H-സ്‌മാർട്ട് ശ്രേണി ഹിറ്റ്, കീലെസ് ഫീച്ചറുമായി ഹോണ്ട ഡിയോയും വിപണിയിലേക്ക്
ഒരു കാലത്ത് ഇന്ത്യൻ യുവജനതയുടേയും കോളേജ് വിദ്യാർഥികളുടെയും വികാരമായിരുന്നു ഹോണ്ട ഡിയോ. യുവതലമുറയുടെ ഇടയിൽ സ്‌കൂട്ടറുകൾക്ക് ഇന്നുള്ള പ്രാധാന്യം വളർത്തിയെടുത്തതും ഡിയോയാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഒന്നാം തലമുറയിലും രണ്ടാം തലമുറ ആവർത്തനത്തിലുമെല്ലാം ഇത്രയും ഓളമുണ്ടാക്കിയെടുത്ത വേറൊരു മോഡുമില്ലെന്നും വേണമെങ്കിൽ പറയാം.
ഡിയോയുടെ സ്പോർട്ടി ഡിസൈൻ ശൈലിയാണ് വാഹനത്തെ വേറിട്ടുനിർത്തിയത്. കാലഘട്ടം മാറിയതോടെ ആളുകൾ കൂടുതൽ ഫീച്ചറുകളുള്ള സ്‌കൂട്ടറുകളും മോഡലുകളും തേടിപ്പോയതോടെ പണ്ടത്തെ പ്രതാപമൊന്നും ഇപ്പോഴത്തെ ഡിയോയിക്കില്ലെന്നു വേണം പറയാൻ. എന്നാൽ ഒരു സാധാരണക്കാരന്റെ ദൈനംദിന ജീവിത ഉപയോഗത്തിന് ആവശ്യമായ എല്ലാകാര്യങ്ങളും ഹോണ്ടയുടെ ഈ മോഡൽ ഇന്നും നൽകുന്നുണ്ടെന്ന് വേണം പറയാൻ. ഡിയോയുടെ വില്ലനായി ടിവിഎസ് എൻടോർഖ് വാഴാനെത്തിയതാണ് ഡിയോയ്ക്ക് വിനയായത്.

എന്നാൽ കൂടുതൽ പ്രായോഗിമായ ഒരു ഫീച്ചർ അവതരിപ്പിച്ചുകൊണ്ട് ഡിയോ സ്‌കൂട്ടറിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയിപ്പോൾ. തലക്കെട്ടിൽ സൂചിപ്പിച്ചപോലെ H-സ്‌മാർട്ട് സാങ്കേതികവിദ്യയോടെ മോഡലിനെ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ആക്ടിവയിലൂടെ അരങ്ങേറ്റം കുറിച്ച H-സ്മാർട്ട് സാങ്കേതികവിദ്യ ഇന്ന് ജനപ്രിയമായി മാറിയിരിക്കുകയാണ്.
ആക്‌ടിവ 6G വേരിയന്റിലൂടെ വിപണിയിലെത്തിയ H-സ്‌മാർട്ട് സാങ്കേതികവിദ്യ പിന്നീട് ആക്‌ടിവ 125 മോഡലിലും ഹോണ്ട അവതരിപ്പിച്ചു. ഇതും ഹിറ്റായതോടെയാണ് കീലെസ് എൻട്രി പോലുള്ള സ്മാർട്ട് ഫീച്ചറുകളോടെ ഡിയോയും ഒരുക്കാമെന്ന് കമ്പനി തീരുമാനമെടുത്തത്. ആക്ടിവയിൽ ചെയ്തതുപോലെ H-സ്മാർട്ട് വേരിയന്റും ഡിയോയിലേക്ക് കീലെസ് പ്രവർത്തനക്ഷമതയും അലോയ് വീലുകളും കൊണ്ടുവരും.

സ്മാർട്ട് കീ അടിസ്ഥാനപരമായി ഒരു ഇലക്ട്രോണിക് കീ ഫോബാണ്. സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന പുതിയ സ്‌മാർട്ട് കീ സംവിധാനമാണിത്. സ്‌മാർട്ട് കീയിലെ ആൻസർ ബാക്ക് സിസ്റ്റം സ്‌കൂട്ടർ തിരക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിലെല്ലാം എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായകരമാവുന്ന സവിശേഷതയാണിത്. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ നാല് ഇൻഡിക്കേറ്ററുകളും മിന്നിമറയുന്ന രീതിയാണിത്.
സ്മാർട്ട് അൺലോക്ക് ഫീച്ചർ കീ ഫോബ് ഉപയോഗിച്ച് ഹാൻഡിൽബാർ, ഫ്യൂവൽ ഫില്ലർ ക്യാപ്, അണ്ടർസീറ്റ് സ്റ്റോറേജ് യൂണിറ്റ് എന്നിവ അൺലോക്ക് ചെയ്യാനും സഹായിക്കും. എന്നാൽ ഇതിനെല്ലാം സ്മാർട്ട് കീ വാഹനത്തിന്റെ 2 മീറ്റർ പരിധിക്കുള്ളിലായിരിക്കണം എന്നുമാത്രം. മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ഡിയോ H-സ്മാർട്ട് പതിപ്പിലേക്ക് എത്തിയേക്കില്ലെന്നാണ് സൂചന. 110 സിസി സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ സിപ്പിംഗ് പെട്രോള്‍ എഞ്ചിൻ തന്നെയാവും സ്‌കൂട്ടറിന് തുടിപ്പേകാൻ എത്തുക.

ഇത് 8,000 rpm-ല്‍ 7.65 bhp കരുത്തും 4,750 rpm-ല്‍ 9 Nm പവറും നല്‍കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിന് ഹോണ്ടയുടെ പ്രൊപ്രൈറ്ററി eSP സാങ്കേതികവിദ്യയും ലഭിക്കുന്നു. മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിനെയാണ് eSP എന്നുവിളിക്കുന്നത്. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫംഗ്ഷന്‍ സ്വിച്ച്, എക്സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, പാസിംഗ് സ്വിച്ച്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ (എഞ്ചിന്‍ കട്ട്-ഓഫ് ഉള്ളത്) എന്നിവ ഉള്‍പ്പെടുന്നു.
സ്റ്റാൻഡേർഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുത്തൻ ഹോണ്ട ഡിയോ വിൽപ്പനയ്ക്ക് എത്തുന്നത്. ഹാലൊജൻ ഹെഡ്‌ലൈറ്റുകൾക്ക് പകരം എൽഇഡി യൂണിറ്റാണ് ഡീലക്‌സ് വേരിയന്റിലെ ആകർഷണം. ഇത് കൂടാതെ കൂടാതെ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡീലക്‌സ് പതിപ്പിൽ കിട്ടും. നിലവിൽ, ഹോണ്ട ഡിയോയുടെ സ്റ്റാൻഡേർഡ് വേരിയന്റിന് 68,625 രൂപയും DLX വേരിയന്റിന് 72,626 രൂപയുമാണ് വില.
H-സ്മാർട്ട് വേരിയന്റിന് മറ്റ് രണ്ട് ഹോണ്ട സ്കൂട്ടറുകളിൽ ചെയ്യുന്നതുപോലെ DLX വേരിയന്റിനേക്കാൾ ചെറിയ തോതിൽ അധിക വില നൽകേണ്ടി വരും. ലോഞ്ച് ചെയ്യുമ്പോൾ ഈ കീലെസ് ഫംഗ്‌ഷണാലിറ്റിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന സ്‌കൂട്ടറായിരിക്കും ഡിയോ. ഇന്ത്യയിൽ ഹീറോ പ്ലെഷര്‍ പ്ലസ്, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110, ടിവിഎസ് ജുപ്പിറ്റര്‍ 110, ഹോണ്ട ആക്ടിവ, ഹീറോ സൂം എന്നീ സ്‌കൂട്ടറുകളുമായാണ് ഡിയോ മത്സരിക്കുന്നത്.


Click it and Unblock the Notifications








