ഇവന് ചില പ്രത്യേകതകളുണ്ട്, XRE 300 ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുമായി ഹോണ്ട
നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ XRE 300 റാലി പ്രദർശിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. നിലവിൽ ബ്രസീലിയൻ വിപണിയിൽ വിൽക്കുന്ന ഈ അഡ്വഞ്ചർ ബൈക്ക് E20-E85 ഫ്ലെക്സ് ഫ്യുവലിൽ പ്രവർത്തിക്കാൻ പ്രാപ്‌തമാണെന്നതാണ് ശ്രദ്ധേയം.
എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്‌മെന്റ് രാജ്യത്ത് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നതിനാൽ ഹോണ്ട XRE300 ഇന്ത്യയിൽ അവതരിപ്പിക്കുന്നത് തികച്ചും സാദ്ധ്യമാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി മോഡലിനായി ട്രേഡ്മാർക്ക് ഹോണ്ട ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G310 GS തുടങ്ങിയ കൊലകൊമ്പൻമാരുമായി മാറ്റുരയ്ക്കാൻ ബൈക്ക് ശേഷിയുള്ളതാണ്.

ഉയരമുള്ള രൂപം തന്നെയാണ് XRE 300 റാലി മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹോണ്ട അഡ്വഞ്ചർ ബൈക്കിന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ പൂർണ എൽഇഡി ലൈറ്റിംഗ്, ഉയർത്തിയ ഫെൻഡർ, അഗ്രസീവ് ഹെഡ്‌ലാമ്പ് കൗൾ, സ്‌കൽപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, അണ്ടർസീറ്റ് എക്‌സ്‌ഹോസ്റ്റ്, ലഗേജ് റാക്ക് എന്നിവയെല്ലാം ഉൾപ്പെടുന്നുമുണ്ട്.
കേന്ദ്രീകൃതമായി ഘടിപ്പിച്ച ഫുട്‌പെഗുകളും പുൾഡ്-ബാക്ക് ഹാൻഡിൽബാറും ഉപയോഗിച്ച് റൈഡിംഗ് സ്റ്റാൻസ് വളരെ സൗകര്യപ്രദമായാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. 291.6 സിസി, സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ട XRE 300 അഡ്വഞ്ചർ ബൈക്കിന് തുടിപ്പേകുന്നത്. ഇതിന് ഫ്ലെക്സ് ഫ്യുവൽ ശേഷിയുള്ളതിനാൽ പെട്രോളിലും എഥനോളിലും പ്രവർത്തിക്കാൻ കഴിയും. ഇത് പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 7,500 rpm-ൽ 25.4 bhp കരുത്തും 6,000 rpm-ൽ 27.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

അതേസമയം എഥനോളിൽ പ്രവർത്തിപ്പിക്കുമ്പോൾ പവർ കണക്കുകൾ 7,500 rpm-ൽ 25.6 bhp പവറും 6000 rpm-ൽ 28 Nm torque ഉം വരെ വികസിപ്പിക്കാൻ ഹോണ്ട XRE എഡിവിക്ക് ശേഷിയുണ്ട്. 6 സ്പീഡ് ഗിയർബോക്‌സിന് വിപരീതമായി ബൈക്കിന് പഴയ സംവിധാനത്തിലുള്ള 5 സ്പീഡ് ഗിയർബോക്‌സ് ഓപ്ഷനാണ് ലഭിക്കുന്നത്. ഓഫ്-റോഡ് ട്രാക്കുകൾക്ക് പ്രത്യേകമായി ചില ഉപകരണങ്ങൾ മോട്ടോർസൈക്കിളിൽ ഉണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
വയർ-സ്‌പോക്ക് വീലുകളും ഹാൻഡിൽബാറിനായി ഒരു പ്രത്യേക ബ്രേസും ഇതിൽ ഉൾപ്പെടുന്നു. ബൈക്കിന് മുന്നിൽ 21 ഇഞ്ച് വീലും പിന്നിൽ 18 ഇഞ്ച് വീലുമാണ് ഇടംപിടിച്ചിരിക്കുന്നത്. നോബി ഡ്യുവൽ പർപ്പസ് ടയറുകളും ബൈക്കിന്റെ പ്രായഗികത വർധിപ്പിക്കുന്നുണ്ട്. 860 മില്ലീമീറ്റർ സീറ്റ് ഹൈറ്റാണ് ഹോണ്ടയുടെ റാലി അഡ്വഞ്ചർ ബൈക്കിനുള്ളത്. സസ്പെഷൻ സജ്ജീകരണത്തിനായി 245 mm ട്രാവൽ ഉള്ള ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 225 mm ട്രാവൽ ഉള്ള റിയർ മോണോഷോക്കും ഓഫ്-റോഡിംഗ് കഴിവുകളെ ഉയർത്തുന്നുണ്ട്.

259 മില്ലീമീറ്ററിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു ഗുണകരമായ ഘടകം. ബൈക്കിന് രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ ഉണ്ട്. കൂടാതെ ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ പല തവണ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയ ബൈക്കിനെ വിപണിയിൽ കൊണ്ടുവരാൻ തന്നെയായിരിക്കും കമ്പനിയുടെ പദ്ധതി.
ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗത്തിലേക്ക് ഫ്ലെക്‌സ് ഫ്യുവൽ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുന്നതിനാൽ അതിന്റെ ആനുകൂല്യങ്ങളും ഹോണ്ടയ്ക്ക് നേടാനാവും. ഇന്ത്യയിലെ ഇന്ധന സംവിധാനം ഉടൻ തന്നെ E20 ലേക്ക് നീങ്ങും. അതായത് ഇരുചക് രവാഹനത്തിന് 85 ശതമാനം വരെ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാനാവുമെന്ന് സാരം. അതിന് ഉദാഹരണമാണ് വാഹനങ്ങളിലെ എൻജിൻ, ഇന്ധനം, ഇലക്ട്രിക്കൽ, എക്‌സ്‌ഹോസ്റ്റ് മുതലായ സംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ.
നിലവിൽ രാജ്യത്ത് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. എഥനോളിൻെറ ഉപയോഗം വർധിക്കുന്നതോടെ അസംസ്കൃത എണ്ണ കുറയ്ക്കുന്നതിനും സഹായകരമാകും. മ്ത്രമല്ല, കരിമ്പ്, ചോളം, മുള എന്നിവയും ജൈവ അവശിഷ്ടങ്ങളും എഥനോൾ നിര്‍മാണത്തിന് ഉപയോഗിക്കാം എന്നത് കാര്‍ഷിക മേഖലക്കും ഈ നീക്കം ഉത്തേജനമാവും.


Click it and Unblock the Notifications








