മോട്ടോജിപി ഭാരതിന്റെ ഇന്ത്യൻ മുഖം; റേസിൽ കുതിക്കാൻ ചെന്നൈ സ്വദേശിയും
മോട്ടോജിപി റേസിംഗിന് ഇന്നലെ കൊടിയേറിയപ്പോൾ രാജ്യം കാത്തിരിക്കുന്നത് നാളെ നടക്കുന്ന പ്രധാന ബൈക്ക് റേസിനായാണ്. പ്രധാന മത്സരം ഞായറാഴ്ച്ച ആണെങ്കിലും ഇന്നലെ മുതൽ പരിശീലന മത്സരങ്ങളും മറ്റുമാണ് അരങ്ങേറുന്നത്. അതേസമയം മോട്ടോജിപി ഭാരത് റേസ് സെപ്റ്റംബർ 22 വെള്ളിയാഴ്ച്ച പരിശീലന സെഷനോടെ ആരംഭിച്ചിട്ടുണ്ട്. തുടർന്ന് ഇന്ന് ശനിയാഴ്ച്ച യോഗ്യതാ മത്സരവും സ്പ്രിന്റ് റേസും നടക്കും.
മോട്ടോ3, മോട്ടോ2, മോട്ടോജിപി എന്നി വിഭാഗങ്ങളിലാവും മത്സരങ്ങൾ നടക്കുക. 2023 സീസണിൽ ആകെ 21 ഗ്രാൻപ്രികളാണുള്ളത്. ബൈക്ക് റേസിന്റെ 2023 സീസണിലെ പതിമൂന്നാമത്തെ വേദിയാണ് ഇന്ത്യ. ഒരു ദശാബ്ദത്തിനു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ ആഗോള മോട്ടോര്‍സ്പോര്‍ട്ട് ഇവന്റാണ് മോട്ടോ ജിപി ഭാരത്. ഇന്ത്യയിൽ നിന്നും മോട്ടോജിപി ഭാരതിന് സെലക്ഷൻ നേടിയത് ഒരാൾ മാത്രമാണെന്നതും ശ്രദ്ധേയമാണ്.

യോഗ്യത നേടിയ ചെന്നൈ സ്വശേിയായ കഡായി യാസീൻ അഹമ്മദ് പെട്രോനാസ് ടിവിഎസ് റേസിംഗ് ടീമിനെ പ്രതിനിധീകരിക്കും. ഞാഴറാഴ്ച്ച നടക്കുന്ന മോട്ടോ3 വിഭാഗത്തിലാകും അഹമ്മദ് ഇറങ്ങുക. പ്രോ-സ്റ്റോക്ക് 301- 400 സിസി ക്ലാസിൽ 2021 പതിപ്പിലെ ഇന്ത്യൻ ദേശീയ ചാമ്പ്യനാണ് താരം. തന്റെ ഇപ്പോഴത്തെ ശ്രദ്ധ മോട്ടോ ജിപി 3യിൽ ആണെങ്കിലും , സമീപഭാവിയിൽ പ്രീമിയർ റേസുകളിൽ പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടെന്ന് ദേശീയ മാധ്യമത്തിനു നൽകിയ ഒരു അഭിമുഖത്തിൽ യാസീൻ അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.
ചെറുപ്പം മുതലേ വളർത്തിയ ബൈക്ക് റേസിംഗോടുള്ള അഭിനിവേശത്തോടെയാണ് അഹമ്മദിന്റെ പ്രൊഫഷണൽ റേസിംഗിലേക്കുള്ള യാത്ര ആരംഭിച്ചത്. 15-ാം വയസിൽ നിയമവിരുദ്ധമായ റോഡ് റേസിംഗിൽ വരെ താരം പങ്കെടുത്തിട്ടുണ്ട്. ഈ സമയത്താണ് പരിചയസമ്പന്നനായ ഒരു പ്രൊഫഷണൽ റേസർ, അഹമ്മദിന്റെ കഴിവുകൾ നിരീക്ഷിച്ച് പ്രൊഫഷണൽ റേസിംഗിൽ ഒരു കരിയർ തുടരാൻ അദ്ദേഹത്തെ ഉപദേശിച്ചത്.

അവിടുന്നാണ് അഹമ്മദ് ചെന്നൈയിൽ ഒരു സമർപ്പിത റേസിംഗ് ട്രാക്ക് കണ്ടെത്തി തന്റെ പ്രൊഫഷണൽ റേസിംഗ് കരിയറിന് തുടക്കം കുറിച്ചത്. കുടുംബത്തിൽ നിന്നും ആദ്യം എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും കായികരംഗത്തെ സൂക്ഷ്മതകളും സുരക്ഷാ നടപടികളും വ്യക്തമാക്കിയ പരിശീലകന്റെ അനുനയ ശ്രമത്തിലൂടെയാണ് അഹമ്മദിന്റെ കുടുംബം മനസില്ലാമനസോടെ പരിശീലനത്തിന് സമ്മതം നൽകിയത്.
മോട്ടോജിപി പോലുള്ള മോട്ടോർസ്പോർട്സ് ഇവന്റുകൾ ഇന്ത്യയിൽ ഇതുവരെ മുഖ്യധാരയിൽ എത്തിയിട്ടില്ലെന്നും അഹമ്മദ് വിശ്വസിക്കുന്നു. എസ് ശരത് കുമാറിന് ശേഷം മോട്ടോജിപിയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഹമ്മദ്. 2011ൽ 125 സിസി ക്ലാസിൽ ഒരു മത്സരത്തിൽ പങ്കെടുത്ത ശരത് പിന്നീട് 2012-ൽ മോട്ടോ 3-ക്കായി 250 സിസി ആയി ഉയർത്തി. പ്രോ-സ്റ്റോക്ക് 400 ക്ലാസിൽ 2020 ലെ ദേശീയ ചാമ്പ്യനായി 26 കാരനായ കഡായി മാറി.

ഇതിനു പുറമെ തായ്‌ലൻഡ് സൂപ്പർബൈക്ക് 400 സീരീസ്, ഏഷ്യാ കപ്പ് ജപ്പാൻ തുടങ്ങിയ മറ്റ് ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചതിന്റെ പരിചയവും ഇദ്ദേഹത്തിനുണ്ട്. മോട്ടോ3 വിഭാഗത്തിൽ മോട്ടോജിപി ഭാരത് ഗ്രാൻഡ് പ്രിക്സിനുള്ള ഇന്ത്യയുടെ വൈൽഡ്കാർഡ് എൻട്രിയായാണ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന ഇവന്റിൽ NSF250R ബൈക്കാണ് അഹമ്മദ് റൈഡ് ചെയ്യുന്നത്.
റേസിംഗ് കാണാൻ ആഗ്രഹമുള്ള കാണികൾക്കായി മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റ് വില്‍പ്പന നേരത്തെ തന്നെ ഓൺലൈനായി ബുക്ക്‌മൈഷോയിലൂടെ ആരംഭിച്ചിരുന്നു. ടിക്കറ്റ് നിരക്ക് 800 രൂപയിൽ തുടങ്ങി 1,80,000 രൂപ വരെയാണ് നിശ്ചയിത്തിരിക്കുന്നത്. അതേസമയം മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ ടിക്കറ്റ് വില 20,000 മുതല്‍ 30,000 രൂപ വരെയാണ്. 40,000 രൂപ വിലയുള്ള പ്ലാറ്റിനം കോര്‍പറേറ്റ് ബോക്‌സില്‍ കൂടുതല്‍ എക്‌സ്‌ക്ലൂസിവായ കാഴ്ചാനുഭവത്തിനുള്ള അവസരവുമുണ്ടെന്നതും മറക്കേണ്ട.
ഗ്രാൻഡ് പ്രിക്‌സ് നേരിട്ടു കാണാൻ എത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് ടിവിയിലൂടെ ലൈവായും മോട്ടോജിപി ഇവന്റുകൾ കാണാൻ അവസരമുണ്ട്. ജിയോ സിനിമയിലും സ്‌പോർട്‌സ് 18ലും മാത്രമായാണ് ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിയകോം18 മോട്ടോജിപിയുമായി കരാറിൽ എത്തിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം കാണികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








