ഈ കാശിന് 10 സ്വിഫ്റ്റ് വാങ്ങിയിടാം, ഉലകം ചുറ്റാൻ 50 ലക്ഷത്തിന്റെ പുത്തൻ ടൂറിംഗ് ബൈക്കുമായി ഹോണ്ട
ബൈക്കിൽ ഒരു ട്രിപ്പടിച്ചാലോ എന്ന് ആലോചിക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുക റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ കാര്യമായിരിക്കും അല്ലേ. സാധാരണക്കാർക്ക് അതൊക്കെയല്ലേ പറ്റൂ. എന്നാൽ ജീവതത്തിൽ ഒരിക്കലെങ്കിലുമൊരു പ്രീമയം മോട്ടോർസൈക്കിളുമായി ദീർഘദൂര യാത്രകൾ പോണം. അപ്പോഴാണ് എന്താണ് ശരിക്കും ടൂവീലർ യാത്രകൾ തരുന്ന വൈബ് എന്നു മനസിലാക്കാം.
ടൂറിങ് അനുഭവത്തിന്റെ നിലവാരം മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിയുന്ന മോട്ടോർസൈക്കിളാണ് ഹോണ്ടയുടെ ഗോൾഡ് വിംഗ്. മല്ലു ട്രാവലിറിലൂടെയാണ് കേരളത്തിലുള്ളവർക്ക് ഈ ബൈക്കിനെ കുറിച്ച് കൂടുതലായും അറിയാവുന്നത്. കാറുകളിൽ സഞ്ചരിക്കുന്നതുപോലുള്ള യാത്രാ സുഖമാണ് ഈ പടുകൂറ്റൻ മോട്ടോർസൈക്കിൾ സമ്മാനിക്കുന്നത്. സാധാരണ ബൈക്കുകളുടെ ഒരു സ്വഭാവവും ഇല്ലാത്ത ഇത് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ തുറുപ്പുചീട്ടുകളിൽ ഒന്നുകൂടിയാണ്.

ഇപ്പോഴിതാ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ മുൻനിര മോട്ടോർസൈക്കിളായ ഗോൾഡ് വിംഗ് ടൂറിന്റെ പുതിയ മോഡലിനെ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) രാജ്യത്ത് എത്തിക്കുന്ന വാഹനത്തിന് 39.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. റോഡ് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി ഇതിന് ഏകദേശം 50 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വിലയായി വരുന്നത്.
ഹോണ്ടയുടെ ബിഗ്‌വിംഗ് ടോപ്പ് ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രമേ ഈ ബൈക്ക് വിൽക്കൂ. ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക് കളർ സ്കീമിൽ മാത്രമാണ് ഗോൾഡ് വിംഗ് ടൂർ വാങ്ങാനാവൂ. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ടൂറിംഗ് മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഗോൾഡ് വിംഗ്. അതിന്റെ വിപുലമായ ഫീച്ചർ ലിസ്റ്റ്, വിശ്വാസ്യത, സുഖസൗകര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഇതിനെ വെല്ലാൻ മറ്റൊരു ബൈക്ക് ലോകത്തുണ്ടോയെന്ന് വരെ സംശയമാണ്.

രണ്ട് വീലുകൾ മാത്രമുള്ള ഇതിന് ഏകദേശം 390 കിലോഗ്രാം ഭാരമാണ് വരുന്നത്. പാർക്ക് ചെയ്യാനൊക്കെ ഒരു കാറിന്റെ സ്ഥലം വേണ്ടിവരുമെന്നതും ഓർമിക്കണേ. മാത്രമല്ല പാർക്കിംഗിൽ കാലുകൊണ്ട് ഉന്തിതള്ളിവെക്കാനൊന്നും പറ്റത്തുമില്ല. പക്ഷേ പ്രായോഗികതയും ഉപയോഗവും വർധിപ്പിക്കാനായി ഹോണ്ട വാഹനത്തിൽ ക്രീപ്പ് ഫോർവേഡ് ആൻഡ് ബാക്ക് ഫംഗ്ഷൻ നൽകുന്നുണ്ട്. ഇത് കുറഞ്ഞ വേഗതയിൽ ഗോൾഡ് വിംഗിനെ മുന്നിലേക്കും പിന്നിലേക്കും നീക്കാൻ സഹായിക്കും.
ഫുൾ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കുള്ള പിന്തുണയുള്ള ഏഴ് ഇഞ്ച് കളർ ടിഎഫ്‌ടി ഡിസ്‌പ്ലേ, എക്സ്റ്റൻഡഡ് ചെയ്യാനാവുന്ന ഇലക്ട്രിക് വിൻഡ്‌ഷീൽഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എയർബാഗ്, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, കൂടാതെ മറ്റ് നിരവധി ഉപകരണങ്ങൾ പോലുള്ള ഹൈടെക് ഫീച്ചറുകളുമായാണ് ബൈക്ക് വരുന്നത്.
1833 സിസി, ലിക്വിഡ് കൂൾഡ്, 24-വാൽവ് എഞ്ചിനാണ് ഹോണ്ട ഗോൾഡ്‌വിംഗ് ടൂറിന്റെ ഹൃദയം. ഇത് 125 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫ്ലാറ്റ് സികിസ് സിലിണ്ടർ എഞ്ചിൻ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് (DCT) ജോടിയാക്കിയിരിക്കുന്നത്. അതായത് സ്‌കൂട്ടർ ഓടിക്കുന്നതു പോലെ കൊണ്ടുനടക്കാനാവുമെന്ന് സാരം.
മുകളിൽ പറഞ്ഞതുപോലെ സൗകര്യത്തിനായി ക്രീപ്പ് ഫോർവേഡ് ആൻഡ് ബാക്ക് ഫംഗ്‌ഷനും മോട്ടോർസൈക്കിളിന്റെ സവിശേഷതയാണ്. ഗോൾഡ്‌വിംഗ് ടൂർ ഒരു ത്രോട്ടിൽ-ബൈ-വയർ സിസ്റ്റം പോലെയുള്ള ഇലക്‌ട്രോണിക്‌സ്, ടൂർ, സ്‌പോർട്ട്, ഇക്കോൺ, റെയിൻ എന്നീ നാല് റൈഡിംഗ് മോഡുകൾ പോലുള്ള സംവിധാനങ്ങളും ഹെവി മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിട്ടുണ്ട്. റൈഡറിന്റെ അധിക സുരക്ഷക്കായി എയർബാഗിന്റെ അകമ്പടിയും വാഹനത്തിലുണ്ട്.
ഡ്യുവൽ കംബൈൻഡ് ബ്രേക്ക് സിസ്റ്റം (D-CBS), ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും പുതിയ ഹോണ്ട ഗോൾഡ് വിംഗിന്റെ പ്രത്യേകതയാണ്. ഇന്ത്യയിൽ പുതിയ ഗോൾഡ് വിംഗ് ടൂർ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഹോണ്ട ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ, പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.
വർഷങ്ങളായി ഗോൾഡ് വിംഗ് അതിന്റെ ഹൈടെക് ഫീച്ചറുകളും അതീവ സുഖപ്രദമായ റൈഡിംഗ് അനുഭവവും ഉപയോഗിച്ച് ഇരുചക്രങ്ങളിൽ ആഡംബര ടൂറിങ് എന്ന ആശയം പുനർനിർവചിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഗോൾഡ് വിംഗ് ടൂർ യാത്ര ഇഷ്‌ടപ്പെടുന്നവരെ ആവേശഭരിതരാക്കുമെന്നും അവരുടെ ടൂറിംഗ് അനുഭവത്തിന്റെ നിലവാരം വേറൊരു തലത്തിൽ എത്തിക്കുമെന്നും ഉറപ്പാണെന്നും സുത്സുമു ഒട്ടാനി അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications








