ഒറ്റ മാസംകൊണ്ട് ഈ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാരിക്കൂട്ടിയത് 12,000 ബുക്കിംഗ്, കണ്ണുതള്ളി ഓലയും ഏഥറും
ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നൊരു പുതിയ ടൂവീലർ വാങ്ങണമെന്ന് പ്ലാനിട്ടാൽ ആദ്യം ചിന്തിക്കുക ഇവികളെ കുറിച്ചായിരിക്കും. കുറഞ്ഞ ചെലവിൽ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ വൈദ്യുത വാഹനങ്ങൾക്കാവുന്ന പോലെ മറ്റൊരു മോഡലുകൾക്കും ആവില്ലെന്നു തന്നെ പറയാം. ശരാശരി നോക്കിയാലും ഇന്ന് 100 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് നൽകുന്ന ഇവികളാണ് നമുക്കിടയിലുള്ളത്.
പെട്രോൾ സ്‌കൂട്ടറുകളെ അപേക്ഷിച്ച് വില അൽപം കൂടുതലായി തോന്നുമെങ്കിലും പെട്രോൾ അടിക്കാൻ പണം കണ്ടത്തേണ്ട എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇതൊന്ന് ശീലമായാൽ പോക്കറ്റിൽ കാശ് കിടക്കുകയും ചെയ്യും. രാത്രി ഉറങ്ങാൻനേരം ഇലക്‌ട്രിക് വാഹനം ഒന്ന് ചാർജ് ചെയ്യാൻ ഇട്ടാലും മതി. സംഭവം ജോറാവും. അടുത്തിടെ പരിഷ്ക്കരിച്ച ഫെയിം II സബ്‌സിഡിക്ക് ശേഷം ഇലക്ട്രിക് വാഹനങ്ങളുടെയെല്ലാം വിലയിൽ ഗണ്യമായ വർധനവാണുണ്ടായിരിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശങ്കയാണ്.

ഇവിടെയാണ ദൈനംദിന ആവശ്യങ്ങൾക്കായുള്ള ഉപയോഗങ്ങൾക്ക് പറ്റിയ കുറഞ്ഞ വിലയുള്ള സ്‌കൂട്ടറുകളുടെ സാന്നിധ്യം സഹായകരമാവുന്നത്. SAR ഗ്രൂപ്പിന്റെ ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്‌ട്രിക്‌സ് ഇവി അടുത്തിടെ അതായത് ജൂലൈയിൽ തങ്ങളുടെ ഏറ്റവും പുതിയ LXS G2.0, LXS G3.0 ഇലക്ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇവികൾ പുറത്തിറക്കി ഒരു മാസത്തിനുള്ളിൽ 12,000 ബുക്കിംഗുകളാണ് കമ്പനിയെ തേടിയെത്തിയിരിക്കുന്നത്.
പുതിയ LXS G2.0, LXS G3.0 എന്നീ രണ്ട് സ്‌കൂട്ടറുകൾക്കും ഒരു ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. 2024 മാർച്ചോടെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി 50,000 ബുക്കിംഗുകൾ നേടാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. പരിമിതകാല പ്രാരംഭ ഓഫറോടെ ജൂലൈയിലാണ് ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. തുടർന്ന് ഓഗസ്റ്റിൽ ഡെലിവറികളും ആരംഭിച്ചു. 36 സുരക്ഷാ ഫീച്ചറുകൾ, 24 സ്‌മാർട്ട് ഫീച്ചറുകൾ, 14 കംഫർട്ട് ഫീച്ചറുകൾ എന്നിവയുടെ ഒരു നിരയുമായാണ് സ്കൂട്ടറുകൾ വരുന്നത്.

2.3kWh, 3kWh ബാറ്ററി ഓപ്ഷനുകളിൽ ഇവ ലഭ്യമാണ്. ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും ഈ പുത്തൻ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കാവും. കുറഞ്ഞ വിലയ്ക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന കുഞ്ഞൻ ഇലക്ട്രിക് സ്കൂട്ടറുകൾ തേടുന്നവർക്ക് പറ്റിയ ഓപ്ഷനാണ് SAR ഗ്രൂപ്പിന്റെ ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്‌ട്രിക്‌സ് ഇവിയുടെ പുത്തൻ LXS G2.0, LXS G3.0 ഇ-സ്‌കൂട്ടറുകൾ.
സ്കൂട്ടറുകളുടെ ഷാസി 2.6 ലക്ഷം കിലോമീറ്ററിലധികം പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാൽ മെച്ചപ്പെട്ട റൈഡിംഗ് അനുഭവം നൽകുമെന്നും ലെക്ട്രിക്സ് പറയുന്നു. വാഹനങ്ങൾക്ക് സംയോജിത നാവിഗേഷൻ സംവിധാനവും വോയ്‌സ് അസിസ്റ്റന്റും ലഭിക്കും. ഈ മോഡലുകൾ ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, ലഭ്യമാകുമ്പോഴെല്ലാം സ്വീകരിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അങ്ങനെ അവ സാങ്കേതികമായി തികച്ചും അടിപൊളിയാണെന്ന് തെളിയിക്കുന്നുണ്ട്.
പൂര്‍ണമായും ഓട്ടോമാറ്റിക്കായ സ്മാര്‍ട്ട് ഇന്‍ഡിക്കേറ്റര്‍ സംവിധാനം, നാവിഗേഷന്‍, തത്സമയ ലൊക്കേഷന്‍, വോയ്സ് അധിഷ്ഠിത ഇഗ്‌നീഷന്‍, കാറുകളിലുള്ള സീറ്റ് ബെല്‍റ്റ് അലാമിനു സമാനമായി ഹെല്‍മെറ്റ് അലാം, ഫാസ്റ്റ് ചാര്‍ജിംഗ് പോലുള്ള കിടിലൻ ഫീച്ചറുകളുടെ അമ്പടിയും ലെക്ട്രിക് LXS G2.0, LXS G3.0 ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ലഭ്യമാണ്. ഈ സവിശേഷതകൾ ജെൻ Z തലമുറയുടെ കാലഘട്ടത്തിന്റെ ആവശ്യകതയായി പ്രചരിക്കപ്പെടുന്നവയാണ്.
കഴിഞ്ഞില്ല, ഇതോടൊപ്പം സ്‌മാർട്ട് ഇഗ്‌നിഷൻ, ഹെൽമെറ്റ് വാർണിംഗ്, വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, മൊബൈൽ ആപ്പ് വഴി പ്രവർത്തിക്കുന്ന റിമോട്ട് സീറ്റ്, ആന്റി-തെഫ്റ്റ് മെക്കാനിസം, ഫൈൻഡ്-മൈ-വെഹിക്കിൾ, എമർജൻസി എസ്ഒഎസ് ബട്ടണുകൾ എന്നിവയും ലെക്ട്രിക് ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഭാഗമാണ്. ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉൾപ്പെടെ ഒന്നിലധികം മോഡലുകളും വികസിപ്പിക്കുന്ന പ്രവർത്തനത്തിലാണ് ബ്രാൻഡിപ്പോൾ.
ഇലക്ട്രിക് വാഹന രംഗത്തേക്ക് ആദ്യമായാണ് ലെക്‌ട്രിക്‌സ് ഇവി പുത്തൻ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുന്നതെങ്കിലും നേരത്തെ B2B സെഗ്മെന്റിൽ കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രതിവർഷം 150,000 യൂണിറ്റ് സ്ഥാപിത ശേഷിയുള്ള ഒരു നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ബ്രാൻഡ് ഇതിനകം 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത വർഷം 500 കോടി രൂപ സമാഹരിച്ച് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനും ഉത്പാദനം പ്രതിവർഷം 300,000 യൂണിറ്റായി ഇരട്ടിയാക്കാനുമുള്ള പദ്ധതികളുമുണ്ട്.


Click it and Unblock the Notifications








