൻ പോലുള്ള ഘടകങ്ങളും ഇരു മോഡലുകളും തമ്മിൽ പങ്കിടും.
CB350 പോലെ അതിന്റെ കഫേ റേസർ പതിപ്പിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും, ഡ്യുവൽ ചാനൽ എബിഎസ്, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം (HSVCS) എന്നിവ പോലുള്ള ഫീച്ചർ നിരയും ഹോണ്ട അവതരിപ്പിക്കുമെന്ന് ഉറപ്പാണ്. ഇൻസ്ട്രുമെന്റ് കൺസോളും സമാനമായിരിക്കാം. ഇത് ശരാശരി മൈലേജ്, ലൈവ് മൈലേജ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംറ്റി, ബാറ്ററി വോൾട്ടേജ് തുടങ്ങിയ വിവരങ്ങളുടെ ഒരു ശ്രേണിയാവും പ്രദർശിപ്പിക്കുക.

ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 2.20 ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെയായിരിക്കും ഹോണ്ട പുതിയ കഫേറേസർ 350 പതിപ്പിനായി തീരുമാനിക്കുന്ന വില. അടുത്ത മാസത്തോടെ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബൈക്ക് ഹിറ്റാവാനുള്ള സാധ്യത കുറവാണ്. കാരണം ആരേയും ആകർഷിക്കാൻ തക്ക വിധമുള്ള അഴക് ഒന്നും ഇതിനില്ലെന്നതാണ് കാരണം. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നൽകുന്ന ഫോർമുലയാണ് ഹോണ്ട ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications








