ഗ്രാൻഡ് വിറ്റാരയുടെ വിലയുള്ള സൂപ്പർബൈക്ക്, 2024 മോഡൽ കവസാക്കി നിഞ്ച ZX-6R ഇന്ത്യയിൽ; വില കണ്ടോ
ഇന്ത്യയിൽ ഏറ്റവും പുതിയ നിഞ്ച ZX-6R മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് നമ്മുടെ ജനപ്രിയ സൂപ്പർബൈക്ക് നിർമാതാക്കളായ കവസാക്കി. ഗോവയിൽ നടക്കുന്ന 2023 ഇന്ത്യ ബൈക്ക് വീക്ക് എന്ന പരിപാടിയിലാണ് പുത്തൻ പതിപ്പിനെ കമ്പനി രാജ്യത്ത് എത്തിച്ചിരിക്കുന്നത്. നിരവധി അപ്‌ഡേറ്റുകളുമായാണ് പുതിയ മോഡൽ വരുന്നത്.
പുത്തൻ ZX-6R മോട്ടോർസൈക്കിളിലൂടെ ഇന്ത്യൻ പ്രീമിയം ഇരുചക്ര വാഹന വിപണിയിലെ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 2024 കവാസാക്കി നിഞ്ച ZX-6R മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളിന് ഡിസൈനിലും എഞ്ചിനും ചെറിയ അപ്‌ഡേറ്റുകൾ ലഭിച്ചു. ഇതിന്റെ സൂപ്പർസ്‌പോർട്ട് ഡിസൈൻ മാറ്റമില്ലാതെ മുമ്പോട്ടുകൊണ്ടുപോവാൻ കമ്പനിക്കായിട്ടുണ്ട്.

കുറഞ്ഞ ക്ലിപ്പ്-ഓണുകളും പിൻ സെറ്റ് ഫുട്‌പെഗുകളുമായാണ് ബൈക്ക് വരുന്നത്. ഫാസിയ അൽപ്പം മാറ്റി ഇപ്പോൾ ചെറിയ വളവുകളോടെയാണ് രൂപം പണികഴിപ്പിച്ചിരിക്കുന്നത്. ഇത് ZX-6R നിഞ്ച സീരീസിന്റെ സ്പോർട്ടിനെസ് വർധിപ്പിക്കുക മാത്രമല്ല, കൂടുതൽ എയറോഡൈനാമിക് കാര്യക്ഷമതയും നൽകുകയും ചെയ്യുന്നു. മോഡലിനെ കുറിച്ചുള്ള വിപുലമായ വിവരങ്ങൾ കാണിക്കുന്ന ഒരു ചങ്കി ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 2024 മോഡലിന്റെ ഭാഗമാണ്.
13,000 rpm-ൽ 129 bhp കരുത്തും 10,800 rpm-ൽ 69 Nm torque ഉം സൃഷ്ടിക്കുന്ന 636 സിസി, ഇൻ-ലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് കവസാക്കി നിഞ്ച ZX-6R മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഇത് സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും. കൂടാതെ ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സൂപ്പർബൈക്കിന്റെ ഭാഗമാണ്.

ഇതോടൊപ്പം ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, എബിഎസ്, മറ്റ് സുരക്ഷാ സവിശേഷതകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് റൈഡർ എയ്ഡുകളും ബൈക്കിന് ലഭിക്കുന്നു. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 2024 പതിപ്പിൽ സസ്പെൻഷനായി ഷോവ സെപ്പറേറ്റ് ഫംഗ്‌ഷൻ ഫോർക്കുകളും (SFF-BP) പിന്നിൽ ഗ്യാസ് ചാർജ്‌ഡ് മോണോഷോക്കുമാണ് നൽകിയിട്ടുള്ളത്. ഇത് റീബൗണ്ട്, കംപ്രഷൻ ഡാംപിംഗ്, സ്പ്രിംഗ് പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി എന്നിവയോടെയാണ് വരുന്നത്.
അതേസമയം ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് ഡ്യുവൽ 310 mm ഫ്രണ്ട് ഡിസ്കുകളും സിംഗിൾ 220 mm റിയർ ഡിസ്കും ആണ്. 120/70 ഫ്രണ്ട് ടയറുകളിലും 180/55 പിൻ ടയറുകളിലും പൊതിഞ്ഞ 17 ഇഞ്ച് വീലിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്. പുതിയ കവസാക്കി നിഞ്ച ZX-6R ബൈക്കിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയോളമായിരിക്കും എക്സ്ഷോറൂം വില വരുന്നത്.

സൂപ്പർബൈക്കിന്റെ ഔദ്യോഗിക അവതരണം അടുത്ത മാസത്തോടു കൂടി നടക്കുമെന്നാണ് വിവരം. 2023 ഇന്ത്യ ബൈക്ക് വീക്കിനോട് അനുബന്ധിച്ച് കമ്പനി W175 റെട്രോ ബൈക്കിന്റെ പുതിയ സ്ട്രീറ്റ് വേരിയന്റും ഇന്നലെ പുറത്തിറക്കിയിരുന്നു. സ്റ്റാൻഡേർഡ് മോഡലിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ചില മാറ്റങ്ങളും ഈ പതിപ്പിലുണ്ട്. 1.35 ലക്ഷം രൂപയാണ് ഇതിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
W175 സ്റ്റാൻഡേർഡ് വേരിയന്റിനെ അപേക്ഷിച്ച് ഏകദേശം 12,000 രൂപയോളം കുറവാണ് പുതിയ സ്ട്രീറ്റ് മോഡലിനെന്ന് സാരം. സ്‌പോക്ക് വീലുകളും ട്യൂബ് ടയറുകളും ലഭിക്കുന്ന ബൈക്കിന്റെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ W175 സ്ട്രീറ്റിൽ അലോയ് വീലുകളും ട്യൂബ് ലെസ് ടയറുകളും സജ്ജീകരിച്ചിരിക്കുന്നു. സീറ്റ് ഹൈറ്റ്, വീൽബേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ അതിന്റെ കൂടുതൽ റെട്രോ-ലുക്ക് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് അല്പം വ്യത്യസ്തമാണ്.
പുതിയ ഗ്രാഫിക്‌സിനൊപ്പം രണ്ട് പുതിയ കളർ ഓപ്ഷനുകളും കവസാക്കിയുടെ പുതിയ W175 സ്ട്രീറ്റിൽ ലഭ്യമാണ്. 12.8 bhp പവറിൽ 13.2 Nm torque ഉത്പാദിപ്പിക്കുന്ന അതേ 177 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡാണ് ഗിയർബോക്‌സ്. ഡബിൾ ക്രാഡിൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ബൈക്കിന് ടെലിസ്കോപ്പിക് ഫോർക്കുകളും ഡ്യുവൽ സ്പ്രിംഗുകളും ഉപയോഗിച്ചുള്ള റിയർ സസ്പെൻഷനുമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications








