എൻഫീൽഡാണ് ഉന്നം, 1.35 ലക്ഷത്തിന്റെ പുത്തൻ ബൈക്കുമായി 'ആ പഴയ കവസാക്കി'; വാങ്ങിയാലോ
ബജാജിനൊപ്പം കൈകൊടുത്ത് ഇന്ത്യയിൽ ഹരിശ്രീ കുറിച്ചവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി. കാലിബർ എന്ന കമ്മ്യൂട്ടർ ബൈക്ക് രാജ്യത്തെ നിരത്തുകളിൽ തീർത്ത വിസ്‌മയം നിഞ്ച സീരീസിലൂടെ മുന്നോട്ടുകൊണ്ടുപോവുന്ന ബ്രാൻഡ് ഇന്ന് സൂപ്പർബൈക്ക് ബ്രാൻഡായാണ് അറിയപ്പെടുന്നത്. എങ്കിലും സാധാരണക്കാരുമായി അടുക്കാനുള്ള മനസും ഇതിനിടയിൽ കവസാക്കി കാട്ടിയിരുന്നു.
അതിന്റെ ഭാഗമായി ഇന്ത്യയിൽ W175 എന്നൊരു റെട്രോ മോട്ടോർസൈക്കിളും കുറച്ചു നാളുകൾക്ക് മുമ്പ് കമ്പനി പുറത്തിറക്കുകയുണ്ടായി. കാര്യമായ രീതിയിൽ വിപണി പിടിക്കാനായില്ലെങ്കിലും കവസാക്കിയുടെ ഒരു വണ്ടിവേണമെന്ന് ആഗ്രഹമുള്ളവരിൽ പലരും ഈ മോഡൽ സ്വന്തമാക്കുകയുണ്ടായി. ഇപ്പോൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ക്ലാസിക് സ്റ്റൈൽ ബൈക്കിന്റെ പുത്തനൊരു വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ് ബ്രാൻഡ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈക്കിംഗ് ഫെസ്റ്റിവലായ ഇന്ത്യ ബൈക്ക് വീക്കിലാണ് (IBW) പുത്തൻ W175 സ്ട്രീറ്റ് എന്നു പേരിട്ടിരിക്കുന്ന മോഡൽ പുറത്തിറക്കിയിരിക്കുന്നത്. കാണാൻ ഒരു ക്ലാസിക് ശൈലിയാണുള്ളതെങ്കിലും സ്ട്രീറ്റ് മോട്ടോർസൈക്കിൾ എന്നാണ് കവസാക്കി ഇതിനെ വിളിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു റെട്രോ-ക്ലാസിക് ശൈലിയാണ് ബൈക്കിലേക്ക് ഇത്തവണയും കൊണ്ടുവന്നിരിക്കുന്നത്.
എങ്കിലും പുത്തൻ കളർ ഓപ്ഷനുകളിലൂടെ ഫ്രഷ് സ്റ്റൈൽ പിടിക്കാൻ ബ്രാൻഡിനായിട്ടുണ്ട്. ഒതുക്കമുള്ളതും എന്നാൽ ശക്തവുമായ 177 സിസി സിംഗിൾ സിലിണ്ടർ ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിനുമായാണ് കവസാക്കി W177 വരുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കവസാക്കി മോട്ടോർസൈക്കിളുകളിലൊന്നായി മോഡലിനെ മാറ്റുന്നു. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 177 സിസി സിംഗിൾ-സിലിണ്ടർ, ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

ഇത് 7,000 rpm-ൽ 12.82 bhp പവറും 6,000 rpm-ൽ 13.3 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബൈക്ക് പൂർണമായും ഇന്ത്യയിൽ നിർമിച്ച മോഡലാണ് കവസാക്കി W175. കാൻഡി എമറാൾഡ് ഗ്രീൻ, മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ഇപ്പോൾ സ്വന്തമാക്കാം. W175 സ്ട്രീറ്റിൽ ഒരു റെട്രോ-തീം സർക്കുലർ മൾട്ടി-റിഫ്ലെക്ടർ ഹെഡ്‌ലാമ്പും ക്ലാസിക് ചാം വർധിപ്പിക്കുന്ന ഒരു ക്രോം ബെസലും ലഭിക്കുന്നു.
ഇന്ത്യയിൽ പുതിയ മോഡലിന് 1.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. W175 സ്ട്രീറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൽ അൽപ്പം വില കുറഞ്ഞതാണെന്നതും ശ്രദ്ധേയമാണ്. എബോണി, കാൻഡി പെർസിമോൺ റെഡ് പെയിന്റ് ഓപ്ഷനുകളിലും സ്വന്തമാക്കാം. ഏറ്റവും പുതിയ കവസാക്കി W175 സ്ട്രീറ്റ് W175-ന്റെ റെട്രോ-ക്ലാസിക് സ്റ്റൈലിംഗ് ധാർമ്മികത പിന്തുടരുന്നു.

സെമി-ഡബിൾ ക്രാഡിൽ ഫ്രെയിമിൽ നിർമ്മിച്ച മോട്ടോർസൈക്കിളിന് സെമി-ഡിജിറ്റൽ റെട്രോ-തീം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ലഭിക്കുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ട്യൂബ് ലെസ് ടയറുകളാൽ പൊതിഞ്ഞ അലോയ് വീലിലാണ് കവസാക്കിയുടെ ബജറ്റ് ഫ്രണ്ട്ലി മോഡൽ വരുന്നത്. ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിന് 270 mm ഫ്രണ്ട് ഡിസ്കും സിംഗിൾ-ചാനൽ എബിഎസും ലഭിക്കുന്നു.
സസ്പെൻഷനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ ഷോക്ക് റിയർ സസ്‌പെൻഷനുമാണ് ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. പുതിയ W175 സ്ട്രീറ്റ് മോഡലിന്റെ ഡെലിവറി 2023 ഡിസംബർ മാസത്തിൽ തന്നെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കവസാക്കിയുടെ ഡീലർഷിപ്പുകൾ വഴിയോ അല്ലെങ്കിൽ ഓൺലൈനായോ ഇത് പ്രീ-ബുക്ക് ചെയ്യാം. പുത്തൻ വേരിയന്റിന്റെ 1.35 ലക്ഷം രൂപയുടെ പ്രൈസ് ടാഗ് ആമുഖമാണെന്ന് കവസാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഇത് ഏത് കാലയളവിലേക്കോ യൂണിറ്റുകളുടെ എണ്ണത്തിലേക്കോ പരിമിതപ്പെടുത്തിയിട്ടില്ല. ഇന്ത്യ ബൈക്ക് വീക്കിന്റെ പത്താം പതിപ്പാണ് ഇപ്പോൾ ഗോവയിൽ നടക്കുന്നത്. IBW 2023 ഈ മാസം 8, 9 തീയതികളിൽ വാഗറ്ററിൽ നടത്താൻ എല്ലാ സജ്ജീകരണങ്ങളുമായി തയാറായി കഴിഞ്ഞു. രണ്ട് ദിവസം നടക്കുന്ന പരിപാടിയിൽ ഒരു ദിവസത്തെ പാസിന് 2,499 രൂപയും രണ്ട് ദിവസത്തെ പാസിന് 2,999 രൂപയുമാണ് വേണ്ടി വരുന്നത്.


Click it and Unblock the Notifications








