ടിക്കറ്റ് വിൽപ്പന ശരവേഗത്തിൽ, മോട്ടോ ജിപി ഭാരത് കാണാൻ ഇതുവരെ വിറ്റത് 30,000 ടിക്കറ്റുകൾ
ചരിത്രത്തിലാദ്യമായി രാജ്യാന്തര ബൈക്ക് റേസായ മോട്ടോ ജിപി ആദ്യമായി ഇന്ത്യയിൽ അരങ്ങേറാൻ പോവുകയാണ്. 'ഭാരത് ഗ്രാൻപ്രി' എന്ന പേരിൽ ലോകത്തെ ഏറ്റവും വേഗതയേറിയ മോട്ടോര്‍ബൈക്ക് റേസ് 2023 സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് നടക്കാൻ പോവുന്നത്.
ഉപയോക്താക്കള്‍ക്കായി മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റ് വില്‍പ്പന നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഭാരത് ഗ്രാൻപ്രിയുടെ ആദ്യ ടിക്കറ്റ് സംസ്ഥാന മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന് കൈമാറിയ വാർത്തകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നുവരെ മോട്ടോജിപി കാണാൻ 30,000-ത്തിലധികം വിറ്റുപോയതാണ് കണക്കുകൾ. 2023 സീസണിൽ ആകെ 21 ഗ്രാൻപ്രികളാണുള്ളത്. ഒരു ദശാബ്ദത്തിനു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ ആഗോള മോട്ടോര്‍സ്പോര്‍ട്ട് ഇവന്റാണ് മോട്ടോ ജിപി ഭാരത് എന്നതും ഏറെ ശ്രദ്ധേയമാണ്.

ടിക്കറ്റ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് 2023 ജൂണ്‍ 23 മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങിയിരുന്നു. ഭാരത് ഗ്രാൻപ്രിയുടെ ടിക്കറ്റ് നിരക്ക് 800 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ ടിക്കറ്റ് വില 20,000 മുതല്‍ 30,000 രൂപ വരെയാണ്. 40,000 രൂപ വിലയുള്ള പ്ലാറ്റിനം കോര്‍പറേറ്റ് ബോക്‌സില്‍ കൂടുതല്‍ എക്‌സ്‌ക്ലൂസിവായ കാഴ്ചാനുഭവത്തിനുള്ള അവസരവുമുണ്ട്.
ഒരു ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ ടിക്കറ്റുകൾ മൂന്ന് ദിവസത്തേക്കും സാധുതയുള്ളതായിരിക്കും. ഇനി ടിക്കറ്റ് എടുക്കാനുള്ള കടമ്പകളിലേക്ക് നോക്കിയാൽ ഒരു സിനിമ ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിന് സമാനമായ നടപടികൾ മാത്രമാണുള്ളത്. ഇതിനായി ബുക്ക്‌മൈഷോ ആപ്പിൽ നിങ്ങളുടെ പേരും വിവരങ്ങളും ഫോണ്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്യുകയാണ് വേണ്ടത്.

തുടർന്ന് വേണ്ട നിരക്കിലുള്ള ടിക്കറ്റ് തെരഞ്ഞെടുക്ക് നിങ്ങൾക്ക് ആവശ്യമുള്ള സീറ്റുകളുടെ എണ്ണം തെരഞ്ഞെടുക്കുക. അതിനുശേഷം റേസ് കാണാനെത്തുന്നയാളുടെ അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിക്കാം. ഇതിനുശേഷം ഏതെങ്കിലും ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ, ഓൺലൈൻ ബാങ്കിംഗ് സേവനം വഴിയോ ഉപയോഗിച്ച് പണമടയ്ക്കുക. ഇത്രയും മാത്രമാണ് ടിക്കറ്റ് ബുക്കിംഗിനായി ചെയ്യേണ്ടത്.
ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് റേസ്‌ട്രാക്കിന് ഏകദേശം 5 കിലോമീറ്റർ നീളവും 16 കോർണറുകളുമാണുള്ളത്. ഏകദേശം 1 ലക്ഷം പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇനി എന്തെങ്കിലും കാരണവശാൽ ഗ്രാൻഡ് പ്രിക്‌സ് നേരിട്ടു കാണാൻ എത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് ടിവിയിലൂടെ ലൈവായും മോട്ടോജിപി ഇവന്റുകൾ കാണാൻ അവസരമുണ്ട്. ജിയോ സിനിമയിലും സ്‌പോർട്‌സ് 18ലും മാത്രമായാണ് തത്സമയ സ്ട്രീം ചെയ്യുന്നതിനായി വിയകോം18 മോട്ടോജിപിയുമായി ഒരു കരാർ ഒപ്പുവെച്ചിട്ടുണ്ട്.

ഫോർമുല 1 ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സിന് ശേഷം ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ മോട്ടോർസ്‌പോർട്ട് ഇവന്റായിരിക്കും മോട്ടോജിപി ഭാരത്. ട്രാക്കിന്റെ അറ്റകുറ്റപ്പണികളും പരിഷ്‌ക്കരണങ്ങളും നടക്കുന്നതിന് മുന്നോടിയായി ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിന്റെ പരിശോധനകൾ ഡോർണ സ്‌പോർട്‌സും ഫെയർസ്ട്രീറ്റ് സ്‌പോർട്‌സും ചേർന്ന് നടത്തും. യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒയായ അരുൺ വീർ സിംഗ് ട്രാക്ക് ഇതുവരെ കൈവരിച്ച പുരോഗതിയിൽ തൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്.
ബൈക്ക് റേസിന്റെ 2023 സീസണിലെ പതിമൂന്നാമത്തെ വേദിയാണ് ഇന്ത്യ. 1000 സിസി ബൈക്കുകള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചുപായുന്നത് കാണാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ എത്തുമെന്ന സൂചനയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചിരിക്കുന്നത്. ഡ്യുക്കാട്ടി, ഹോണ്ട, യമഹ, കെടിഎം,അപ്രീലിയ എന്നീ ആഗോള ബ്രാൻഡുകളാണ് മോട്ടോജിപി ഭാരതില്‍ പങ്കാളികളാകുന്ന പ്രമുഖർ. മുൻ ലോക ചാമ്പ്യനായ ഹോണ്ടയുടെ മാര്‍ക്ക് മാര്‍ക്വസിനെല്ലാം ഇന്ത്യയിലും വലിയ ആരാധകവൃന്ദമാണുള്ളത്.

പോയ സീസണോടെ ലോകോത്തര താരമായിരുന്ന യമഹയുടെ വാലൻ്റിനോ റോസി പടിയിറങ്ങിയില്ലായിരുന്നെങ്കിൽ ഇത്തവണ മോട്ടോജിപി ഇതിഹാസത്തെ നേരിട്ടുകാണാനുള്ള അവസരം ഇന്ത്യക്കാർക്ക് ലഭിക്കുമായിരുന്നു. മോട്ടോജിപിക്ക് പുറമെ, മോട്ടോ2, മോട്ടോ3 റേസുകള്‍ക്കൊപ്പം മോട്ടോE റേസും ഭാരത് ഗ്രാൻപ്രി സംഘടിപ്പിക്കുന്നുണ്ട്. ബൈക്ക് റേസ് പ്രേമികൾക്ക് ആവേശകരവും അതുപോലെ മറക്കാന്‍ പറ്റാത്ത അനുഭവവുമാക്കി തീര്‍ക്കാന്‍ സംഘാടകരായ ഫെയര്‍ സ്‌പോര്‍ട്‌സിന്റെ എല്ലാ പ്രമോട്ടര്‍മാരും രാവുംപകലും പ്രയത്നിക്കുന്നുണ്ട്.


Click it and Unblock the Notifications








