ഓലയ്ക്ക് എട്ടിന്റെ പണി, 180 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന (Electric Vehicles) രംഗം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ഒരു തുടക്കകാരൻ എന്ന നിലയിലുള്ള രാജ്യത്തിന്റെ ഇമേജെല്ലാം മാറിയിരിക്കുകയാണ്. ഇപ്പോൾ ഏവർക്കും വൈദ്യുത വാഹനങ്ങളെല്ലാം സുപരിചിതമായി കഴിഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചതാവട്ടെ രാജ്യത്തെ ഇരുചക്ര വാഹന വിപണിയാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി തുടങ്ങിയെങ്കിലും കുറഞ്ഞ റേഞ്ചുള്ള മോഡലുകൾ ഇന്നും വിപണിയുടെ ആശങ്കകളിൽ ഒന്നാണ്. പക്ഷേ ഇന്നു പുറത്തിറങ്ങുന്ന ഒട്ടുമിക്ക ഇവികളും 100 കിലോമീറ്റർ റേഞ്ച് എങ്കിലും വാഗ്‌ദാനം ചെയ്‌തുകൊണ്ടാണെന്നതും വാസ്‌തവമാണ്. ഇതിന്റെയെല്ലാം ഭാഗമായി വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ജനകീയരാക്കിയതിൽ പ്രധാന പങ്കുവഹിച്ച സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നായ കൊമാകിയും പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.

തങ്ങളുടെ ജനപ്രിയ മോഡലുകളിൽ ഒന്നിനെ പരിഷ്ക്കരിച്ച് പുനരവതരിപ്പിച്ചതാണീ മാറ്റം. കൂടുതൽ മൈലേജും നൂതന ഫീച്ചറുകളുമുള്ള SE ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയുടെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കിയ കമ്പനി കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കുകയാണ്. ഇക്കോ, സ്‌പോർട്ട്, സ്‌പോർട്ട് പെർഫോമൻസ് അപ്‌ഗ്രേഡ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് SE ഇവിയിൽ ഇനി ലഭ്യമാവുക. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 96,968 രൂപ മുതൽ 1,38,427 രൂപ വരെയാണ് ഇവക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
മൂന്ന് മോഡലുകളുടെയും കൃത്യമായ വിലവിവരങ്ങളിലേക്ക് നോക്കിയാൽ SE ഇക്കോ സ്‌കൂട്ടറിന്റെ വില 96,968 രൂപയും SE സ്‌പോർട്ടിന്റെ വില 1,29,938 രൂപയും SE സ്‌പോർട് പെർഫോമൻസ് അപ്‌ഗ്രേഡ് പതിപ്പിന് 1,38,427 രൂപയുമാണ് വില. കൊമാകി SE ഇലക്ട്രിക് സ്കൂട്ടർ ശ്രേണി ഇപ്പോൾ LiFePO4 സ്മാർട്ട് ബാറ്ററികളുമായാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവ ആപ്പ് അധിഷ്‌ഠിതവും സുരക്ഷാ ഘടകം വർധിപ്പിക്കുന്നതിനായി തീ പിടുത്തത്തെ പ്രതിരോധിക്കുന്നവയുമാണ്.

വെറും നാലോ അഞ്ചോ മണിക്കൂർ കൊണ്ട് 100 ശതമാനം വരെ ഇവ ചാർജ് ചെയ്യാനും സാധിക്കുമെന്നതും വലിയൊരു നേട്ടമാണ്. മാത്രമല്ല, പുതിയ പരിഷ്ക്കാരങ്ങളോടെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ റേഞ്ചിന്റെ കാര്യത്തിലും മിടുക്കരായിട്ടുണ്ട്. കൊമാകി SE ഇക്കോയ്ക്ക് പൂർണ ചാർജിൽ 75-90 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. അതേസമയം കൊമാകി SE സ്‌പോർട്ടിന് 110-140 കിലോമീറ്റർ റേഞ്ചാണുള്ളത്. ടോപ്പ് വേരിയന്റായ SE സ്‌പോർട് പെർഫോമൻസ് അപ്‌ഗ്രേഡിന് ഒറ്റ ചാർജിൽ 150-180 കിലോമീറ്റർ വരെ ഓടാനാവും.
കൊമാകി SE ഇക്കോയുടെ വേഗത പരിധി 55-60 കി.മീ. ആണെങ്കിൽ SE സ്പോർട്ട്, SE സ്‌പോർട്ട് പെർഫോമൻസ് അപ്‌ഗ്രേഡ് എന്നിവയ്ക്ക് 75-80 കിലോമീറ്ററാണ് ടോപ്പ് സ്പീഡായി നിശ്ചയിച്ചിരിക്കുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറിൽ LiFePO4 ബാറ്ററിയുമായി ഘടിപ്പിച്ച 3kW ഹബ് മോട്ടോറാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് ഉപയോഗിക്കുന്നത്. ഇക്കോ, സ്‌പോർട്ട്, ടർബോ എന്നിങ്ങനെ മൂന്ന് ഗിയർ മോഡുകളുമായാണ് ഈ സ്‌കൂട്ടറുകൾ വരുന്നത് എന്നതും ശ്രദ്ധേയമാണ്.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിന് 20 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കും. അതേസമയം കീ ഫോബ് കീലെസ് എൻട്രിയും കൺട്രോളും ആന്റി-സ്‌കിഡ് സാങ്കേതികവിദ്യയും കൊമാകിയുടെ ഈ ജനപ്രിയ സ്‌കൂട്ടറുകളിലെ ചില നൂതന സവിശേഷതകളായി കോർത്തിണക്കിയിട്ടുണ്ട്. സിറ്റി സ്‌പ്രിന്റിനും ഗ്രാൻഡ് ടൂറിങ്ങിനുമുള്ള ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടർ മോഡലുകളിൽ ഒന്നാണ് പുതിയ കൊമാകി SE എന്ന് ബ്രാൻഡിന്റെ ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു.
ട്രെൻഡിയർ ലുക്കിനായി ഡ്യുവൽ ഡിസ്‌ക് ബ്രേക്കും പുതിയ എൽഇഡി ഡിആർഎൽ ഡിസൈനും ഈ സ്‌കൂട്ടറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. എൽഇഡി ഫ്രണ്ട് വിങ്കറുകൾ, 3000 വാട്ട് ഹബ് മോട്ടോർ, 50 AMP കൺട്രോളർ, പാർക്കിംഗ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് കോമാകി SE ഇലക്ട്രിക് ശ്രേണി വരുന്നത്. ഓൺ-ബോർഡ് നാവിഗേഷൻ, സൗണ്ട് സിസ്റ്റം, ഓൺ-ദി-മൂവ് കോളിംഗ് ഓപ്ഷനുകൾ, റെഡി-ടു-റൈഡ് സവിശേഷതകൾ എന്നിവയുള്ള TFT സ്‌ക്രീൻ ബോർഡിലെ മറ്റ് ഫീച്ചറുകളാണ്.


Click it and Unblock the Notifications








