ഈ ബൈക്കുകൾ വാങ്ങിയാൽ ആദ്യമാസത്തെ പെട്രോളിനുള്ള കാശ് കമ്പനി തരും, എൻഫീൽഡിന് പറ്റുവോ ഇത്?
ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിപണി ഭരിക്കുന്നവരാണ് റോയൽ എൻഫീൽഡ്. എന്നാൽ ശക്തരായ എതിരാളികളുടെ കൂട്ടത്തിലെ പ്രമുഖരാണ് ക്ലാസിക് ലെജൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ജാവയും യെസ്‌ഡിയും. അപ്പനപ്പൂപ്പൻമാരുടെ കാലത്ത് നിരത്തുകൾ വാണിരുന്ന ഇതിഹാസ ബ്രാൻഡിനെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത് നല്ലൊരു തീരുമാനമായിരുന്നെങ്കിലും ആധുനിക കാലത്ത് വേണ്ടവിധം ശ്രദ്ധിക്കപ്പെടാൻ കമ്പനിക്കാവാതെ പോയി.
പക്ഷേ അടുത്തിടെയായി ആളുകളിലേക്ക് കൂടുതൽ അടുക്കാനും എൻഫീൽഡിനെ ഒതുക്കാനുമായി കൊണ്ടുപിടിച്ച പരിശ്രമിത്തിലാണ് ജാവ-യെസ്‌ഡി (Jawa Yezdi) ബ്രാൻഡുകൾ. അതിന്റെ ഭാഗമായി കിടിലൻ ഓഫറുകളാണ് കമ്പനി അണിനിരത്തുന്നതും. ഇപ്പോഴും അങ്ങനൊരു പ്രഖ്യാപനവുമായി ബ്രാൻഡ് കളത്തിലെത്തിയിരിക്കുകയാണ്. എന്താണെന്ന് കേട്ടാൽ ചിലപ്പോൾ നിങ്ങൾ തന്നെ ഞെട്ടിയേക്കും.

രാജ്യത്ത് ശൈത്യകാലം പിടിമുറുക്കുന്ന വേളയിൽ ജാവ യെസ്ഡി മോട്ടോർസൈക്കിളുകൾക്ക് ഗംഭീര ഓഫറുകളുമായാണ് ബ്രാൻഡ് എത്തിയിരിക്കുന്നത്. 'കീപ്പ് റൈഡിംഗ്' സംരംഭത്തിന് കീഴിൽ ശൈത്യകാലത്ത് റൈഡിംഗ് പ്രോത്സാഹിപ്പിക്കുകയും രാജ്യം കൂടുതൽ പര്യവേക്ഷണം ചെയ്യുന്നതിനെയും ലക്ഷ്യമാക്കിയാണ് ഈ പ്രത്യേക ആനുകൂല്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പെട്രോളടിക്കാനുള്ള കാശും ക്ലാസിക് ലെജൻഡ്‌സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ബൈക്ക് വാങ്ങുന്ന ആദ്യ മാസത്തെ ഇന്ധനത്തിനുള്ള കാശ് കമ്പനി സൗജന്യമായി നൽകും. പുതിയ ജാവ 42 അല്ലെങ്കിൽ യെസ്‌ഡി റോഡ്സ്റ്റർ വാങ്ങുമ്പോൾ മാത്രമേ ഈ ഓഫർ ലഭ്യമാകൂവെന്നതും ശ്രദ്ധിക്കണം. പിന്നെ 2023 ഡിസംബർ 31-ന് മുമ്പ് മാത്രം മോട്ടോർസൈക്കിളുകൾ വാങ്ങാനെത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകൂവെന്നതും ജാവ-യെസ്‌ഡി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

ഈ മാസം അവസാനിക്കുന്നതിനു മുമ്പ് ജാവ 42, യെസ്‌ഡി റോഡ്സ്റ്റർ എന്നിവയുടെ തെരഞ്ഞെടുത്ത വകഭേദങ്ങൾ ബുക്ക് ചെയ്യുകയും ഡെലിവറി ചെയ്യുകയും ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഫ്രീ ഫ്യുവൽ ഓഫർ ദീർഘിപ്പിക്കുമെന്നാണ് വിവരം. കൂടാതെ കീപ്പ് റൈഡിംഗ് സംരംഭത്തിന് കീഴിൽ കമ്പനി 30,000 രൂപ വരെ അധിക ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
തെരഞ്ഞെടുത്ത റൈഡിംഗ് ഗിയറുകൾക്കും ടൂറിംഗ് ആക്‌സസറികൾക്കും ഫ്ലാറ്റ് 50 ശതമാനം കിഴിവ്, നാല് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടി, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിനു കീഴിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ ഉപഭോക്താക്കളെ എങ്ങനെയും ബ്രാൻഡിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളാണിതെന്ന് വ്യക്തമാണ്. കാര്യമായ രീതിയിൽ വിപണനം നടക്കാത്ത സാഹചര്യത്തിലാണ് ഗംഭീര ആനുകൂല്യങ്ങൾ ക്ലാസിക് ലെജൻഡ്സ് നൽകുന്നത്.

1,888 രൂപ മുതൽ ആരംഭിക്കുന്ന പ്രത്യേക കുറഞ്ഞ ഇഎംഐ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നതിനായി ജാവ-യെസ്‌ഡി IDFC ബാങ്കുമായി സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ജാവ-യെസ്ഡി മോട്ടോർസൈക്കിൾ ഡീലർഷിപ്പുകളിൽ മാത്രമേ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാകൂ. ഒരു പുതിയ കലണ്ടർ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ നിലവിലുള്ള സ്റ്റോക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള മികച്ച അവസരമാണ് പുതിയ സംരംഭം.
ജാവ അല്ലെങ്കിൽ യെസ്ഡി മോട്ടോർസൈക്കിൾ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്ന ആളുകളുകളെ ഈ ഓഫറുകൾ തീർച്ചയായും ആകർഷിക്കുമെന്നതിൽ തർക്കമില്ല. സമകാലിക എഞ്ചിനീയറിംഗും സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ട് സമ്പന്നമായ ഒരു പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയാണ് ലൈനപ്പിലെ ഓരോ മോട്ടോർസൈക്കിളും പ്രതിഫലിപ്പിക്കുന്നത്. ഓഫറിനെ കുറിച്ച് കൂടുതൽ അറിയാൻ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ബ്രാൻഡിന്റെ മോട്ടോർസൈക്കിളുകളിലെ ഓഫറുകളെ കുറിച്ചറിയുന്നതാവും ഏറ്റവും ഉചിതമായ കാര്യം.

ജാവ നിരയിൽ ക്ലാസിക്, 42, 42 ബോബർ, പെരാക്ക് എന്നീ ബൈക്കുകളാണ് ഉൾപ്പെടുന്നത്. അതേസമയം യെസ്ഡി നിരയിൽ റോഡ്‌സ്റ്റർ, സ്‌ക്രാംബ്ലർ, അഡ്വഞ്ചർ എന്നീ കിടിലൻ മോഡലുകളും ഉൾപ്പെടുന്നു. ജാവ 42 പതിപ്പിന് ഇന്ത്യയിൽ 1.98 ലക്ഷം രൂപ മുതലും യെസ്ഡി റോഡ്‌സ്റ്ററിന് 2.09 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
അടുത്തിടെ 42 ബോബർ ബ്ലാക്ക് മിറർ അവതരിപ്പിച്ചു കൊണ്ട് യുവതലമുറയിലേക്ക് കൂടുതൽ അടുക്കാനും കമ്പനിക്കായിട്ടുണ്ട്. 2.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള മോട്ടോർസൈക്കിളിന്റെ പുതിയ ടോപ്പ് എൻഡ് പതിപ്പാണിത്. രൂപത്തിൽ മാറ്റങ്ങളുണ്ടെങ്കിലും എഞ്ചിനിലൊന്നും ബൈക്കിന് യായൊരു വിധ പരിഷ്ക്കാരങ്ങളും സംഭവിച്ചിട്ടില്ല. അതേ 334 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 42 ബോബർ ബ്ലാക്ക് മിററിന് തുടിപ്പേകുന്നത്.


Click it and Unblock the Notifications








