കവസാക്കിയുടെ 'ക്ലാസിക് ഹീറോ' Z900RS വിപണിയിൽ; വില 16.47 ലക്ഷം രൂപ
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ സൂപ്പർ ബൈക്കുകൾ അവതരിപ്പിച്ചിട്ടുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് കവസാക്കി. പ്രീമിയം മോട്ടോർസൈക്കിളുകൾ മുതൽ സ്പോർട്‌സ് ബൈക്കുകളും സൂപ്പർ ബൈക്കുമെല്ലാം ബ്രാൻഡിന്റെ നിരയിലെ സ്ഥിരസാന്നിധ്യങ്ങളാണ്. ഇതോടൊപ്പം റെട്രോ മോഡലുകളുടെ വലിയ നിരയുള്ളവരുമാണ് കവസാക്കി എന്നതാണ് ശ്രദ്ധേയം.
ഏതേലും ഒരു നിഞ്ച സ്പോർട്‌സ് ബൈക്ക് വാങ്ങുന്നത് സ്വപ്നം കാണാത്ത ചെറുപ്പക്കാരും ഇന്ത്യയിൽ വളരെ കുറവാണ്. ഓടിച്ചിട്ടില്ലെങ്കിലും നിരത്തുകളിൽ എന്നും കവസാക്കി ബൈക്കുകൾ ചീറിപായുന്നത് കാണാനും നമുക്കെല്ലാം ഏറെ ഇഷ്‌മുള്ള കാര്യമാണ്. ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കൾ ദേ ഇപ്പോൾ ഇന്ത്യയിൽ പുതിയ 2023 മോഡൽ Z900RS നിയോ റെട്രോ മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ്. 16.47 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബൈക്കിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ്-VI മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് കവസാക്കി Z900RS ഇന്ത്യയിൽ വിൽക്കുന്നത് താത്ക്കാലികമായി നിർത്തിയിരുന്നു. എന്നിരുന്നാലും അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന കർശനമായ പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നാല് സിലിണ്ടർ എഞ്ചിൻ ട്യൂൺ ചെയ്താണ് റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിൾ ഇന്ത്യയിൽ തിരിച്ചെത്തിച്ചിരിക്കുന്നത്. മാർച്ച് അവസാനത്തോടെ മോഡലിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്നാണ് ജീപ്പനീസ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. കാൻഡി ടോൺ ബ്ലൂ, മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാവും.
ലിക്വിഡ്-കൂൾഡ് ഇൻലൈൻ 4-സിലിണ്ടർ 948 സിസി എഞ്ചിനാണ് കവസാക്കിയുടെ പുതുപുത്തൻ Z900RS ബൈക്കിന് തുടിപ്പേകുന്നത്. ഇത് 8,500 rpm-ൽ 110 bhp കരുത്തും 6,500 rpm-ൽ 98.5 Nm torque വരെയും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഉയർന്ന ടെൻസൈൽ സ്റ്റീലിൽ നിർമിച്ച ട്രെല്ലിസ് ഫ്രെയിമാണ് Z900RS-ന് അടിസ്ഥാനമായിരിക്കുന്നത്.

നിയോ റിട്രോ ബൈക്കിന്റെ മറ്റ് മെക്കാനിക്കൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി 41 mm ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് കവസാക്കി ക്രമീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 300 mm ഡ്യുവൽ ഡിസ്‌കുകളും പിന്നിൽ 250 mm സിംഗിൾ ഡിസ്‌ക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ പുതിയ Z900RS മോട്ടോർസൈക്കിളിൽ KTRC അല്ലെങ്കിൽ കവസാക്കി ട്രാക്ഷൻ കൺട്രോൾ ഫീച്ചറും കമ്പനി അവതരിപ്പിക്കുന്നുണ്ട്.
ഇനി വലിപ്പത്തിന്റെ കാര്യത്തിലേക്ക് കടന്നാൽ പുതിയ 2023 മോഡൽ കവസാക്കി Z900RS നിയോ റെട്രോ മോട്ടോർസൈക്കിളിന് 2,100 മില്ലീമീറ്റർ നീളവും 865 മില്ലീമീറ്റർ വീതിയും 1,150 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം വീൽബേസിന് 1,470 മില്ലീമീറ്റർ നീളവും 130 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ബൈക്ക് വാഗ്ദാനം ചെയ്യുന്നു. ബൈക്കിന്റെ സീറ്റ് ഹൈറ്റ് 835 mm ആണെന്ന് കമ്പനി പറയുമ്പോൾ 17 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 215 കിലോഗ്രാം ഭാരവുമാണ് പുതിയ പതിപ്പിനുള്ളത്.

രൂപഭംഗിയിലേക്ക് കടന്നാൽ മുമ്പ് വിശേഷിപ്പിച്ചപോലെ നിയോ റെട്രോ ശൈലി തന്നെയാണ് കവസാക്കിയുടെ Z900RS മോട്ടോർസൈക്കിൾ പിന്തുടരുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും മെലിഞ്ഞ ഫ്യുവൽ ടാങ്കും കോംപാക്‌ട് റിയർ സെക്ഷനും അതിമനോഹരമായാണ് പൂർത്തിയാക്കിയിരിക്കുന്നത്. Z900RS-ന്റെ ചില ഡിസൈൻ ഘടകങ്ങൾ 1977-ൽ പുറത്തിറക്കിയ Z900-B1 മോഡലിൽ നിന്ന് കടമെടുത്തതാണെന്നാണ് ബ്രാൻഡ് പറയുന്നത്.
താരതമ്യേന ആധുനിക മോട്ടോർസൈക്കിളാണെങ്കിലും ക്ലാസിക് ശൈലി പിന്തുടർന്നിടത്താണ് കവസാക്കി വിജയം കണ്ടിരിക്കുന്നത്. എങ്കിലും പ്രായോഗികമായി ഓൾ-എൽഇഡി ലൈറ്റിംഗ് ഉപയോഗിച്ചിരിക്കുന്ന കാര്യവും പ്രശംസനീയമാണ്. സ്‌പോക്കുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന 17 ഇഞ്ച് അലോയ് വീലുകളും മനോഹരമായി തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് ഡ്യുവൽ-ഡയൽ അനലോഗ് ഡിസൈൻ ഉണ്ട്. കൂടാതെ ഒരു ചെറിയ എൽസിഡി സ്ക്രീനും സംയോജിപ്പിച്ചാണ് ഇത് പൂർത്തീകരിച്ചിരിക്കുന്നത്.

കവസാക്കി Z900RS ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുള്ള മുൻനിര നിയോ-റെട്രോ മോട്ടോർസൈക്കിളായാണ് ഇന്ത്യയിൽ ഇടംപിടിച്ചിരിക്കുന്നത്. ട്രയംഫിന്റെ ബോണവില്ലെ T100, സ്പീഡ് ട്വിൻ മോഡലുകൾക്കെതിരെയാണ് ഇതിന്റെ പ്രധാന മത്സരം. പുതിയ മാനദണ്ഡങ്ങൾക്കായി എഞ്ചിൻ അപ്‌ഡേറ്റ് ചെയ്‌തതോടെ Z900RS ഇന്ത്യയിലെ ഒരു വിഭാഗം ആളുകളെ കൈയിലെടുക്കാൻ പ്രാപ്‌തമാണെന്ന് തെളിയിക്കും.


Click it and Unblock the Notifications








