പണി ഓലയ്ക്കോ ഹോണ്ടക്കോ? ഇലക്‌ട്രിക് വിപ്ലവത്തിന് കൈനറ്റിക് ലൂണ വരുന്നു, പേരും റെഡി
അമ്പത് വർഷം മുമ്പ് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്‌ടിച്ച ഇരുചക്ര വാഹനമായിരുന്നു കൈനറ്റിക് ലൂണ. മോപ്പഡ് ബൈക്ക് എന്ന ശൈലിയുമായെത്തി നമ്മുടെ നിരത്തുകളിൽ വിസ്‌മയമായ മോഡലായിരുന്നു ഇത്. ഇന്ത്യൻ നിരത്തുകളിൽ രണ്ടാം വരവിന്റെ സൂചനകൾ നൽകി കൈനറ്റിക് ഇലക്ട്രിക് പതിപ്പിൽ ലൂണയെ അവതരിപ്പിക്കുന്നുവെന്ന വാർത്തകളും നേരത്തെ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞുപോയ കാലം തിരികെ പിടിക്കാനായി ഇത്തവണ ഇലക്ട്രിക് വേഷമണിഞ്ഞാണ് കൈനറ്റിക് ലൂണ മോപ്പഡ് വരവറിയിക്കുന്നത്. പഴയ 50 സിസി എഞ്ചിൻ അല്ലെങ്കിലും പകരം കൈനറ്റിക്കിൽ നിന്ന് വരാനിരിക്കുന്ന ലൂണ വൈദ്യുത മോഡലായി മാറുന്നത് വലിയൊരു വിപ്ലവമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അവതരണത്തിന്റെ ഭാഗമായി കൈനറ്റിക് ഗ്രീൻ സ്ഥാപകയും സിഇഒയുമായ സുലജ്ജ ഫിറോദിയ മോട്‌വാനി തങ്ങളുടെ ഇലക്ട്രിക് സംരംഭത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

ടൂവീലർ വ്യവസായത്തിലെ ഒരു ഇതിഹാസ മോഡലിന്റെ പിൻഗാമിയായി വരാനിരിക്കുന്ന ലൂണയുടെ വൈദ്യുത പതിപ്പിനെ 'ഇ ലൂണ' എന്നുവിളിക്കുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം. അരനൂറ്റാണ്ട് പിന്നിട്ട ലൂണയുടെ പേര് തിരിച്ചുവരുന്നതിനും ഈ സംഭവം കാരണമാവും. നിലവിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് പ്രചാരമേറിവരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ലൂണയുടെ വരവും ഏറെ ശ്രദ്ധനേടുമെന്ന് ഉറപ്പാണ്. കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് എന്ന കമ്പനിക്കായിരിക്കും ഇവിയുടെ വിൽപ്പന ചുമതല.
വരാനിരിക്കുന്ന ഇലക്ട്രിക് ലൂണയുടെ പേര് വെളിപ്പെടുത്തിയ ട്വീറ്റിനൊപ്പം കൈനറ്റിക് ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന അരുൺ ഫിറോദിയ കൈനറ്റിക് ലൂണയിൽ ഇരിക്കുന്ന ഒരു ചിത്രവും സിഇഒ സുലജ്ജ ഫിറോദിയ മോട്‌വാനി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം ഐതിഹാസികമായ "ചൽ മേരി ലൂണ" പരസ്യവും പോസ്റ്റ് ചെയ്‌തിട്ടുണ്ട്. കൈനറ്റിക് ഗ്രൂപ്പിന്റെ സഹോദര ബ്രാൻഡായ കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസിന്റെ ഉൽപ്പന്നമായിരിക്കും ഇലക്ട്രിക് ലൂണ അല്ലെങ്കിൽ ഇ ലൂണ.

ഷാസിയുടെയും മറ്റ് സബ് അസംബ്ലികളുടെയും ഉത്പാദനം കമ്പനി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെയുള്ള ഉത്പാദന സംഖ്യകൾ പ്രതിമാസം 5,000 യൂണിറ്റിന് അടുത്താവാനാണ് സാധ്യത. കാലക്രമേണ നിർമാണം വർധിപ്പിക്കാനുള്ള സാധ്യതയും കമ്പനി തള്ളിക്കളയുന്നില്ല. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള ഒരു പ്രത്യേക പ്രൊഡക്ഷൻ ലൈനിലാണ് ഇലക്ട്രിക് മോപ്പഡിന്റെ നിർമാണം നടക്കുന്നത്. കൈനറ്റിക് തങ്ങളുചെ ഐക്കണിക് ഇ ലൂണയ്‌ക്കായി ഒരു പ്രത്യേക അസംബ്ലി ലൈൻ സജ്ജീകരിച്ചിട്ടുമുണ്ട്.
ഇലക്ട്രിക് ലൂണയ്ക്ക് മാത്രമായി 30 പുതിയ വെൽഡിംഗ് മെഷീനുകൾ വരെ കമ്പനി അസംബ്ലി ലൈനിൽ സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം വൈദ്യുത വാഹനത്തിനായി പ്രത്യേക പെയിന്റ് ബൂത്തുകളും ഫാബ്രിക്കേഷൻ ഷോപ്പുകളും ബ്രാൻഡ് സജ്ജീകരിക്കും. നിലവില്‍ മോപ്പഡ് വിഭാഗത്തില്‍ ടിവിഎസ് XL100 എന്ന ഒരു മോഡല്‍ മാത്രമാണ് രാജ്യത്ത് വിപണനം ചെയ്യുന്നത്. ഇതിന് വിപണിയിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നുമുണ്ട്. ഈ അവസരം വിനിയോഗിക്കാൻ ലൂണയ്ക്ക് സാധിച്ചാൽ ടിവിഎസിന് അതൊരു പ്രഹരമാവും.

1972-ല്‍ ആണ് 50 സിസി എഞ്ചിനുമായി ലൂണ ആദ്യമായി വിപണിയിലെത്തുന്നത്. ഒരുഘട്ടത്തില്‍ പ്രതിദിനം 2000 ലൂണ വരെ വിറ്റുപോയ ചരിത്രവും കൈനറ്റി ഓർമിപ്പിക്കുന്നുണ്ട്. താങ്ങാനാവുന്ന വിലയാണ് ലൂണയുടെ പ്രധാന ലക്ഷ്യം. B2B, B2C മോഡലുകളിൽ പ്രവർത്തിക്കുന്ന ലാസ്റ്റ് മൈൽ ഡെലിവറി സെക്ടറാണ് കൈനറ്റിക് ലക്ഷ്യമിടുന്നതെന്ന സൂചനയുമുണ്ട്. ഇവിടെയാണ് ഹോണ്ട ബെൻലി ഇയും കടന്നുവരാൻ പോവുന്നത്.
കൈനറ്റിക് 2024-ൽ ലൂണ പുറത്തിറക്കിയേക്കും. വില ഏകദേശം 50,000 രൂപ മുതലാവാമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 100 കിലോമീറ്റർ വരെ റേഞ്ചായിരിക്കും വാഹനത്തിനുണ്ടാവുക. ഇത് പ്രാഥമിക വിലയിരുത്തലാണെങ്കിലും ഡെലിവറി പോലുള്ള വാണിജ്യ ആവശ്യങ്ങൾക്ക് ഇതു മതിയാവും. പാസഞ്ചർ വിപണിക്കുള്ള ഇലക്ട്രിക് മോഡലും കൈനറ്റിക്കിൽ നിന്നും ഉണ്ടാവും. അടുത്ത നാല് വര്‍ഷം കൊണ്ട് മേഖലയില്‍ 400 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ ലക്ഷ്യം.

ഇ-ബഗ്ഗി, ഇ-ഓട്ടോ, പെട്ടി ഓട്ടോ, സ്‌കൂട്ടര്‍, സൈക്കിള്‍ എന്നിവയാണ് കൈനറ്റിക് ഗ്രീന്‍ ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍. എന്തായാലും ലൂണയുടെ തിരിച്ചുവരവ് ഇന്ത്യയിലെ ഇലട്രിക് ഇരുചക്ര വാഹന വിപണിക്ക് പുത്തൻ ഉണർവേകും. ഇന്ന് മോപ്പഡുകൾ അത്ര ട്രെൻഡിംഗ് അല്ലെങ്കിലും ഒരു ഐതിഹാസിക വാഹനം തിരികെ വരുന്നത് ഈ വിഭാഗത്തെ കൂടുതൽ ശ്രദ്ധനേടാൻ സഹായിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications








