എൻടോർഖിന് പണികിട്ടി, 125 സിസി കരുത്തിൽ പുത്തൻ ഹോണ്ട ഡിയോ വിപണിയിൽ
ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയെ അതികായകൻമാരാക്കിയ മോഡലുകളാണ് ആക്‌ടിവയും ഡിയോയും. ആദ്യത്തെ താരം സെഗ്മെന്റിന്റെ നെറുകയിലെത്തിയപ്പോൾ ഡിയോയുണ്ടാക്കി എടുത്ത ഓളം അതൊന്ന് വേറെയായിരുന്നു. ഫാമിലി ഉപഭോക്താക്കളാണ് ആക്‌ടിവയിലേക്ക് എത്തിയതെങ്കിൽ ഡിയോയെ സ്വന്തമാക്കാൻ വന്നവർ യുവാക്കളും കൗമാരക്കാരുമായിരുന്നു. ശരിക്കും സ്പോർട്ടി സ്‌കൂട്ടർ എന്ന വിശേഷണം നേടിയ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹോണ്ട ഡിയോ.
എന്നാൽ കൂടുതൽ ഫ്രീക്കൻ സ്പോർട്ടി സ്‌കൂട്ടറുകൾ വിപണിയിലെത്തിയതോടെ ഡിയോയുടെ പ്രതാപം പതിയെ ഇടിഞ്ഞു. പ്രത്യേകിച്ച് 125 സിസി സെഗ്മെന്റിന്റെ വളർച്ചയോടെ. പണ്ട് ഡിയോയ്ക്കുണ്ടായിരുന്ന ഡിമാന്റ് ഇന്ന് ടിവിഎസ് എൻടോർഖിനാണ് സ്വന്തം. എന്നാൽ പഴയ പ്രതാപം തിരികെ പിടിക്കാനായി ഡിയോയുടെ ഹൃദയം മാറ്റിവെച്ചിരിക്കുകയാണ് ജാപ്പനീസ് ടൂവീലർ ബ്രാൻഡ്. അതായത് 125 സിസി എഞ്ചിനുമായി പുതുപുത്തൻ ഹോണ്ട ഡിയോ ഇന്ത്യയിലെത്തിയെന്നാണ് പറഞ്ഞുവരുന്നത്.

സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്. ഡിയോ 125 വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന മോഡലിനെ അനുസരിച്ച് 83,400 രൂപ മുതൽ 91,300 രൂപ വരെ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് സ്കൂട്ടർ വരുന്നത്. എന്നാൽ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടി തെരഞ്ഞെടുത്ത് ഉടമയ്ക്ക് 10 വർഷം വരെ നീട്ടാൻ കഴിയും.
ഡിസൈനിലേക്ക് നോക്കിയാൽ ഗ്രാസിയയും ഡിയോയും കൂടികലർന്ന ശൈലിയാണ് ഇപ്പോൾ ഡിയോ 125 പതിപ്പിനുള്ളത്. എന്നാൽ കാഴ്ച്ചയിൽ പുതുമ നൽകുന്നതിനായി പുതിയ ഗ്രാഫിക്‌സ് പ്രയോഗങ്ങളും കളർ ഓപ്ഷനുകളുമാണ് ഹോണ്ട അവതരിപ്പിക്കുന്നത്. സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, സൈലന്റ് സ്റ്റാർട്ടർ, ഡിജിറ്റൽ ഡാഷ്, എൽഇഡി ഹെഡ്‌ലൈറ്റ് എന്നിങ്ങനെയുള്ള പ്രയോഗിക ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ ഡിയോ 125 . പുതിയ ട്വിൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോഡലിനെ വേറിട്ടു നിർത്തുന്നുണ്ട്.

ശരാശരി ഇന്ധനക്ഷമത, തത്സമയ ഇന്ധനക്ഷമത, ട്രിപ്പ്മീറ്റർ, ക്ലോക്ക്, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവ കാണിക്കുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണിത്. സ്മാർട്ട് വേരിയന്റിൽ ഹോണ്ടയുടെ H-സ്മാർട്ട് കീ സംവിധാനവും വരുന്നുണ്ട്. അതിൽ അഞ്ച് ഫംഗ്ഷനുകൾ ഒരു റോട്ടറി നോബിലേക്ക് സംയോജിപ്പിക്കുന്ന ഒരു ലോക്ക് മോഡ് ഫീച്ചർ ചെയ്യുന്നു.
വലിയ 18 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്പും ഇത് തുറക്കുന്നതിനുള്ള ഡ്യുവൽ-ഫംഗ്ഷൻ സ്വിച്ചും പോലുള്ള പ്രായോഗിക സവിശേഷതകളാണ് പുതിയ ഹോണ്ട ഡിയോ 125 പതിപ്പിന്റെ മറ്റ് പ്രത്യേകതകൾ. മുൻവശത്ത് ഒരു ഡിസ്കും പിന്നിൽ ഒരു ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകളും ഓഫറിലുണ്ട്.

ഗ്രാസിയയിലും ആക്‌ടിവ 125 വേരിയന്റിലും കാണപ്പെടുന്ന അതേ എഞ്ചിനാണ് ഡിയോ 125 സ്‌കൂട്ടറിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഈ എഞ്ചിൻ ഏകദേശം 8.19 bhp പവറിൽ പരമാവധി 10.4 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ചാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹോണ്ടയുടെ ഇഎസ്പി, ഓട്ടോമാറ്റിക് ചോക്ക് സിസ്റ്റം, ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷണാലിറ്റിയും പുതിയ ഡിയോയിലുണ്ട്.
പുതിയ 125 സിസി മോഡലായി രൂപമെടുത്ത പുത്തൻ ഹോണ്ട ഡിയോ 125 രാജ്യത്തെ യുവ ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും പ്രസിഡന്റും സിഇഒയുമായ സുറ്റ്‌സുമു ഒട്ടാനി പറഞ്ഞു. കരുത്തുറ്റ എഞ്ചിനുമപ്പുറം ആഗോളതലത്തിൽ പ്രശംസ നേടിയ ഹോണ്ട സ്മാർട്ട്കീ ഉൾപ്പെടെയുള്ള മെച്ചപ്പെടുത്തിയ സ്‌പോർട്ടി ഡിസൈനും അത്യാധുനിക സാങ്കേതികവിദ്യയും വാഹനം അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








