ആക്‌ടിവ വാങ്ങാൻ പറ്റിയസമയം തന്നെ, ഹോണ്ടയുടെ ഗംഭീര ഓഫറുകൾ അറിഞ്ഞോ?
വണ്ടികമ്പനി മുതലാളിമാർ കാത്തിരുന്ന ആഘോഷ നാളുകൾക്ക് ഇന്ത്യയിൽ കൊടിയേറിക്കഴിഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹന വിൽപ്പന നടക്കുന്ന സമയമാണ് ഒക്‌ടോബർ-നവംബർ മാസങ്ങൾ. നവരാത്രിയും, ദീപാവലിയും പോലുള്ള ആഘോഷങ്ങൾ നടക്കുന്ന വേള പുതിയ വാഹനങ്ങൾ സ്വന്തമാക്കാനുള്ള ഏറ്റവും നല്ല സമയമാണെന്നാണ് വിശ്വാസം. വടക്കേ ഇന്ത്യയിലാണ് കൂടുതൽ ആഘോഷങ്ങളെങ്കിലും ഇങ്ങിവിടെ കേരളത്തിൽ വരെ കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും ബ്രാൻഡുകൾ നൽകാറുണ്ട്.
ഹീറോയും സുസുക്കിയും യമഹയും പോലുള്ള രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കൾ കഴിഞ്ഞ ദിവസം ഗംഭീര ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഉത്സവ സീസണിനെ വരവേറ്റിരുന്നു. ഇതിനു പിന്നാലെയിതാ ജാപ്പനീസ് ടൂവീലർ ബ്രാൻഡായ ഹോണ്ടയും ഇന്ത്യൻ ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. അതും ഏറ്റവും ജനപ്രിയമായ ആക്‌ടിവ സ്‌കൂട്ടറിൽ വരെ ബ്രാൻഡ് ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതാണ് ഹൈലൈറ്റ്.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഉത്സവ സീസണിലേക്കായി പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക ഓഫറുകൾ ഏതെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?. പുതിയ ഹോണ്ട ടൂവീലർ വാങ്ങുന്നവർക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക്, സീറോ ഡൗൺ പേയ്മെന്റ്, നോ കോസ്റ്റ് ഇഎംഐ, ഫിനാൻസ് എടുക്കുന്നവർക്കായി 6.99 ശതമാനത്തിന്റെ കുറഞ്ഞ പലിശ നിരക്ക്, ഹൈപ്പോതെക്കേഷൻ എന്നിവയാണ് ഈ മാസം വാഗ്ദാനം ചെയ്യുന്നത്.
അതേസമയം ഹോണ്ട ഷൈൻ 100 കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനായി ബ്രാൻഡ് '100 പേ 100' എന്ന കിടിലൻ ഓഫറും നൽകുന്നുണ്ട്. ഈ ഓഫറുകൾ പരിമിതമായി മാത്രമേ ലഭ്യമാകൂ എന്നതും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ മാത്രം 30 ലക്ഷം വിൽപ്പനയെന്ന നേട്ടവും കഴിഞ്ഞ ദിവസം ബ്രാൻഡ് പൂർത്തിയാക്കിയിരുന്നു.
നിലവിൽ മോഡൽ ലൈനപ്പിനെ പുതിയ കാലത്തിനൊത്ത് പരിഷ്ക്കരിച്ച് വിപണിയിൽ പുനരവതരിപ്പിക്കുന്ന തിരക്കിലാണ് ഹോണ്ട.

നിലവിലുണ്ടായിരുന്ന പതിപ്പുകളേക്കാൾ കുറഞ്ഞ വിലയിൽ മിക്ക മോട്ടോർസൈക്കിളുകളും അവതരിപ്പിക്കുന്നതും കമ്പനിയുടെ പുതുതന്ത്രമാണ്. ഉത്സവ സീസണിന് മുന്നോടിയായി ആക്ടിവയുടെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലും ഹോണ്ട കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന പെട്രോൾ സ്‌കൂട്ടറിന് യഥാക്രമം 80,734 രൂപ, 82,734 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
ലിമിറ്റഡ് എഡിഷൻ മോഡലിലേക്ക് ചില കോസ്മെറ്റിക് നവീകരണങ്ങൾ മാത്രമാണ് ഹോണ്ട പരിചയപ്പെടുത്തിയിരിക്കുന്നത്. പേൾ സൈറൺ ബ്ലൂ, മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് ലിമിറ്റഡ് എഡിഷൻ ആക്‌ടിവയെ ഹോണ്ട വിൽക്കുന്നത്. ബോഡി പാനലുകളിൽ ബ്ലാക്ക് ക്രോം ആക്‌സന്റുകളും സ്ട്രൈപ്പുകളും ഹോണ്ട ചേർത്തത് ലുക്കിന് പുതുമ കൊണ്ടുവരുന്നുണ്ട്.

ആക്ടിവ 3D എംബ്ലത്തിന് പ്രീമിയം ബ്ലാക്ക് ക്രോം ഗാർണിഷ് ലഭിക്കുന്നതാണ് മറ്റൊരു പരിഷ്ക്കാരം. പിന്നിലെ ഗ്രാബ് റെയിലിന് ബോഡി കളർ ഡാർക്ക് ഫിനിഷും ലഭിക്കുന്നു. ഇതിനുപുറമെ ആക്ടിവ ലിമിറ്റഡ് എഡിഷൻ DLX വേരിയന്റിലേക്ക് ഹോണ്ട ഒരു പുതിയ അലോയ് വീലുകളും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ട്യൂബ്‌ലെസ് ടയറുകൾ ഉള്ളതിനാൽ അതിന്റെ ആശങ്കകളും ഒഴിവാക്കാൻ ജാപ്പനീസ് ബ്രാൻഡിന് സാധിച്ചു.
പരിമിതമായ യൂണിറ്റുകളിൽ മാത്രമായാണ് ആക്‌ടിവയുടെ പുത്തൻ ലിമിറ്റഡ് എഡിഷൻ മോഡലുകളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഹോണ്ടയുടെ റെഡ് വിംഗ് ഡീലർഷിപ്പുകളിലൂടെ ആരംഭിച്ചിട്ടുണ്ട്. സ്കൂട്ടറിൽ 10 വർഷത്തെ വാറണ്ടി പാക്കേജും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. അതായത് ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷനിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിക്കൊപ്പം 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടിയും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

ഹോണ്ട അടുത്തിടെ ഇന്ത്യൻ വിപണിയിൽ CB300R നേക്കഡ് സ്പോർട്‌സ് ബൈക്കിന്റെ OBD2-കംപ്ലയിന്റ് പതിപ്പും അവതരിപ്പിച്ചു. ഇതിന്റെ എക്സ്ഷോറൂം വില 2.40 ലക്ഷം രൂപയാണ്. ഇത് മുമ്പത്തെ വിലയേക്കാൾ 37,000 രൂപ കുറവാണെന്നതാണ് ഹൈലൈറ്റ്. DOHC സജ്ജീകരണവും ലിക്വിഡ് കൂളിംഗും ഉപയോഗിക്കുന്ന 286 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്.
ഇത് 9,000 rpm-ൽ പരമാവധി 29.98 bhp പവറും 7,500 rpm-ൽ 27.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് പുതുക്കിയ OBD2-കംപ്ലയിന്റ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ബജാജ് ഡൊമിനാർ 400, ടിവിഎസ് അപ്പാച്ചെ RTR 310, കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G310 R പോലുള്ള വമ്പൻമാരുമായാണ് ഹോണ്ട CB300R മോഡൽ മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








