പെട്രോളടിച്ച് കാശ് കളയണോ? മോഹവിലയിൽ 120 കി.മീ റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ ഇതാ
ഇപ്പോൾ ഒരു പുത്തൻ ഇലക്‌ട്രിക് ടൂവീലർ വാങ്ങണമെന്ന് വെച്ചാൽ കൺഫ്യൂഷനടിച്ച് പോവുമെന്നതിൽ സംശയമൊന്നുമില്ല. ആയിരക്കണക്കിന് മോഡലുകളാണ് ഇപ്പോൾ സ്‌കൂട്ടറായും മോട്ടോർസൈക്കിളായും നമുക്ക് ചുറ്റിനുമുള്ളത്. ഓലയും ഏഥറും ആയിരിക്കും പ്രധാന ചോയ്‌സ് എങ്കിലും ഒരുപാട് വിലയൊന്നും മുടക്കാനില്ലാത്തവർക്കായി ധാരാളം സ്റ്റാർട്ടപ്പ് ബ്രാൻഡുകളും ഇന്ത്യയിൽ ഇവിയിറക്കുന്നുണ്ട്.
വിവിധ ശൈലിയിലുള്ള വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമാണ് നമ്മുടെ ഇവി വിപണി. അക്കൂട്ടത്തിലേക്ക് പുതുതായി എത്തിയിരിക്കുന്ന കമ്പനിയാണ് കൊമാക്കിയുടെ സഹോദര ബ്രാൻഡായ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പ് എംഎക്‌സ്‌മോട്ടോ (mXmoto). കമ്പനിയുടെ ആദ്യ മോഡലായ mX9 എന്ന പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയിതാ ഒരു ഇ-സ്‌കൂട്ടർ കൂടി വിപണിയിലെത്തിച്ചിരിക്കുകയാണ് എംഎക്‌സ്‌മോട്ടോ.

mXv ഇക്കോ എന്നു പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് 84,999 രൂപയിൽ നിന്നാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സ്പീഡും റേഞ്ചും അനുസരിച്ച് രണ്ട് വേരിയന്റുകളിലായാണ് മോഡൽ വിപണനം ചെയ്യുക. ഇതിലെ രണ്ടാമത്തെ പതിപ്പിന് 94,999 രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. 6 ഇഞ്ച് TFT സ്‌ക്രീൻ, 3000 വാട്ട് BLDC ഹബ് മോട്ടോർ, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾ എന്നിവയാണ് പുതിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറിന്റെ ചില പ്രധാന ഹൈലൈറ്റുകൾ.
ഇതുകൂടാതെ, അത്യാധുനിക ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, യൂണീക് എൽഇഡി ഇൻഡിക്കേറ്ററുകൾ, ഓൺബോർഡ് നാവിഗേഷൻ വാഗ്ദാനം ചെയ്യുന്ന നൂതന TFT സ്‌ക്രീൻ എന്നിവയുൾപ്പെടെ ആകർഷകമായ സവിശേഷതകൾ ഈ ബജറ്റിൽ സ്‌കൂട്ടറിനിനെ വേറിട്ടുനിർത്തുന്ന കാര്യമാണ്. കൂടാതെ, mXv ഇക്കോ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ബ്ലൂടൂത്ത് സൗണ്ട് സിസ്റ്റം, ഒരു ക്രൂയിസ് കൺട്രോൾ ഫീച്ചർ, ഹാൻഡി റിവേഴ്സ് അസിസ്റ്റ്, പാർക്കിംഗ് അസിസ്റ്റ് എന്നിവയും സവിശേഷമായ സെൽഫ്-ഡയഗ്നോസിസ് ഓട്ടോ റിപ്പയർ ശേഷിയും വണ്ടിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ മുടക്കുന്ന കാശിനുള്ള മുതലുണ്ട് എംഎക്സ് മോട്ടോയുടെ ഈ പുതിയ mXv ഇക്കോ ഇലക്ട്രിക് സ്‌കൂട്ടർ എന്ന് നിസംശയം പറയാം. 140 Nm പരമാവധി ടോർക്ക് പുറപ്പെടുവിക്കാൻ കഴിവുള്ള 3000 വാട്ട് BLDC ഹബ് മോട്ടോറുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ വരുന്നതിനാൽ പെർഫോമൻസിന്റെ കാര്യത്തിലും ആശങ്ക വേണ്ട. ഈ മോട്ടോറിന് 98 ശതമാനം പരിവർത്തന കാര്യക്ഷമത നൽകാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പുതിയ mXv ഇക്കോയ്ക്ക് 38 എഎംപി കൺട്രോളർ ലഭിക്കുന്നുവെന്നും കൊമാകിയുടെ സഹോദര സ്ഥാപനം പറയുന്നു കൂടാതെ റീജനറേറ്റീവ് ബ്രേക്കിംഗും വാഗ്ദാനം ചെയ്യുന്നതിനാൽ സംഭവം കളറാണ്. 80 മുതൽ 100 കിലോമീറ്റർ റേഞ്ച് നൽകുന്ന mXv ഇക്കോ ഇലക്ട്രിക് സ്‌കൂട്ടർ വേരിയന്റിനാണ് 84,999 രൂപ എക്സ്ഷോറൂം വിലയായി നൽകേണ്ടത്. അതേസമയം 105 മപതൽ 120 കിലോമീറ്റർ വരെ റേഞ്ച് പ്രദാനം ചെയ്യുന്ന ഇവി മോഡലിനായി 94,999 രൂപയും എക്സ്ഷോറൂം വിലയായി മുടക്കണം.

ബജറ്റ് സ്‌കൂട്ടർ ആണെങ്കിലും, 6 ഇഞ്ച് TFT സ്‌ക്രീൻ, 3000 വാട്ട് BLDC ഹബ് മോട്ടോർ, ഹൈ-എഫിഷ്യൻസിയുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുൾപ്പെടെ എല്ലാ ഹൈ-എൻഡ് ഫീച്ചറുകളും mXv ഇക്കോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് mXmoto ഇലക്‌ട്രിക്കിന്റെ മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര മൽഹോത്ര പറഞ്ഞു.ലോകമെമ്പാടുമായി സമാനതകളില്ലാത്ത ഗുണനിലവാരത്തിനും കാര്യക്ഷമതയ്ക്കും പെർഫോമൻസിനും പേരുകേട്ട LiFePO4 ബാറ്ററികളാണ് ആഡംബരവും ശക്തവുമായ സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താങ്ങാനാവുന്ന വിലയും ഉയർന്ന ഫീച്ചറുകളുടെ നിരയാലും സമ്പന്നമായതിനാൽ എംഎക്‌സ് മോട്ടോയിൽ നിന്നുള്ള ഏറ്റവും പുതിയ mXv ഇക്കോ ഇലക്ട്രിക് സ്കൂട്ടർ അതിവേഗം വളരുന്ന ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് തന്നെയാണ് വിശ്വാസം. കുറഞ്ഞ വിലയിൽ മാന്യമായ ഇവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം കണ്ണുംപൂട്ടി ഈ പുത്തൻ അതിഥിയെ സ്വീകരിക്കാം.

ഇതിനോടകം കഴിവും വിശ്വാസീതയും തെളിയിച്ച കൊമാകിയുടെ സഹോദര സ്ഥാപനമായതിനാൽ അക്കാര്യത്തിലും ആശങ്കകൾ ഒന്നുംതന്നെവേണ്ട. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പ്ലാന്റിലാണ് എംഎക്‌സ് മോട്ടോ തങ്ങളുടെ ഇലക്‌ട്രിക് വാഹനങ്ങളെല്ലാം നിർമിക്കുന്നത്. പ്ലാന്റിന് പ്രതിവർഷം 3,000 മുതൽ 4,000 വരെ വൈദ്യുത വാഹനങ്ങൾ നിർമിക്കാനുള്ള വാർഷിക ശേഷി ഉണ്ടാകും.


Click it and Unblock the Notifications








