മോഹവിലയും 100 കി.മീ റേഞ്ചും, ഓലയുടെ കാറ്റ് ഊരാൻ രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇത്രവേഗം വൈദ്യുത വാഹനങ്ങളിലേക്ക് ഇന്ത്യയും കുതിക്കുമെന്ന് ആരും ചിന്തിച്ചിട്ടുകൂടിയുണ്ടാവില്ല. എന്നാൽ ഇക്കാര്യം ഇത്രവേഗം സാധ്യമാക്കി തന്നത് പെട്രോൾ വിലയിലുണ്ടായ വർധനവാണെന്ന് പറയാതെ വയ്യ. ആക്ഷേപഹാസ്യ രൂപേണയാണ് പറയുന്നതെങ്കിലും ഇത് വളരെ സത്യമായൊരു കാര്യം തന്നെയല്ലേന്ന് ഒന്നിരുത്തി ചിന്തിച്ചേ.
സാധാരണ പെട്രോൾ സ്‌കൂട്ടറുകളിൽ പോലും ഇന്ധനമടിച്ചാൽ തികയാറില്ലെന്ന കാരണം കൊണ്ട് പലരും ഇവികളിലേക്ക് വളരെ വേഗം ചേക്കേറി. പക്ഷേ ഇപ്പോൾ പ്രധാന പ്രശ്‌നമെന്തെന്ന് ചോദിച്ചാൽ അടുത്തിടെ പരിഷ്ക്കരിച്ച ഫെയിം II സബ്‌സിഡിക്ക് ശേഷം ഇലക്ട്രിക് വാഹനങ്ങളുടെയെല്ലാം വിലയിൽ ഗണ്യമായ വർധനവാണുണ്ടായിരിക്കുന്നത്. ഇത് ഇവികളിൽ നിന്നും ആളുകളെ അകറ്റുമോയെന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു.

പക്ഷേ ദൈനംദിന ആവശ്യങ്ങൾക്കായുള്ള ഉപയോഗങ്ങൾക്ക് പറ്റിയ കുറഞ്ഞ വിലയുള്ള സ്‌കൂട്ടറുകളും ഇന്ന് വിപണിയിലുണ്ട്. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ വാഴുന്ന ഈ വിഭാഗത്തിലേക്ക് മോഹവിലയും കിടിലൻ റേഞ്ചുമായി പുതിയൊരു പടയാളികൂടിയെത്തിയിരിക്കുകയാണ്. SAR ഗ്രൂപ്പിന്റെ ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്‌ട്രിക്‌സ് ഇവിയാണ് LXS G2.0, LXS G3.0 എന്നിങ്ങനെ രണ്ട് പുത്തൻ മോഡലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു ലക്ഷം രൂപ വിലയുള്ള ഈ സ്‌കൂട്ടറുകൾ വിവിധ സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമായാണ് എത്തുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 36 സുരക്ഷാ ഫീച്ചറുകൾ, 24 സ്‌മാർട്ട് ഫീച്ചറുകൾ, 14 കംഫർട്ട് ഫീച്ചറുകൾ എന്നിവയോടുകൂടിയാണ് LXS G2.0, LXS G3.0 ഇലക്ട്രിക് സ്‌കൂട്ടറുകൾ വരുന്നതെന്ന് ലെക്‌ട്രിക്‌സ് ഇവി അവകാശപ്പെടുന്നു. 2.3kWh, 3kWh ബാറ്ററി ഓപ്ഷനുകളിൽ ഇവ ലഭ്യമാകും.

അതേസമയം ഒറ്റത്തവണ ചാർജ് ചെയ്‌താൽ 100 കിലോമീറ്ററിൽ അധികം വരെ റേഞ്ചും ഇവ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ലെക്‌ട്രിക്‌സ് LXS G2.0, LXS G3.0 എന്നിവ രാജ്യത്തെ 100-ലധികം നഗരങ്ങളിൽ ലഭ്യമാക്കുന്നതോടെ വിപണിയിൽ നിന്നും കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനും ബ്രാൻഡിനാവും. കുറഞ്ഞ വിലയ്ക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന കുഞ്ഞൻ ഇലക്ട്രിക് സ്കൂട്ടറുകൾ തേടുന്നവർക്ക് പറ്റിയ ഓപ്ഷനാണ് ഇവയെന്നതും നിസംശയം പറയാം.
ഓഗസ്റ്റ് 16-നകം ഡെലിവറികൾ ആരംഭിക്കാനിരിക്കെ പരിമിതകാല പ്രാരംഭ ഓഫറോടെ ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള ബുക്കിംഗും SAR ഗ്രൂപ്പിന്റെ ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്‌ട്രിക്‌സ് ഇവി ആരംഭിച്ചിട്ടുണ്ട്. സ്കൂട്ടറുകളുടെ ഷാസി 2.6 ലക്ഷം കിലോമീറ്ററിലധികം പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാൽ മെച്ചപ്പെട്ട റൈഡിംഗ് എക്‌സ്‌പീരിയൻസ് ഈ വൈദ്യുത സ്‌കൂട്ടറുകൾ നൽകുമെന്നും ലെക്ട്രിക്സ് പറയുന്നു. പോരാത്തതിന് യുവതലമുറയെ കൈയിലെടുക്കാൻ പാകമായ ആധുനിക ഫീച്ചറുകളുടെ അകമ്പടിയും ഇവികൾക്കുണ്ട്.
വാഹനങ്ങൾക്ക് സംയോജിത നാവിഗേഷൻ സംവിധാനവും വോയ്‌സ് അസിസ്റ്റന്റ് സവിശേഷതയും ലഭിക്കും. ഈ മോഡലുകൾ ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, ലഭ്യമാകുമ്പോഴെല്ലാം സ്വീകരിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. അങ്ങനെ ഇലക്ട്രിക് സ്‌കൂട്ടറുകൾ സാങ്കേതികമായി അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നുവെന്ന് ലെക്‌ട്രിക്‌സ് ഉറപ്പുവരുത്തുന്നു. ഇതെല്ലാം മറ്റ് ബ്രാൻഡുകളുമായി കിടപിടിക്കാൻ ലെക്ട്രിക്‌സിനെ പ്രാപ്‌തമാക്കുന്നു.
ഓട്ടോ-ഇൻഡിക്കേറ്ററുകൾ, സ്‌മാർട്ട് ഇഗ്‌നിഷൻ, ഹെൽമെറ്റ് വാർണിംഗ്, വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, മൊബൈൽ ആപ്പ് വഴി പ്രവർത്തിക്കുന്ന റിമോട്ട് സീറ്റ്, ആന്റി-തെഫ്റ്റ് മെക്കാനിസം, ഫൈൻഡ്-മൈ-വെഹിക്കിൾ, എമർജൻസി എസ്‌ഒഎസ് ബട്ടണുകൾ എന്നിവയും ഈ സ്‌കൂട്ടറുകളിൽ ലഭ്യമാണ്. ഈ സവിശേഷതകൾ ജെൻ Z കാലഘട്ടത്തിന്റെ ആവശ്യകതയായി പ്രചരിക്കപ്പെടുന്നുമുണ്ട്. ഈ വർഷം LXS G3.0, LXS G2.0 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഏകദേശം 50,000 യൂണിറ്റുകൾ 3-5 ശതമാനം വിപണി വിഹിതത്തിന് വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പ്രതിവർഷം 150,000 യൂണിറ്റ് സ്ഥാപിത ശേഷിയുള്ള ഒരു നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ലെക്ട്രിക്സ് ഇവി ഇതിനകം 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത വർഷം 500 കോടി രൂപ സമാഹരിച്ച് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനും അതിന്റെ ഉത്പാദനം പ്രതിവർഷം 300,000 യൂണിറ്റായി ഇരട്ടിയാക്കാനുമുള്ള പദ്ധതികളും കമ്പനി ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉൾപ്പെടെ ഒന്നിലധികം മോഡലുകളും വികസിപ്പിക്കുന്ന പ്രവർത്തനത്തിലാണ് ബ്രാൻഡിപ്പോൾ. പാസഞ്ചർ ഇലക്ട്രിക് വാഹന രംഗത്തേക്ക് ആദ്യമായാണ് SAR ഗ്രൂപ്പിന്റെ ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്‌ട്രിക്‌സ് ഇവി പുത്തൻ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുന്നതെങ്കിലും നേരത്തെ B2B സെഗ്മെന്റിൽ തങ്ങളുടെ കഴിവ് തെളിയിച്ച് മുന്നേറാൻ കമ്പനിക്കായിട്ടുണ്ട്.


Click it and Unblock the Notifications








