KTM ഇനിയേലും വീഴുമോ? K300N, K300R മോഡലുകളുടെ വില വെട്ടിക്കുറച്ച് കീവേ
ഹംഗേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ ഇന്ത്യയിലെത്തിയത് പോയ വർഷമാണ്. രാജ്യത്തെ കെടിഎം പോലുള്ള സ്പോർട്‌സ് ബൈക്ക് നിർമാതാക്കളുടെ വിപണി വിഹിതം ലക്ഷ്യമിട്ടാണ് കമ്പനി നാലോളം വരുന്ന പ്രീമിയം സ്കൂട്ടർ, മോട്ടോർസൈക്കിൾ ശ്രേണിയെ പരിചയപ്പെടുത്തുന്നത്. ആദിശ്വർ ഓട്ടോ റൈഡ് എന്ന സ്ഥാപനത്തിന്റെ കൈപിടിച്ചാണ് കീവേ ഇന്ത്യയിലേക്ക് എത്തിയത്.
നിലവിൽ 98 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കീവേ വിയെസ്റ്റെ 300 മാക്‌സി സ്‌കൂട്ടർ, സിക്‌സ്റ്റീസ് 300i റെട്രോ സ്കൂട്ടർ, K-ലൈറ്റ് 250V ക്രൂയിസർ, K300 ശ്രേണി എന്നിവയാണ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധനേടിയത് കെടിഎം RC, ഡ്യൂക്ക് മോഡലുകളെ വെല്ലാനെത്തിയ K300N, K300R മോട്ടോർസൈക്കിളുകൾ തന്നെയാണ്. K300N നേക്കഡ് സ്ട്രീറ്റ് പതിപ്പായും K300R സ്പോർട്‌സ് ബൈക്കായുമാണ് രൂപമെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ K300N, K300R മോഡലുകളെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി രണ്ട് മോട്ടോർസൈക്കിളുകളുടെയും വില വെട്ടിക്കുറച്ചിരിക്കുകയാണ് കീവേ. നേക്കഡ് സ്ട്രീറ്റ് പതിപ്പായ K300N രണ്ട് വേരിയന്റുകളിലും K300R ഫുള്ളി ഫെയർഡ് റേസിംഗ് സ്‌പോർട്‌സ് ഓറിയന്റഡ് മോഡലിലുമാണ് ഹംഗേറിയൻ ബ്രാൻഡ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ലോഞ്ച് ചെയ്‌തപ്പോൾ നേക്കഡ് പതിപ്പിനായി 2.65 ലക്ഷം മുതൽ 2.85 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയിരുന്നത്.
അതേസമയം ഫെയർഡ് ബൈക്കിനാവട്ടെ 2.99 ലക്ഷം മുതൽ 3.20 ലക്ഷം രൂപ വരെയും ചെലവഴിക്കേണ്ടതായിട്ടുണ്ട്. ഈ വിലയിലാണ് കീവേ വലിയ വെട്ടിനിരത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ പുതിയ വിലകൾ അനുസരിച്ച് 300N നേക്കഡ് സ്ട്രീറ്റിന്റെ എല്ലാ കളർ ഓപ്ഷനുകൾക്കും 2.55 ലക്ഷം രൂപയും K300R ഫെയർഡ് ബൈക്കിന്റെ എല്ലാ വേരിയന്റുകൾക്കും 3.65 ലക്ഷം രൂപയുമാണ് വില.

അതായയത് പുതിയ K300N മോഡലിന് 10,000 മുതൽ 30,000 രൂപ വരെയും K300R പതിപ്പിന് 34,000 മുതൽ 55,000 രൂപ വരെയുമാണ് ഹംഗേറിയൻ ബ്രാൻഡ് ഒറ്റയടിക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. കമ്പനിക്ക് ഇപ്പോൾ മികച്ച ഇറക്കുമതിച്ചെലവ് നേടാൻ കഴിഞ്ഞതിനാലാണ് വിലയിൽ ഇത്രയും വലിയ കുറവ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനായതെന്ന് കീവേ പ്രസ്‌താവനയിലൂടെ ഔദ്യോഗികമായി അറിയിച്ചു. രണ്ട് ശൈലിയിലാണ് എത്തുന്നതെങ്കിലും K300N, K300R എന്നിവ ഒരേ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമാണ്.
27.5 bhp കരുത്തിൽ 25 Nm torque ഉത്പാദിപ്പിക്കുന്ന 292.4 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കീവേ K300N, K300R മോട്ടോർസൈക്കിളുകൾക്ക് തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. രണ്ട് ബൈക്കുകൾക്കും സമാനമായ എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കോണാകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റിനൊപ്പം ഒരു ചെറിയ ടെയിൽ സെക്ഷൻ എന്നിവ ലഭിക്കും.

ട്യൂബ്‌ലെസ് ടയറുകൾക്ക് സമാനമായ ഡിസൈനിലുള്ള അലോയ് വീലുകളും കീവേ രണ്ട് മോട്ടോർസൈക്കിളിലും സമ്മാനിച്ചിട്ടുണ്ട്. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് 37 mm USD ഷോക്ക് അബ്സോർബറുകളും പിന്നിൽ സെൻട്രൽ മോണോഷോക്കുമാണ് K300N, K300R ബൈക്കുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇനി ബ്രേക്കിംഗിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡായി ഡ്യുവൽ ചാനൽ എബിഎസിനൊപ്പം മുൻവശത്ത് 292 mm സിംഗിൾ ഡിസ്‌കുകളും പിന്നിൽ 220 mm സിംഗിൾ ഡിസ്‌ക്കുമാണ് ഇടംപിടിച്ചിരിക്കുന്നത്.
രണ്ട് ബൈക്കുകൾക്കും വൈറ്റ്, റെഡ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകൾ ലഭിക്കും. K300N നേക്കഡ് പതിപ്പിന് 151 കിലോഗ്രാം ഭാരവും 795 mm സീറ്റ് ഉയരവുമുണ്ട്. മറുവശത്ത് K300R ഫുള്ളി ഫെയർഡ് ബൈക്കിന് 165 കിലോഗ്രാം ഭാരവും 780 mm സീറ്റ് ഉയരവുമുണ്ട്. നിലവിൽ ഇന്ത്യൻ വിപണിയിലെ എൻട്രി ലെവൽ പ്രീമിയം ഇരുചക്ര വാഹന വിഭാഗത്തിലാണ് കീവേയുടെ മത്സരമെന്നതിനാൽ പിടിച്ചു നിൽക്കാൻ പാടാവും. കൂടാതെ വേണ്ടത്ര ഡീലർഷിപ്പുകളുടെ അഭാവവും ചിലപ്പോൾ തിരിച്ചടിയായേക്കും.


Click it and Unblock the Notifications








