ടിക്കറ്റ് ബുക്ക് ചെയ്‌തോ? മോട്ടോജിപി ഭാരതിന് നാളെ തുടക്കം, ചീറിപ്പായാൻ യമഹയും ഹോണ്ടയുമെല്ലാം റെഡി
ചരിത്രത്തിലാദ്യമായി രാജ്യാന്തര ബൈക്ക് റേസായ മോട്ടോ ജിപി ആദ്യമായി ഇന്ത്യയിൽ നാളെ നടക്കും. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ 2023 സെപ്റ്റംബർ 22 മുതൽ 24 വരെയാണ് മോട്ടോജിപി സംഘടിപ്പിക്കുന്നത്. മോട്ടോജിപി ഭാരത് ഗ്രാൻഡ് പ്രിക്സ് എന്ന് പേരിട്ടിരിക്കുന്ന ഇവന്റ് ആരാധകരെ ആകർഷിക്കുമെന്നതിൽ ഒരു തർക്കവുമില്ലെന്ന് ടിക്കറ്റ് വിൽപ്പന കണക്കുകൾ തെളിയിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ ഇന്ത്യയിലെ മോട്ടോർസൈക്കിൾ റേസിംഗിന്റെ കായിക വിനോദത്തെ ഇത് പ്രോത്സാഹിപ്പിക്കുമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തൽ. ഉപയോക്താക്കള്‍ക്കായി മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റ് വില്‍പ്പന നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ടിക്കറ്റ് നിരക്ക് 800 രൂപയിൽ തുടങ്ങി 1,80,000 രൂപ വരെയാണ് നിശ്ചയിത്തിരിക്കുന്നത്. തേസമയം മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ ടിക്കറ്റ് വില 20,000 മുതല്‍ 30,000 രൂപ വരെയാണ്.

40,000 രൂപ വിലയുള്ള പ്ലാറ്റിനം കോര്‍പറേറ്റ് ബോക്‌സില്‍ കൂടുതല്‍ എക്‌സ്‌ക്ലൂസിവായ കാഴ്ചാനുഭവത്തിനുള്ള അവസരവുമുണ്ട്. താത്പര്യമുള്ളവർക്ക് ബുക്ക്‌മൈഷോ ആപ്പിൽ രജിസ്‌ട്രേഷൻ നടത്താം. 2023 സീസണിൽ ആകെ 21 ഗ്രാൻപ്രികളാണുള്ളത്. ഒരു ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ ടിക്കറ്റുകൾ മൂന്ന് ദിവസത്തേക്കും സാധുതയുള്ളതായിരിക്കും. ഗ്രാൻഡ് പ്രിക്‌സ് നേരിട്ടു കാണാൻ എത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് ടിവിയിലൂടെ ലൈവായും മോട്ടോജിപി ഇവന്റുകൾ കാണാൻ അവസരമുണ്ട്.
ജിയോ സിനിമയിലും സ്‌പോർട്‌സ് 18ലും മാത്രമായാണ് ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിയകോം18 മോട്ടോജിപിയുമായി കരാറിൽ എത്തിയിട്ടുണ്ട്. ഒരു ദശാബ്ദത്തിനു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ ആഗോള മോട്ടോര്‍സ്പോര്‍ട്ട് ഇവന്റാണ് മോട്ടോ ജിപി ഭാരത് എന്നതും ഏറെ ശ്രദ്ധേയമാണ്. റേസിംഗിലെ പ്രമുഖരായ ഫാബിയോ ക്വാർട്ടാരോ, അലിക്‌സ് എസ്പാർഗാരോ, ഫ്രാൻസെസ്‌കോ ബഗ്‌നായ എന്നിവർ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മൂന്ന് ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം കാണികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഡോർണ സ്പോർട്സ് ആണ് ഇവന്റിന്റെ സംഘാടകരും അവകാശ ഉടമകളും. ഫെയർസ്ട്രീറ്റ് സ്പോർട്സ് ആണ് ഇവന്റിന്റെ പ്രാദേശിക പ്രൊമോട്ടർമാർ. ഡോർണയും ഫെയർസ്ട്രീറ്റും ഏഴ് വർഷത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് റേസ്‌ട്രാക്കിന് ഏകദേശം 5 കിലോമീറ്റർ നീളവും 16 കോർണറുകളുമാണുള്ളത്. ഏകദേശം 1 ലക്ഷം പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
പങ്കെടുക്കുന്ന ടീമും പ്രധാന താരങ്ങളെയും നോക്കിയാൽ മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി ടീമിൽ ഫാബിയോ ക്വാർട്ടരാരോ (ഫ്രാൻസ്), ഫ്രാങ്കോ മോർബിഡെല്ലി (ഇറ്റലി) എന്നിവരായിരിക്കും ഉണ്ടായിരിക്കുക. ഫ്രാൻസെസ്കോ ബഗ്നയ (ഇറ്റലി), എനിയ ബാസ്റ്റിയാനിനി (ഇറ്റലി) എന്നിവർ ഡ്യുക്കാട്ടി ലെനോവോയ്ക്കായും ആൽവിക്സ് എസ്പാർഗാരോ (സ്പെയിൻ), മാവെറിക് വിനാലെസ് (സ്പെയിൻ) എന്നിവർ അപ്രീലിയ റേസിംഗിനായും മത്സരിക്കും. റെപ്‌സോൾ ഹോണ്ട ടീമിനായി ഏഴുതവണ ചാമ്പ്യനായ മാർ മാർക്വേസ് (സ്പെയിൻ), ജോവാൻ മിർ (സ്പെയിൻ) എന്നിവരും മത്സരിക്കാനെത്തും.

അതേസമയം റെഡ് ബുൾ കെടിഎം ഫാക്ടറി റേസിംഗ് ടീമിനായി ജാക്ക് മില്ലർ (ഓസ്ട്രേലിയ), ബ്രാഡ് ബൈൻഡർ (ദക്ഷിണാഫ്രിക്ക) എന്നിവരും അലക്‌സ് മാർക്വേസ് (സ്പെയിൻ), ഫാബിയോ ഡി ജിയാനന്റോണിയോ (ഇറ്റലി) എന്നിവർ ഗ്രെസിനി റേസിംഗ് മോട്ടോജിപി ഡ്യുക്കാട്ടിക്കായും അണിനിരക്കുമ്പോൾ പ്രൈമ പ്രമാക് റേസിംഗ് ഡ്യുക്കാട്ടിക്കായി ജോഹാൻ സാർക്കോ (ഫ്രാൻസ്), ജോർജ് മാർട്ടിൻ അൽമോഗേര (സ്പെയിൻ) എന്നിവരും മത്സരിക്കാനെത്തും.
ഡ്യുക്കാട്ടിയുടെ തന്നെ മൂണി വിആർ46 റേസിംഗ് ടീമിനായി ലൂക്കാ മരിനി (ഇറ്റലി), മാർക്കോ ബെസെച്ചി (ഇറ്റലി എന്നിവരാണ് റേസിംഗിനായി ഇറങ്ങുന്നത്. ആർഎൻഎഫ് മോട്ടോജിപി ടീം അപ്രീലിയക്കായി മിഗ്വൽ ഒലിവേര (പോർച്ചുഗൽ), റൗൾ ഫെർണാണ്ടസ് (സ്പെയിൻ) റൈഡർമാരും Tech3 GASGAS ഫാക്ടറി റേസിംഗ് കെടിഎം ടീമിനായി പോൾ എസ്പാർഗാരോ (സ്പെയിൻ), അഗസ്റ്റോ ഫെർണാണ്ടസ് ഗ്യൂറ (സ്പെയിൻ) എന്നിവരും മാറ്റുരയ്ക്കാൻ ഉണ്ടാവും.
എൽസിആർ ഹോണ്ട കാസ്ട്രോൾ/ഇഡെമിറ്റ്സു ടീമിനായി അലക്സ് റിൻസ് (സ്പെയിൻ), തകാകി നകാഗാമി (ജപ്പാൻ) എന്നിവരാണ് മത്സരിക്കാൻ എത്തുന്നത്. 2023 സീസണിൽ ആകെ 21 ഗ്രാൻപ്രികളാണുള്ളത്. ഇതിൽ ഇന്ത്യയെ കൂടാതെ കസഖ്സ്ഥാനെയും പുതിയ വേദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബൈക്ക് റേസിന്റെ 2023 സീസണിലെ പതിമൂന്നാമത്തെ വേദിയാണ് ഇന്ത്യ. 1000 സിസി ബൈക്കുകള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചുപായുന്നത് നാളെ കാണാം.


Click it and Unblock the Notifications








