പൈസയൊന്നും വേണ്ട മക്കളേ, മിഹോസ് ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ആരംഭിച്ച് കമ്പനി
ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ 'ജോയ് ഇ-ബൈക്ക്' നിർമാതാക്കളായ വാർഡ് വിസാർഡ് 2023 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച മോഡലായിരുന്നു മിഹോസ്. ദേ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബുക്കിംഗും ആരംഭിക്കുകയാണ് കമ്പനി. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ജനുവരി 22 മുതൽ മിഹോസ് ഇവി പ്രീ ബുക്ക് ചെയ്യാം.
വരാനിരിക്കുന്ന ഉപഭോക്താക്കൾക്ക് ഓൺലൈനിലോ കമ്പനിയുടെ രാജ്യത്തുടനീളമുള്ള 600-ൽ അധികം ഷോറൂമുകളിലോ അല്ലെങ്കിൽ ഓൺലൈനിൽ സൗജന്യമായി ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാം. പുത്തൻ സ്‌കൂട്ടറിന്റെ ഡെലിവറി ഈ വർഷം മാർച്ചിൽ ആരംഭിക്കുമെന്നും വാർഡ്‌വിസാർഡ് ഗ്രൂപ്പിന്റെ ഭാഗമായ ജോയ് ഇ ബൈക്ക് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യത്തെ 5,000 ഉപഭോക്താക്കൾക്ക് 1.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഈ ഹൈ-സ്പീഡ് ഇലക്ട്രിക് ടൂവീലർ ലഭ്യമാവുകയും ചെയ്യും.

ദീഘകാലം ഈട് നില്‍ക്കുന്നതിനായി പുതിയ മിഹോസ് ഇലക്ട്രിക് സ്‌കൂട്ടർ പോളി ഡിസൈക്ലോപെന്റഡീൻ (PDCPD) വസ്തുക്കൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് ഇവി നിർമാതാവ് അവകാശപ്പെടുന്നത്. വിവിധ റോഡ് സാഹചര്യങ്ങളിലുടനീളം ഉയര്‍ന്ന നിലവാരത്തിലുള്ള ഈട്, സുഖസൗകര്യങ്ങള്‍ എന്നിവയ്ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് അധിക സുരക്ഷയും മിഹോസ് നല്‍കുമെന്ന് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്ത ഇവി അവതരപ്പിച്ചുകൊണ്ട് ഓട്ടോ എക്സ്പോയിൽ പറഞ്ഞിരുന്നു.
നിക്കൽ മാംഗനീസ് കോബാൾട്ട് കെമിസ്ട്രിയോടുകൂടിയ 74V40Ah ലിഥിയം അയൺ അധിഷ്ഠിത ബാറ്ററി പായ്ക്കും ആയാണ് പുതിയ മിഹോസ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. ഈ ബാറ്ററിക്ക് ഷോക്ക് ലോഡുകളെ നേരിടാൻ കഴിയുമെന്നും വിശ്വാസ്യതയ്ക്കായി നിരവധി ഫസ്റ്റ് ഇൻ ബിസിനസ് ടെസ്റ്റ് പ്രോട്ടോക്കോളുകളിലൂടെ കടന്നു പോയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ മിഹോസ് ഇലക്ട്രിക് സ്‌കൂട്ടറിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ജോയ് ഇ ബൈക്ക് അവകാശപ്പെടുന്നത്.

അതേസമയം നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാമെന്നതും ആകർഷകമാണ്. 1500 വാട്ട് മോട്ടോറിലൂടെ 95 Nm ടോർക്ക് വരെ നൽകാനും ഇവിക്ക് കഴിവുണ്ട്. 70 കി.മീ ടോപ് സ്പീഡിലാണ് ഇത് വിപണിയിൽ എത്തുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. പൂജ്യത്തിൽ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ജോയ് ഇ ബൈക്ക് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 7 സെക്കന്‍ഡ് സമയം മാത്രം മതിയാവും.
സാധ്യമായ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ഇവി നിര്‍ത്താന്‍ ഒരു ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റത്തോടൊപ്പം സംയോജിപ്പിച്ചിരിക്കുന്ന ട്വിന്‍-ഡിസ്‌ക് ബ്രേക്കാണ് മോഡലിന്റെ പ്രധാന സവിശേഷതകളില്‍ എടുത്തു പറയാനാവുന്ന മറ്റൊരു കാര്യം. മെറ്റാലിക് ബ്ലൂ, സോളിഡ് ബ്ലാക്ക് ഗ്ലോസി, സോളിഡ് യെല്ലോ ഗ്ലോസി, പേള്‍ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിൽ മിഹോസ് ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ഒരു റെട്രോ ശൈലിയിലാണ് ജോയ് ഇ-ബൈക്ക് പിന്തുടർന്നിരിക്കുന്നത്.

എര്‍ഗണോമിക് ആകൃതിയുള്ളതിനാല്‍ തന്നെ തിരക്കേറിയ റോഡുകളിലൂടെ എളുപ്പം സഞ്ചരിക്കാന്‍ മിഹോസ് ഇവിക്ക് സാധിക്കും. ജോയ് ഇ-ബൈക്ക് മിഹോസിന് 1,864 മില്ലീമീറ്റർ നീളവും 700 മില്ലീമീറ്റർ വീതിയും 1,178 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം ഇലക്ട്രിക് സ്കൂട്ടറിന്റെ വീൽബേസ് 1,360 മില്ലീമീറ്റർ ആണ്. സസ്പെൻഷൻ സജ്ജീകരണത്തിൽ മുന്‍വശത്ത് ടെലിസ്‌കോപിക് സജ്ജീകരണവും പിന്നില്‍ മോണോ റിവേര്‍സിബിള്‍ സ്പ്രിംഗ് സസ്‌പെന്‍ഷനുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. 175 mm ഗ്രൗണ്ട് ക്ലിയറൻസോടെയാണ് മോഡലിന്റെ വരവ്.
ബ്ലൂടൂത്ത് വഴിയുള്ള സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, റിമോട്ട് ട്രാക്കിംഗ്, റിവേഴ്സ് മോഡ്, ജിപിഎസ് ട്രാക്കിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഹൈഡ്രോളിക് കോമ്പി ബ്രേക്കിംഗ് സിസ്റ്റം (CBS) തുടങ്ങിയ സവിശേഷതകളും മോഡലിന് ലഭിക്കുന്നു. ജോയ് ഇ-ബൈക്ക്' നിർമാതാക്കളായ വാർഡ് വിസാർഡിന്റെ മിഹോസ് ഇവിയി വിപണിയിൽ ഒരു പ്രീമിയം മോഡലായി ഇടംപിടിക്കുന്നതിനാൽ ഏഥർ 450X, ഓല S1, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, സിമ്പിൾ വൺ തുടങ്ങിയ പ്രമുഖരുമായാവും മത്സരം.
ഓട്ടോ എക്‌സ്‌പോയിൽ മിഹോസിനായി മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സന്ദർശകർ അതിന്റെ റെട്രോ രൂപകൽപ്പനയെ അഭിനന്ദിക്കുക മാത്രമല്ല, അധിക സുരക്ഷയ്ക്കായി സ്കൂട്ടർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന (PDCPD) പ്രശംസിക്കുകയും ചെയ്തുവെന്നും വാർഡ് വിസാർഡ് ഇന്നൊവേഷൻസ് മൊബിലിറ്റി ചെയർമാനും എംഡിയുമായ യതിൻ ഗുപ്തെ പറഞ്ഞു. ഏറ്റവും മികച്ച സാങ്കേതികവിദ്യയും പ്രീമിയം സവിശേഷതകളും ഉപയോഗിച്ച്, ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ ഇലക്ട്രിക് സ്കൂട്ടർ വിജയമായിരിക്കും എന്നതിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








