ഹീറോയെ പൂട്ടാൻ ഹോണ്ടയുടെ അടുത്തപണി, പുതിയ 160 സിസി ബൈക്ക് വരുന്നൂ
ഇന്ത്യയിലെ സ്‌കൂട്ടർ വിപണി കൈയാളുന്നവരാണ് ഹോണ്ട. ആക്‌ടിവ, ഡിയോ പോലുള്ള ജനപ്രിയ മോഡലുകളിലൂടെ ഈ സെഗ്മെന്റിന്റെ കൊടിമുടിയിലെത്തിയ ബ്രാൻഡ് പക്ഷേ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോയ്ക്ക് പിന്നിലാണ് സ്ഥാനം. എൻട്രി ലെവൽ കമ്മ്യൂട്ടർ ശ്രേണിയിലെ ഹീറോ മോട്ടോകോർപിന്റെ ആധിപത്യം തകർക്കാനായി അടുത്തിടെ ഷൈൻ 100 എന്ന മോഡലിനെ അടുത്തിടെ നിയോഗിച്ചിരുന്നു.
ഇതിനു പുറമെ മറ്റൊരു വജ്രായുധം കൂടി പണിതിറക്കാൻ കൂടിയിറങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര ഭീമൻമാരായ ഹോണ്ട. യൂണികോണിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ 160 സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. എന്തായാലും മികച്ച സ്വീകാര്യതയുള്ള SP 125 കമ്മ്യൂട്ടർ ബൈക്കിന് മുകളിലായാവും ഇത് സ്ഥാനംപിടിക്കുക. യൂണികോണിന്റെ അതേ എഞ്ചിനും ഷാസി പ്ലാറ്റ്‌ഫോമും അടിസ്ഥാനമാക്കിയുള്ള SP160 വരാനിരിക്കുന്ന ഉത്സവ സീസണിൽ ഹോണ്ട അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

125 സിസി വിഭാഗത്തിൽ ജനപ്രിയമായ SP നാമം കടമെടുത്താവും ഈ മോട്ടോർസൈക്കിളും വരികയെന്നാണ് അനുമാനം. അതുപോലെ തന്നെ ഡിസൈനും സ്റ്റൈലിംഗും അതേപടി പകർത്താനും സാധ്യതയുണ്ട്. എന്നാൽ അൽപം കൂടി വലിപ്പത്തിലായിരിക്കും ബൈക്കിനെ പണികഴിപ്പിക്കുക. കൂടാതെ പുതിയ കളർ ഓപ്ഷനുകളും സ്പോർട്ടി ഗ്രാഫിക്സും വാഗ്ദാനം ചെയ്‌ത് വേറിട്ട് നിർത്താനും ഹോണ്ടക്ക് സാധിച്ചേക്കും.
എഞ്ചിൻ മാത്രം യൂണികോണിൽ നിന്നും കടമെടുക്കുകയും ചെയ്യും. 162.7 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിന് 7,500 rpm-ൽ 12.9 bhp പവറും 5,500 rpm-ൽ 14 Nm torque ഉം ഉത്പാദിപ്പിക്കാനാവും. ഇത് അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാവും ജോടിയാക്കുക. SP160 യുണികോണിൽ നിന്ന് വ്യത്യസ്തമാകുന്നതിനായി ഇതിന് അല്പം ചെറിയ 12 ലിറ്റർ ഫ്യുവൽ ടാങ്കായിരിക്കും സമ്മാനിക്കുക.

എന്നാൽ ഇതിന് 2 കിലോഗ്രാം കൂടുതൽ ഭാരമുണ്ട്. അങ്ങനെ മൊത്തത്തിൽ 141 കിലോഗ്രാം ഭാരമായിരിക്കും വരാനിരിക്കുന്ന 160 സിസി ബൈക്കിനുണ്ടാവുക. യുണികോണിന്റെ 18 ഇഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ SP160 മോഡലിന് 17 ഇഞ്ച് വീലുകളായിരിക്കും ഉണ്ടായിരിക്കുക. വ്യത്യസ്ത ബ്രേക്കിംഗ് ഹാർഡ്‌വെയറുകളുള്ള SP125 മോഡലിന് സമാനമായ രീതിയിൽ പുതിയ ബൈക്കും മൊത്തം രണ്ട് വേരിയന്റുകളിൽ വിപണനത്തിന് എത്തിയേക്കാം.
നല്ല നിലവാരത്തിലുള്ള മറ്റ് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതോടൊപ്പം SP160 ഇന്ധനക്ഷമതയിലും മിടുക്കനായിരിക്കും. യൂണികോണിന്റെ പ്ലാറ്റ്‌ഫോം നീളമുള്ള വീൽബേസ് വാഗ്ദാനം ചെയ്യുന്നതിനാൽ, റൈഡർക്കും പില്യണും സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യാൻ ഇതിന് കഴിയും. ഹോണ്ട SP 125 ടിവിഎസ് റൈഡറിന്റെ നേരിട്ടുള്ള എതിരാളിയായി കണക്കാക്കുമ്പോൾ യമഹ FZ V4.0, സുസുക്കി ജിക്‌സർ 155, ബജാജ് പൾസർ 150 എന്നിവയ്‌ക്കെതിരെയാവും ഹോണ്ട SP160 മോഡലിന് മത്സരിക്കാനാവുക.

വരാനിരിക്കുന്ന മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഏകദേശം 1.15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയായിരിക്കും ഇതിനുണ്ടാവുകയെന്നാണ് അനുമാനം. നിലവിൽ ഹോണ്ട യൂണികോണിന് ഏകദേശം 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. യൂണികോൺ കാലഹരണപ്പെട്ടുവെന്ന് തോന്നുന്നവർക്ക് SP160 എന്ന പുതിയ അവതാരത്തിലേക്ക് ചേക്കേറാനാവും.
കൂടാതെ 10 വർഷത്തെ വാറണ്ടിയും മോട്ടോർസൈക്കിളിനുണ്ടാവുമെന്നത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യമാണ്. അടുത്തിടെ കൂടുതൽ സജീവമാവുന്നതിന്റെ ഭാഗമായി ഡിയോയുടെ 125 പതിപ്പിനെയും ഹോണ്ട അവതരിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്. 83,400 രൂപ മുതൽ 91,300 രൂപ വരെ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.
ഗ്രാസിയയിലും ആക്‌ടിവ 125 വേരിയന്റിലും കാണപ്പെടുന്ന അതേ എഞ്ചിനാണ് ഡിയോ 125 സ്‌കൂട്ടറിൽ കാണാനാവുക. 8.19 bhp കരുത്തിൽ പരമാവധി 10.4 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിനാണിത്. ഹോണ്ടയുടെ ഇഎസ്പി, ഓട്ടോമാറ്റിക് ചോക്ക് സിസ്റ്റം, ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷണാലിറ്റിയും പുതിയ ഡിയോയിൽ കമ്പനി കോർത്തിണക്കിയിട്ടുണ്ട്.


Click it and Unblock the Notifications








