1.50 ലക്ഷത്തിന്റെ ബൈക്കിന് 50,000 രൂപ വരെ ഓഫർ, മച്ചാന് അതുപോരേ അളിയാ
ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തീർത്ത വിപ്ലവം വേറെ തലത്തിലേക്ക് എത്തിക്കുകയാണ് ഇ-മോട്ടോർസൈക്കിളുകൾ. പതിയെ പതിയെ ട്രെൻഡായി മാറുന്ന വൈദ്യുത ബൈക്കുകളുടെ എണ്ണവും വിപണിയിൽ കുതിച്ചുയരുകയാണ്. നിലവിൽ ചൂടപ്പം പോലെയാണ് ഇവികൾ വിറ്റഴിയപ്പെടുന്നതും. നിലവിൽ പെട്രോൾ ടൂവീലറുകളേക്കാൾ കൂടുതൽ ഇലക്ട്രിക് മോഡലുകൾ വിപണിയിലുണ്ടെന്നു വേണം പറയാൻ.
ഇതിനാൽ തന്നെ പല നിർമാതാക്കളും തങ്ങളുടെ മോഡലുകളെ വളരെ വ്യത്യസ്തമായ രീതിയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. എന്തെങ്കിലും പുതുമയുണ്ടെങ്കിൽ മാത്രമേ ആളുകളുടെ ശ്രദ്ധനേടാനാവൂവെന്ന് സാരം. അങ്ങനെ വിപണിയിൽ എത്തിയ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് മാറ്റർ ഏറ. രാജ്യത്തെ ആദ്യ ഗിയറുള്ള ഇ-ബൈക്ക് എന്ന സവിശേഷതയുമായാണ് മാറ്റര്‍ തങ്ങളുടെ ആദ്യ ഇവിയെ പുറത്തിറക്കിയത്.

റിവോൾട്ടും ടോർക്കും അൾട്രാവയലറ്റും അരങ്ങുവാഴുന്നിടത്തേക്ക് ഗിയർബോക്‌സുള്ള മോഡലായി മാറ്റർ ഇവി എത്തിയത് പുതിയ തുടക്കമായിരുന്നു. അതും മോഹവിലയിൽ ഗിയറുള്ള ബൈക്ക് കിട്ടുക എന്നത് മോട്ടോർസൈക്കിൾ പ്രേമികളെ കൈയിലെടുക്കുന്ന കാര്യമായിരുന്നു. ഇതിനിടയിൽ ഇതേ മോഡലിന് 50,000 രൂപ വരെയുള്ള ഓഫർ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന നിർമാതാക്കളായ മാറ്റർ ഇവി. ലോക പരിസ്ഥിതി വാരത്തോട് അനുബന്ധിച്ചാണ് ഏറ ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണിക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാക്കിയിരിക്കുന്നത്.
ഈ ഓഫറിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൌണ്ടും 20,000 രൂപ വരെ മൂല്യമുള്ള കോംപ്ലിമെന്ററി മാറ്റർ കെയർ പാക്കേജുമാണ് ഉൾപ്പെടുന്നത്. 2023 ജൂൺ 5 വരെയാണ് ഓഫറിന് സാധുതയുള്ളത്. അതായത് ലോക പരിസ്ഥിതി ദിനം വരെ ഓഫർ ഉപയോഗപ്പെടുത്താനാവുമെന്ന് സാരം. ഇതിനുശേഷം FAME II സബ്‌സിഡിയിൽ വരുത്തിയ ഭേദഗതി കമ്പനി ഉൾപ്പെടുത്തുന്നതിനാൽ മാറ്റർ ഏറ 5000, 5000 പ്ലസ് എന്നിവയുടെ വിലകൾ 30,000 രൂപ വീതം വർധിപ്പിക്കും.

ജൂൺ 6 മുതൽ ഏറ 5000 ഇവിക്ക് 1,73,999 രൂപയും ഏറ 5000 പ്ലസ് വേരിയന്റിന്റെ വില 1,83,999 രൂപയും ആയി പരിഷ്ക്കരിക്കും. അങ്ങനെ ജൂൺ അഞ്ച് വരെ ഇ-ബൈക്ക് ബുക്ക് ചെയ്യുന്നവർക്ക് പഴയ വിലയ്ക്ക് ലഭിക്കും. ഇപ്പോൾ ഏറ 5000 പതിപ്പിന് 1.44 ലക്ഷം രൂപയും 5000 പ്ലസിന് 1.54 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.
ഈ ഓഫർ കാലയളവിൽ ഉപഭോക്താക്കൾക്ക് അവരുടെ ഏറ ഇലക്ട്രിക് ബൈക്കുകൾ നാമമാത്രമായ ടോക്കൺ തുകയായ 999 രൂപ നൽകി ബുക്ക് ചെയ്യാം. മാറ്റർ ഇവിയുടെ വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, ഓട്ടോക്യാപിറ്റൽ എന്നിവ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്ക് ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഈ വർഷം സെപ്റ്റംബർ മുതൽ ഏറ ഇലക്ട്രിക് ബൈക്കുകളുടെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നാല് സ്പീഡ് ഹൈപ്പർ-ഷിഫ്റ്റ് ഗിയറുകളുള്ള രാജ്യത്തെ ആദ്യത്തെ ഗിയർ ഇലക്ട്രിക് ബൈക്കാണ് മാറ്റർ ഏറ. 4000, 5000, 5000 പ്ലസ്, 6000 പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മോഡൽ വിപണിയിലെത്തുന്നതും. ആറ് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന മാറ്റർ ഇലക്ട്രിക് ബൈക്കിന് കിലോമീറ്ററിന് വെറും 25 പൈസ ചെലവാണ് വേണ്ടി വരുന്നതെന്നും കമ്പനി പറയുന്നു.
ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കും പവർട്രെയിനും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ബൈക്ക് ഹീറ്റ് മാനേജ്‌മെന്റിനെ സഹായിക്കുകയും ബാറ്ററിയുടെ പ്രകടനവും ആയുസും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്. 5-ആംപ് ഓൺബോർഡ് ചാർജിംഗ് സിസ്റ്റത്തിൽ ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ചാണ് മാറ്റർ ഏറ ഇലക്ട്രിക് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇന്റർനെറ്റ് പ്രവർത്തനക്ഷമമാക്കിയ കണക്റ്റഡ് സവിശേഷതകളുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീൻ ക്ലസ്റ്ററും എടുത്തു പറയേണ്ട ഹൈലൈറ്റുകളിൽ ഒന്നാണ്. കമ്പനിയുടെ രണ്ട് ബൈക്കുകളും 3 വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയോടെയാണ് വരുന്നത്. അതോടൊപ്പം 3 വർഷത്തെ റോഡ്‌സൈഡ് ബാറ്ററി അസിസ്റ്റൻസും 3 വർഷത്തെ AMC ലേബർ സഹിതവും ഉപഭോക്താക്കൾക്ക് ലഭിക്കും.


Click it and Unblock the Notifications








