സ്പ്ലെൻഡർ സൈഡ് പ്ലീസ്, ഷൈൻ 100 പണിതിറക്കി ഹോണ്ട; വിതരണം ഉടൻ
തൊണ്ണൂറുകളിൽ യുവാക്കളുടെ ഹരമായിരുന്ന 100 സിസി ബൈക്കുകൾ ഇന്ന് സാധാരണക്കാരന്റെ സന്തത സഹചാരിയായി മാറിയിട്ട് നാളിമ്മിണിയായി. നിത്യേനയുള്ള ആവശ്യങ്ങൾക്കും മറ്റ് ചെറിയ യാത്രകൾക്കും കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ നൽകുന്ന സുഖസൗകര്യങ്ങളൊന്നും മറ്റ് വാഹനങ്ങൾക്ക് അവകാശപ്പെടാനാവില്ല.
മൈലേജാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ മുഖമുദ്ര തന്നെ. വാങ്ങുന്നവരുടെ ലക്ഷ്യവും ഇതുതന്നെ. 100 സിസി ബൈക്ക് എന്നാൽ ഹീറോ സ്പ്ലെൻഡറാണ് ഏവരുടേയും അവസാനവാക്കും. അതികായകനായി വിലസിയിരുന്ന സ്പ്ലെൻഡറിന് അടുത്തിടെ ഹോണ്ടയിൽ ഒരു എതിരാളി പിറന്നിട്ടുണ്ട്. സെഗ്മെന്റിലെ ഹീറോ മോട്ടോകോർപ്പിന്റെ ആധിപത്യം തകർക്കുക തന്നെയാണ് പുതിയ മോഡലിന്റെ പ്രധാന ഉദ്ദേശം തന്നെ. ഹോണ്ട ഷൈൻ 100 ബൈക്കിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്.

ഷൈൻ, ഡ്രീം യുഗ പോലുള്ള മോഡലുകളുമായി സാധാരണക്കാരിലേക്ക് ഇറങ്ങിചെല്ലാൻ ഹോണ്ടക്ക് നേരത്തെ സാധിച്ചിരുന്നുവെങ്കിലും സ്പ്ലെൻഡർ എന്ന ഒരൊറ്റ മോഡലായിരുന്നു ഹീറോയുടെ ഉത്തരം. 125 സിസി വിഭാഗത്തിൽ വിപ്ലവം തീർത്ത ഷൈനിന്റെ അഡ്രസിൽ അറിയപ്പെടുന്ന പുത്തൻ 100 സിസി കമ്മ്യൂട്ടർ ബൈക്ക് ഉടൻ ഉപഭോക്താക്കളിലേക്ക് എത്തും. നേരത്തെ തന്നെ അവതരണവും വില പ്രഖ്യാപനവും പൂർത്തിയാക്കിയ ഹോണ്ട ദേ വണ്ടിയുടെ നിർമാണവും തുടങ്ങിയിരിക്കുകയാണ്. ആദ്യബാച്ച് കർണാടകയിലെ നരസപുരയിൽ നിന്നും പുറത്തിറക്കി സ്പ്ലെൻഡറിനെ വരവറിയിക്കുകയാണ്.
ഇന്ത്യയിലുടനീളമുള്ള ഡീലർമാർക്കുള്ള ഡിസ്പ്പാച്ചിനും തുടക്കമിട്ടതായാണ് ഹോണ്ട പറയുന്നത്. അങ്ങനയെങ്കിൽ ഉപഭോക്താക്കൾക്കുള്ള ഡെലിവറി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. 64,900 രൂപയുടെ ആമുഖ വിലയിലാണ് ബൈക്കിനെ വിപണിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. അതായത് 72,000 രൂപ വിലയുള്ള ശത്രുവായ സ്പ്ലെൻഡറിനേക്കാൾ കുറഞ്ഞ വിലയിലാണ് ഹോണ്ടയുടെ എതിരാളി വിപണിയിൽ എത്തിയിരിക്കുന്നതെന്ന് സാരം. ദൈനംദിന ഉപയോഗങ്ങൾക്ക് അനുസൃതമായാണ് മോഡലിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഡിസൈനിന്റെ കാര്യത്തിൽ സാധാരണക്കാരെ കൈയിലെടുക്കാനുള്ള മെയ്‌അഴക് ഹോണ്ട ഷൈൻ 100-നുണ്ട്. ബ്ലാക്ക്-റെഡ്, ബ്ലാക്ക്-ഗ്രേ, ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-ഗ്രീൻ, ബ്ലാക്ക്-യെല്ലോ എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളും മാറ്റേകാനായുണ്ട്. സുഖകരമായ യാത്ര നൽകുന്നതിനായി പുതിയ ഷൈനിന് 677 മില്ലീമീറ്റർ നീളമുള്ള സീറ്റും 786 മില്ലീമീറ്ററിന്റെ കുറഞ്ഞ റൈഡ് ഹൈറ്റും 168 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,245 മില്ലീമീറ്റർ വീൽബേസുമാണ് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്.
അലൂമിനിയം ഗ്രാബ് ഹാൻഡിലുകൾ, ആകർഷകമായ ഫ്രണ്ട് കൗൾ, അതുല്യമായി രൂപകൽപ്പന ചെയ്ത ഫ്യുവൽ ടാങ്ക്, ഹാലൊജൻ ഹെഡ്‌ലാമ്പ്, യുണീക് ടെയിൽ ലാമ്പ്, അലോയ് വീലുകൾ എന്നീ സവിശേഷതകളാണ് ഹോണ്ട ഷൈൻ 100 കമ്മ്യൂട്ടർ ബൈക്കിൽ ഒരുക്കിയിട്ടുള്ളത്. എഞ്ചിൻ ഇൻഹിബിറ്ററോട് കൂടിയ സൈഡ് സ്റ്റാൻഡും ഇക്വലൈസറോട് കൂടിയ കോംബി-ബ്രേക്ക് സിസ്റ്റവുമാണ് (CBS) മറ്റ് ഫീച്ചറുകൾ. സ്പീഡോമീറ്റർ, ഓഡോമീറ്റർ, ഫ്യൂവൽ ഗേജ് എന്നിവയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോർസൈക്കിളിന്റെ ഭാഗമാണ്.

ഹോണ്ട ഷൈനിന് 99.7 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 7.6 bhp പവറിൽ 8.05 Nm torque നൽകുന്ന എഞ്ചിൻ 4 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസും ഇന്ധനക്ഷമതയും സെഗ്‌മെന്റിൽ മികച്ചതായിരിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നുമുണ്ട്. മൈലേജ് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രതീക്ഷിക്കുന്ന മൈലേജ് ലിറ്ററിന് 60-70 കിലോമീറ്ററാണ്.
ബൈക്കിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഫ്യൂവൽ ഇഞ്ചക്ഷനും ഹോണ്ടയുടെ eSP സംവിധാനവും കോർത്തിണക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയം തന്നെ. ഇതോടൊപ്പം ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നീ സംവിധാനങ്ങളും ഹോണ്ട ഷൈൻ 100-ന്റെ ഭാഗമാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കുറഞ്ഞ മെയിന്റനെൻസ് ഉറപ്പാക്കാൻ ഫ്യുവൽ പമ്പ് ടാങ്കിന് പുറത്താണ് ഒരുക്കിയിരിക്കുന്നതും.

പുതിയ ഡയമണ്ട്-ടൈപ്പ് ഫ്രെയിമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഹോണ്ട ഷൈൻ 100 മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗ്-ലോഡഡ് ഷോക്ക് അബ്സോർബറുകളുമാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡായി സംയോജിത ബ്രേക്കിംഗ് സംവിധാനത്തോടെ മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് ഇടംപിടിച്ചിരിക്കുന്നത്. അങ്ങനെ മെക്കാനിക്കൽ വശങ്ങളിലും പ്രതീക്ഷകൾ കാത്താണ് ബൈക്ക് പുറത്തിറങ്ങുന്നത്.
ഇന്ത്യയിൽ ഹീറോ സ്പ്ലെൻഡറിന് പുറമെ ബജാജ് CT100, പ്ലാറ്റിന, ടിവിഎസ് സ്റ്റാർ സിറ്റി പോലുള്ള മോഡലുകളുമായും ഷൈൻ 100 മാറ്റുരയ്ക്കും. 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിക്കൊപ്പം ഓപ്ഷണലായി 3 വർഷത്തെ പ്രത്യേക വാറണ്ടിയാണ് ബൈക്കിലുള്ളത്. ആയതിനാൽ ഉടമസ്ഥാവകാശത്തെ ഓർത്ത് തലപുകയ്ക്കേണ്ടതില്ല. ഹോണ്ടയുടെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിൾ എന്ന ഖ്യാതിയോടെ എത്തുന്ന കുട്ടിഷൈനിന് വിപണിയിൽ എങ്ങനെ ശോഭിക്കാനാവുമെന്ന് വരുംദിവസങ്ങളിൽ കണ്ടറിയാം.


Click it and Unblock the Notifications








