സ്യൂട്ട്കേസ് പോലെ കൊണ്ടുനടക്കാം, വൈറലായി ഹോണ്ടയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ലോകം കീഴടക്കുമ്പോൾ ആദ്യ കാലത്ത് ഏറ്റവും ശ്രദ്ധേയമായിരുന്നത് അവയുടെ ഡിസൈൻ തന്നെയായിരുന്നു. പരമ്പരാഗത വണ്ടികളിൽ നിന്നും വളരെ വ്യത്യസ്‌തമായ സ്റ്റൈലിംഗുള്ള മോഡലുകളാണ് ഇവി സെഗ്മെന്റിനെ ഭരിച്ചിരുന്നത്. എന്നാൽ ആധുനിക കാലത്തോട് കിടപിടിക്കുന്ന രീതിയിൽ പിന്നീട് ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലുമായി പലതരം മോഡലുകൾ വൈദ്യുത വാഹന ഗംരത്തെത്തി. ഇപ്പോൾ സാധാരണ വണ്ടികൾ പോലെ കാണാൻ തുടങ്ങിയ ഇവ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി വരെ മാറി.
ഇന്ന് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ സാധാരണ കാഴ്ച്ചയാണെങ്കിലും ഡിസൈനിലെ വൈരുധ്യം കാരണം പല വാഹനങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മോഡലാണ് ഇന്റർനെറ്റിലെ ചർച്ചാവിഷയം. സ്യൂട്ട്കേസ് പോലെ കൊണ്ടുനടക്കാനാവുന്ന ഹോണ്ടയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറാണ് വൈറലായിരിക്കുന്നത്. 1980 കളുടെ തുടക്കത്തിൽ മോട്ടോകോംപാക്ടോ എന്നൊരു കുഞ്ഞൻ വാഹനം ചൈനയിൽ പ്രചാരത്തിലുണ്ടായിരുന്നു. അതിന്റെ ഓർമക്കായാണ് ഇപ്പോൾ ഇലക്ട്രിക് രൂപത്തിൽ മോട്ടോകോംപാക്‌ടോ ജാപ്പനീസ് ബ്രാൻഡ് തിരികെ എത്തിച്ചിരിക്കുന്നത്.

ഒറ്റ ചാർജിൽ 19 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഹോണ്ടയുടെ പുതിയ ഫോൾഡിംഗ് ഇലക്‌ട്രിക് സ്‌കൂട്ടർ വിദേശത്തെ സ്ട്രീറ്റ് റൈഡിംഗിനെല്ലാം ശരിക്കും ഉപകാരപ്രദവും പ്രായോഗികവുമാണ്. ഇനി ഇവൻ ഇന്ത്യയിൽ എത്തുമോ എന്നതാണ് നമുക്ക് കാത്തിരുന്നു കാണേണ്ട കാര്യം. മാത്രമല്ല, ഇത് മടക്കാവുന്നതും ആധുനിക നഗര യാത്രക്കാർക്ക് രസകരമായ ഒരു റൈഡ് സൊല്യൂഷനുമായി കാണപ്പെടുന്നതിനാൽ നമ്മുടെ തിരക്കേറിയ ബെംഗളൂരു പോലുള്ള നഗരങ്ങൾക്കും ഈ മോട്ടോകോംപാക്ടോ അനുയോജ്യമായിരിക്കും.
എന്തിന് കൊച്ചിയിൽ പോലും മികച്ച രീതിയിൽ ഇതിനെ ഉപയോഗിക്കാൻ കഴിയും. ഒതുക്കമുള്ള വലിപ്പം ഉണ്ടായിരുന്നിട്ടും മോട്ടോകോംപാക്ടോ ശൈലിയിൽ വിട്ടുവീഴ്ച്ച ചെയ്യുന്നില്ലെന്നതും ആളുകളെ അടുപ്പിക്കാൻ കാരണമാവും. കാലാതീതമായ മനോഹാരിത പ്രദർശിപ്പിക്കുന്ന പൂർണമായും വൈറ്റ് ബോഡി കളർ ഓപ്ഷനുള്ള ഒരു റെട്രോ സൗന്ദര്യാത്മകതയാണ് ഹോണ്ടയുടെ ഫോൾഡബിൾ ഇലക്‌ട്രിക് സ്‌കൂട്ടറിൽ നിലനിർത്തിയിരിക്കുന്നത്.

ഈ നൂതന ഇവിക്ക് പിന്നിൽ ഒഹായോ, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നുള്ള ഹോണ്ട എഞ്ചിനീയർമാരാണ് പ്രവർത്തിച്ചിരിക്കുന്നത്. അവർ അതിന്റെ രൂപകൽപ്പനയിൽ 32 പേറ്റന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. മോട്ടോകോംപാക്ടോയുടെ പ്രത്യേകത, ഒതുക്കമുള്ളതും ഭാരം കുറഞ്ഞതും സ്റ്റാക്ക് ചെയ്യാവുന്നതുമായ ഒരു കെയ്‌സായി മാറുന്നുവെന്നതാണ്. അതായത് പെട്ടിപോലെ മടക്കിയെടുത്ത് കൊണ്ടുനടക്കാമെന്ന് സാരം.
ഈ സവിശേഷത വാഹനത്തിൽ കൊണ്ടുപോകുന്നതും പൊതുഗതാഗത സംവിധാനങ്ങളിൽ ഇലക്‌ട്രിക് സ്‌കൂട്ടർ കൊണ്ടുപോവാനും വരെ സാധ്യമാക്കുന്നു. വേണമെങ്കിൽ തിരക്ക് കുറഞ്ഞ ഷോപ്പിംഗ് മാളുകളിൽ വരെ ചുറ്റിയടിക്കാൻ ഇവൻ മതിയാവും. ഹോണ്ടയുടെ മോട്ടോകോംപാക്‌റ്റോ ഇലക്ട്രിക് സ്‌കൂട്ടറിൽ സ്ഥിരമായ മാഗ്നെറ്റ്, ഡയറക്‌ട് ഡ്രൈവ് മോട്ടോറാണ് തുടിപ്പേകുന്നത്. ഇതിന് 490 W പവറിൽ പരമാവധി 16 Nm torque വരെ നൽകാനാവും.

ഫ്രണ്ട് വീൽ ഡ്രൈവ് ഉപയോഗിക്കുന്ന ഇതിന് പരമാവധി 24 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. സാധാരണ 110-വോൾട്ട് ഔട്ട്‌ലെറ്റ് ഉപയോഗിച്ച് 3.5 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയുന്ന 6.8-Ah ബാറ്ററി പായ്ക്കാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഈ ഊർജ്ജം ഉപയോഗിച്ച് ഒറ്റ ചാർജിൽ 19 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇത് വാഗ്ദാനം ചെയ്യുന്നു.
വലിപ്പത്തിന്റെയും ശേഷിയുടെയും കാര്യത്തിൽ, 742 mm വീൽബേസാണ് ഇതിന്റെ സവിശേഷത. റെഡി-ടു-റൈഡ്, ഫോൾഡബിൾ കോൺഫിഗറേഷനിൽ അതിന്റെ നീളം യഥാക്രമം 968 മില്ലീമീറ്ററും 742 മില്ലീമീറ്ററുമാണ്. സവാരിക്ക് തയാറാകുമ്പോൾ ഉയരം 889 മില്ലീമീറ്ററും മടക്കിയാൽ ഒതുക്കമുള്ള 536 മില്ലീമീറ്ററും ആയി മാറുന്നതും കൈകാര്യം ചെയ്യാൻ എളുപ്പമാക്കുന്നുണ്ട്. വീതിയും ക്രമീകരിക്കാനാവും. റൈഡിന് ഇറങ്ങുമ്പോൾ 437 mm മുതൽ വലിപ്പമുണ്ടെങ്കിൽ ഇവി മടക്കിയാൽ വലിപ്പം വെറും 100 mm ആയി മാറും.

അതേസമയം ഹോണ്ട മോട്ടോകോംപാക്ടോയുടെ സീറ്റ് ഹൈറ്റ് 622.3 മില്ലീമീറ്ററായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് സുഖപ്രദമായ റൈഡിംഗ് പൊസിഷൻ നൽകുന്നു. ഭാരത്തിന്റെ കാര്യത്തിൽ പുതിയ മോട്ടോകോംപാക്ടോ ഇലക്‌ട്രിക് സ്‌കൂട്ടറിന് 18 കിലോഗ്രാം ഭാരം മാത്രമാണുള്ളതെന്ന് ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ പറയുന്നു. അങ്ങനെ മൊത്തത്തിൽ ഇവി ഇത് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.


Click it and Unblock the Notifications








