ഏഥറിനു മുമ്പേ ഈ കമ്പനി, മറയില്ലാത്ത ഇലക്‌ട്രിക് സ്‌കൂട്ടർ കണ്ടോ; കൂട്ടിന് മോഹവിലയും 65 കി.മീ. റേഞ്ചും
പെട്രോൾ ടൂവീലറുകൾക്ക് പണികൊടുത്ത് ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി അതിവേഗം വളർച്ച കൈവരിക്കുകയാണ്. കുറഞ്ഞ വില, പെട്രോളടിക്കേണ്ട, സർവീസിന് ഷോറൂമുകൾ കയറിയിറങ്ങേണ്ട അങ്ങനെ ധാരാളം ഗുണങ്ങളുണ്ട് ഇവികൾക്ക്. ഇതെല്ലാം മനസിലാക്കിയ ആളുകളെല്ലാം വൈദ്യുത വാഹനങ്ങൾ സ്വന്തമാക്കാനായി ക്യൂ നിൽക്കുകയാണിപ്പോൾ. ഓലയുടേയും ഏഥറിന്റെയും വരവെല്ലാം ഇതിന് മൈലേജായിട്ടുമുണ്ട്.
ഇവയ്ക്ക് പുറമെ വിപണിയിൽ ധാരാളം മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും അരങ്ങുവാഴുന്നുണ്ട്. അവരിൽ പ്രമുഖരാണ് നാസിക് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ജിതേന്ദ്ര ഇവി ടെക്. ധാരാളം വൈവിധ്യമാർന്ന മോഡൽ ശ്രേണിയുള്ള ബ്രാൻഡ് ഇപ്പോഴിതാ ഞെട്ടിക്കുന്ന മാറ്റവുമായി ഒരു പുത്തൻ ഇവിയെ രംഗത്തെത്തിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല, ട്രാൻസ്പരന്റ് ബോഡിയുമായി പുത്തൻ മോഡലിനെ അവതരിപ്പിച്ചതാണ് കൗതുകമുണർത്തുന്ന കാര്യം.

79,999 രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ പ്രിമോ ഇലക്ട്രിക് സ്‌കൂട്ടറിലാണ് പുതിയ തന്ത്രം ജിതേന്ദ്ര ഇവി ടെക് പയറ്റിയിരിക്കുന്നത്. പൂർണമായും ട്രാൻസ്പരന്റ് ബോഡി വർക്കോടു കൂടി ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ വൈദ്യുത ഇരുചക്ര വാഹനമാണിത്. പക്ഷേ ഇത് വിൽപ്പനയക്ക് എത്തില്ലെന്ന നിരാശാജനകമായ മറ്റൊരു കാര്യം കൂടി കമ്പനി അവതരണവേളയിൽ വെളിപ്പെടുത്തുകയുണ്ടായി.
ഇതുവരെ ട്രാൻസ്പരന്റ് ബോഡി വർക്കുള്ള മോഡലിനെ നിർമാണത്തിൽ ഉൾപ്പെടുത്തില്ലെന്നാണ് ജിതേന്ദ്ര ഇവി ടെക് പറയുന്നത്. പകരം, ബ്ലാക്ക്, സിൽവർ, റെഡ്, വൈറ്റ് എന്നീ നാല് പരമ്പരാഗത നിറങ്ങളിൽ പ്രിമോ ലഭ്യമാകും. ഒറ്റ ചാർജിൽ 65 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 60V, 26Ah ബാറ്ററി പായ്ക്കിലാണ് ജിതേന്ദ്ര ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെത്തുക. 7-ഡിഗ്രി ഗ്രേഡിയന്റ് ശേഷിയുള്ള ഈ മോഡലിന് മണിക്കൂറിൽ പരമാവധി 52 കിലോമീറ്റർ വേഗതയുണ്ടെന്നാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് പറയുന്നത്.

ടെലിസ്‌കോപ്പിക് ഫോർക്കുകളും സ്പ്രിംഗ് കോയിലോടുകൂടിയ ഹൈഡ്രോളിക് ഫോർക്കുകളുമായാണ് പ്രിമോ ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്. പ്രിമോ ഇപ്പോൾ ഒരൊറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ അടുത്ത വർഷം എപ്പോഴെങ്കിലും 90 കിലോമീറ്റർ റേഞ്ചുള്ള പ്രിമോ S വേരിയന്റും 130 കിലോമീറ്റർ റേഞ്ചുമായി പ്രിമോ പ്ലസും കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഡിസൈനിലേക്കും ഫീച്ചറുകളിലേക്കും നോക്കിയാൽ തന്നെ അറിയാം ഇതൊരു മോഡേൺ ഇവിയാണെന്ന്. പ്രിമോയ്ക്ക് ഇക്കോണമി, ഹൈ സ്പീഡ്, ബൂസ്റ്റ് പോലുള്ള റൈഡിംഗ് മോഡുകൾ ജിതേന്ദ്ര ഇവി ടെക് അവതരിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ലാമ്പുകൾ, യുഎസ്ബി ചാർജിംഗ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, തെർമൽ പ്രൊപ്പഗേഷൻ അലേർട്ട്, റിവേഴ്സ് അസിസ്റ്റ് എന്നിവ പോലുള്ള ഹൈടെക് ഫീച്ചറുകളാൽ ആള് സമ്പന്നവുമാണ്.
ഇലക്ട്രിക് സ്കൂട്ടർ 90/90 10 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളിലാണ് നിരത്തിലെത്തുന്നത്. അതേസമയം ബ്രേക്കിംഗിനായി പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവും ഫ്രണ്ടിൽ ഡിസ്ക് ബ്രേക്കുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ജിതേന്ദ്ര ഇവി പ്രിമോയ്‌ക്കൊപ്പം മൂന്ന് വർഷത്തെ വാഹന വാറന്റി വാഗ്ദാനം ചെയ്യുന്നതിനാൽ ഉടമസ്ഥാവകാശത്തെ ഓർത്ത് ഒരു ടെൻഷനും വേണ്ട. ഇതോടൊപ്പം ബാറ്ററിക്ക് രണ്ട് വർഷത്തെ വാറണ്ടിയും ഒരു വർഷത്തെ അധിക വാറണ്ടിയും ബ്രാൻഡ് നൽകുന്നുണ്ട്.
പ്രൈമോ ഇ-സ്‌കൂട്ടർ സെഗ്‌മെന്റിൽ പുതുതായി പുറത്തിറക്കിയ കൈനറ്റിക് ഗ്രീൻ സുലുവുമായാണ് നേരിട്ട് മത്സരിക്കുന്നത്. ഇതുകൂടാതെ 70,000 രൂപ മുതൽ 1.31 ലക്ഷം വരെ വില വരുന്ന ശ്രേണിയിൽ ധാരാളം ഇവികൾ പുറത്തിറക്കുന്ന ബ്രാൻഡ് കൂടിയാണ് ജിതേന്ദ്ര. JMT 1000HS, JMT 1000 3K, JET 320, JMT ക്ലാസിക് സിറ്റി തുടങ്ങിയവയാണ് നാസിക് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ജിതേന്ദ്ര വിപണിയിലെത്തിക്കുന്ന മോഡലുകൾ.
ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ 72 ഷോറൂമുകളുടെയും 1 സർവീസ് സെന്ററുകളുടെയും വിപുലമായ ശൃംഖലയും ബ്രാൻഡിനുണ്ട്. ഇനി ട്രാൻസ്പരന്റ് പാനലുകളുടെ ഉപയോഗം എത്രത്തോളം പ്രായോഗികമാണെന്ന് ചോദിച്ചാൽ ചെറിയ രീതിയിൽ ട്രാൻസ്‌പരന്റ് പാനലുകളുള്ള ഒരു പ്രത്യേക കളർ ഓപ്ഷനുള്ള ഏഥർ 450X ഇവി കളക്ടർ എഡിഷൻ നേരത്തെ പുറത്തിറക്കിയിരുന്നു. പിന്നീട് നിർത്തലാക്കിയെങ്കിലും ഇത്തവണ പാനലുകൾ കംപ്ലീറ്റ് ട്രാൻസ്‌പരന്റായുള്ള പാനലുകൾ അവതരിപ്പിക്കുള്ള പദ്ധതിയും ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








