ചാർജ് ചെയ്യാൻ 4 മണിക്കൂർ മതി, 114 കി.മീ. റേഞ്ചും; ഓലയെയും ഏഥറിനെയും തകർക്കാൻ ചൈനീസ് സ്‌കൂട്ടർ
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി (Electric Vehicles) അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ മാസവും നിരവധി പുതിയ മോഡലുകളാണ് വിപണി കീഴടക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഓലയും ഏഥറുമെല്ലാമാണ് അരങ്ങുവാഴുന്നതെങ്കിലു അതിനിടിയിൽ ഹീറോ മോട്ടോകോർപ്, ടിവിഎസ്, ബജാജ് പോലുള്ള മുൻനിര ബ്രാൻഡുകളും തങ്ങളുടേതായ ഇവികൾ പുറത്തിറക്കുന്നുണ്ടിപ്പോൾ.
അതുകൂടാതെ സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ വലിയ നിരയും ഇന്ത്യൻ ഇവി വിഭാഗത്തിലുണ്ട്. ഫെയിം II സബ്‌സിഡി സ്‌കീമിൽ അടുത്തിടെ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്ന് ഇലക്‌ട്രിക് വാഹനങ്ങളുടെ വില വർധിപ്പിച്ചുവെങ്കിലും ഡിമാന്റിൽ കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല. ബജാജ് ചേതക് ഇവിയോട് സമാനമായ ഡിസൈൻ ശൈലിയുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടർ കൂടി ഇന്ത്യയിലേക്ക് വരാൻ പോവുകയാണ്.

JNEN അല്ലെങ്കിൽ ജുനെങ് എന്നിറയപ്പെടുന്ന ചൈനീസ് ബ്രാൻഡാണ് ആഭ്യന്തര വിപണിയിലേക്ക് കാലുകുത്താൻ പോവുന്നത്.കപ്പൂച്ചിനോ L3E എന്ന ഇലക്‌ട്രിക് സ്‌കൂട്ടറാവും കമ്പനി ആദ്യം ഇന്ത്യയിൽ പുറത്തിറക്കുക. ചൈനയിലെ സെജിയാങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ ഇലക്‌ട്രിക് ടൂവീലർ നിർമാതാക്കളാണ് ജുനെങ് മോട്ടോർസൈക്കിൾ ടെക്നോളജി. NCAT ടൈപ്പ്-അപ്രൂവൽ ഡോക്യുമെന്റുകളിൽ നിന്നാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.
ലോത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന വിപണികളിലൊന്നാണ് ഇന്ത്യയെന്ന നിലയിലാണ് കപ്പൂച്ചിനോ ഇ-സ്‌കൂട്ടറുമായി ഒരു ഗ്രാൻഡ് എൻട്രി നടത്താൻ ചൈനക്കാർ തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തിൽ കപ്പൂച്ചിനോ ഇലക്‌ട്രിക് സ്‌കൂട്ടറിന് L1E, L3E എന്നീ രണ്ട് വേരിയന്റുകളുണ്ട്. ഇന്ത്യയിൽ രണ്ടാമത്തെ ടോപ്പ് വേരിയന്റാവും ബ്രാൻഡ് പുറത്തിറക്കുക. ഇതൊരു ഹൈ-സ്പീഡ് സ്കൂട്ടറാണ്.

അതായത് ഓല, ഏഥർ മോഡലുകൾക്ക് ഇവനൊരു വെല്ലുവിളിയാവുമെന്ന് സാരം. കൂടാതെ ഒരു മാന്യമായ വലിപ്പമുള്ള ബാറ്ററിയുമുണ്ട്. ഇന്ത്യയിൽ അംഗീകരിച്ചിട്ടുള്ള സ്പെസിഫിക്കേഷനും പല വിപണികളിലും ഇതിനകം വിൽപനയിലുള്ള ആഗോള മോഡലുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച് വ്യത്യാസങ്ങളെല്ലാം വന്നേക്കാം. ഇന്ത്യൻ മോഡലുകൾക്കും ആഗോള മോഡലുകൾക്കും 80 കിലോമീറ്ററിന്റെ ടോപ് സ്പീഡും 2.88 kWh 72V, 40Ah ബാറ്ററി പായ്ക്കും 4.69 bhp റേറ്റുമുള്ള ഒരു മോട്ടോറും ഉണ്ട്.
ഇന്ത്യലെത്തുന്ന ജുനെങ് കപ്പൂച്ചിനോ L3E ഇലക്‌ട്രിക് സ്‌കൂട്ടറിന് വീൽബേസ് ആഗോള പതിപ്പിനേക്കാൾ 20 മില്ലീമീറ്റർ ചെറുതാണ്. ആഗോളതലത്തിൽ 150 കിലോഗ്രാം ഭാരമാണ് ഇവിക്കുള്ളത്. ഒന്ന് ചാർജ് ചെയ്‌താൽ ഏകദേശം 114 കിലോമീറ്റർ റേഞ്ചും വാഹനത്തിന് ഉണ്ടാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ബാറ്ററി പൂർണമായും ചാർജാവാൻ 4 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക.

ഇനി ഡിസൈനിലേക്ക് വന്നാൽ ജുനെങ് കപ്പൂച്ചിനോ ഒരു നിയോ-റെട്രോ സമീപനം സ്വീകരിച്ച് ക്ലാസിക് സ്കൂട്ടർ ശൈലിയാണ് പിന്തുടരുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. മുമ്പ് പറഞ്ഞതു പോലെ ബജാജ് ചേതക് ഇവിയല്ലേ ഇതെന്ന് വരെ തോന്നിയേക്കാം. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലകളും ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള സൈഡ് ബോഡി പാനലുകളും റൌണ്ടിലുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ക്ലാസിക് പ്രഭാവം വർധിപ്പിക്കുന്നുമുണ്ട്.
ചൈനയിൽ നിന്നുള്ള ഇരുചക്ര വാഹന നിർമാതാക്കളാണെങ്കിലും ജുനെങ് കപ്പൂച്ചിനോ തികവാർന്നൊരു ഇലക്ട്രിക് സ്‌കൂട്ടർ തന്നെയാണെന്ന മനസിലാവും. സസ്‌പെൻഷൻ സജ്ജീകരണത്തിൽ സ്‌പ്രിംഗ്-ലോഡഡ് യൂണിറ്റുകളുമാണ് രണ്ടറ്റത്തും ഉപയോഗിച്ചിരിക്കുന്നത്. 120 സെക്ഷൻ ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലുകൾ മുന്നിലും പിന്നിലും ഇടംപിടിച്ചിരിക്കുന്നു. ഇ-സ്കൂട്ടറിന് മൊത്തത്തിൽ 1920 mm നീളം, 700 mm വീതി, 1170 mm ഉയരം 1335 mm വീൽബേസ് എന്നിവയാണുള്ളത്.

ഓപ്‌ഷണൽ പില്യൺ സീറ്റ് സജ്ജീകരണം, റിമൂവബിൾ ബാറ്ററി പായ്ക്ക്, സ്വിംഗാർമിൽ ഘടിപ്പിച്ച സൈഡ് ഡ്രൈവ് മോട്ടോർ എന്നിവയും ഇതിന്റെ പ്രധാന ഹൈലൈറ്റുകളാണ്. റേഞ്ചും പവർ കണക്കുകളും കണക്കിലെടുക്കുമ്പോൾ ജുനെങ് കപ്പൂച്ചിനോ ആകർഷകമായ വിലയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. 1 ലക്ഷം മുതൽ 1.20 ലക്ഷം വരെ എക്സ്ഷോറൂം വില പ്രതീക്ഷിച്ചാലും തെറ്റൊന്നുമില്ല. ഓല S1, ഏഥർ 450S, ടിവിഎസ് ഐക്യൂബ് എന്നിവയായിരിക്കും പ്രധാന എതിരാളികൾ.


Click it and Unblock the Notifications








