ഹീറോ വിയർക്കും, ഹോണ്ട SP160 വിപണിയിലെത്തി; വോക്ക്എറൗണ്ട് വീഡിയോ
കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിപണി പിടിക്കാൻ ഹോണ്ടയുടെ പുതിയ SP160 ജൻമമെടുത്തു. രണ്ട് വേരിയന്റുകളിൽ വരുന്ന പുതിയ ബൈക്കിന് മോഹവിലയും കിടിലൻ പെർഫോമൻസും അതിനൊത്ത മൈലേജുമാണ് കമ്പനി പറയുന്നത്. സിംഗിൾ ഡിസ്‌ക്, ട്വിൻ ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന മോട്ടോർസൈക്കിളിന് യഥാക്രമം 1.17 ലക്ഷം രൂപ, 1.22 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
ബജാജ് പൾസർ, ടിവിഎസ് അപ്പാച്ചെ, യമഹ FZ, ഹീറോ എക്സ്ട്രീം 160R, സുസുക്കി ജിക്‌സർ പോലുള്ള കിടിലൻ മോഡലുകൾ വാഴുന്ന വിഭാഗത്തിലാണ് ഹോണ്ട SP160 മത്സരത്തിനെത്തുന്നത്. ഹോണ്ടയുടെ നിരയിലെ മൂന്നാമത്തെ 160 സിസി ബൈക്കാണ് SP160. ഡിസൈനിലേക്ക് നോക്കിയാൽ SP160 അതിന്റെ ചെറിയ മോട്ടോർസൈക്കിളായ SP125 പതിപ്പിന് സമാനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാനാവും.
എങ്കിലും അൽപം കൂടി മസ്ക്കുലറാക്കാനും ജാപ്പനീസ് ബ്രാൻഡിന് കഴിഞ്ഞിട്ടുണ്ട്. എൽഇഡി ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള അഗ്രസീവ് കൗൾ, ടാങ്ക് ആവരണങ്ങളുള്ള മസ്‌കുലർ ഫ്യുവൽ ടാങ്ക്, നീളമുള്ള സിംഗിൾ പീസ് സീറ്റ് എന്നിവയെല്ലാം ഒരു കമ്മ്യൂട്ടർ ശൈലിയാണ് ബൈക്കിന് സമ്മാനിച്ചിരിക്കുന്നത്. യുണീകോണിൻ്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങിയിരിക്കുന്നതിനു പുറമെ അതേ എഞ്ചിൻ ഓപ്ഷനുമാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്.

162 സിസി സിംഗിൾ സിലിണ്ടർ എഞ്ചിന് 13.5 bhp കരുത്തിൽ പരമാവധി 14.6 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സസ്പെഷൻഷനായി മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഹോണ്ട ഉപയോഗിക്കുന്നത്. മോട്ടോർസൈക്കിളിലെ ബ്രേക്കിംഗ് ചുമതലകൾ വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. പുതിയ ഹോണ്ട ബൈക്കിനെ അടുത്തറിയാൻ ഡ്രൈവ്സ്പാർക്കിന്റെ വോക്ക്എറൗണ്ട് വീഡിയോ കാണാം.


Click it and Unblock the Notifications








