ഓലയുടെ ചീട്ട് കീറുമോ? 1.15 ലക്ഷത്തിന് വീട്ടിലെത്തിക്കാം ചേതക് ഇവിയുടെ ഈ പുത്തൻ വേരിയന്റ്
ഇലക്ട്രിക് വാഹന വിപണിയിൽ ഓലയുടെയും ഏഥറിന്റെയും കുത്തക തകർക്കാനായുള്ള കഠിന പരിശ്രമത്തിലാണ് നമ്മുടെ സ്വന്തം ബജാജ്. അതിനായി 2019-ൽ തന്നെ ചേതക് ഇവിയെന്ന പ്രീമിയം സ്‌കൂട്ടറിനെയാണ് കമ്പനി നിയോഗിച്ചത്. ഒരു കാലഘട്ടത്തിന് ശേഷം വൈദ്യുത വാഹന നിരയിലേക്കെത്തിയ മോഡലിന് മികച്ച സ്വീകാര്യതയും ലഭിച്ചു. അക്കാലത്ത് ഇത്രയും ഫീച്ചർ റിച്ചും നിർമാണ നിലവാരമുള്ളതുമായ മറ്റൊരു ഇവി ഇല്ലായിരുന്നുവെന്നു വേണം പറയാൻ.
എന്നാൽ ഓലയും ഏഥറും സജീവമായതോടെ പിന്നിലേക്ക് തഴയപ്പെടുകയായിരുന്നു ബജാജ് ചേതക് ഇവി. ദേ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ അർബേൻ പതിപ്പ് പുറത്തിറക്കി മത്സരം മുറുക്കാൻ പോവുകയാണ് കമ്പനി. ഇവിയുടെ സ്റ്റാൻഡേർഡ് മോഡലിന്റെ രൂപവും കുറഞ്ഞ ഫീച്ചറുകളുമായാണ് ഈ താങ്ങാനാവുന്ന വേരിയന്റിനെ വേറിട്ടുനിർത്തുന്നത്. 1.15 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് അർബേൻ അവതരിപ്പിച്ചിരിക്കുന്നത്.

അല്ലെങ്കിൽ കൂടുതൽ സവിശേഷതകളും പെർഫോമൻസും നൽകുന്ന അധിക "ടെക്പാക്" സഹിതം 1.21 ലക്ഷം രൂപക്ക് വാഹനം സ്വന്തമാക്കാം. ബജാജ് വെബ്‌സൈറ്റ് അനുസരിച്ച് നിലവിലെ ചേതക് ഇവിയേക്കാൾ (108 കി.മീ) അൽപ്പം ഉയർന്ന റേഞ്ചും (113 കി.മീ) ലഭിക്കും. പുതിയ ചേതക് അർബേൻ എഡിഷന് നിലവിലെ മോഡലിന് സമാനമായ 2.9kWh ബാറ്ററി പായ്ക്ക് തന്നെയാണ് ലഭിക്കുന്നത്.
പ്രീമിയം വേരിയന്റിന്റെ അതേ കളർ എൽസിഡി ഡിസ്‌പ്ലേയാണ് ചേതക് അർബേനും ഉപയോഗിക്കുന്നത്. സ്റ്റാൻഡേർഡ് രൂപത്തിൽ അർബേൻ 63 കിലോമീറ്ററിന്റെ ടോപ് സ്പീഡാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഇക്കോ എന്നൊരു റൈഡിംഗ് മോഡും ഇലക്ട്രിക് സ്‌കൂട്ടറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടെക്പാക് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ടോപ് സ്പീഡ് 73 കി.മീ. ആയി ഉയരുമെന്നും ബജാജ് പറയുന്നു. ഇതോടൊപ്പം നിങ്ങൾക്കൊരു സ്‌പോർട് റൈഡിംഗ് മോഡും ലഭിക്കും.

എന്നിരുന്നാലും പുതിയ അർബേൻ നിലവിലെ ചേതക് പ്രീമിയത്തേക്കാൾ പിന്നിലായ രണ്ട് മേഖലകളുണ്ട്. സ്റ്റാൻഡേർഡ് ചാർജറിന്റെ ചാർജിംഗ് നിരക്ക് 800W-ൽ നിന്ന് 650W ആയി കുറഞ്ഞു. അതിന്റെ ഫലമായി ചാർജിംഗ് സമയം 3 മണിക്കൂർ 50 മിനിറ്റിൽ നിന്ന് 4 മണിക്കൂർ 50 മിനിറ്റായി ഉയർന്നു. അർബേൻ വേരിയന്റിന് രണ്ടറ്റത്തും ഡ്രം ബ്രേക്കുകൾ മാത്രമേ ഉള്ളൂ എന്നതും പ്രത്യേകം ഓർമിക്കണേ.
ഈ വർഷം മാർച്ചിൽ ബജാജ് 2023 മോഡൽ ചേതക് ഇവിയെ ബേസ്, പ്രീമിയം ട്രിമ്മുകളിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ബേസ് മോഡൽ ഓഗസ്റ്റ് മാസത്തോടെ കമ്പനി നിർത്തലാക്കിയിരുന്നു. അർബേൻ ട്രിം എത്തിയതോടെ, ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ ലഭിക്കും. മാത്രമല്ല ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടുതൽ താങ്ങാനാവുന്നതാക്കുന്നത് ബജാജിന് സഹായകരവുമാവും.

അര്‍ബേൻ എഡിഷന് പ്രീമിയം വേരിയന്റിനേക്കാള്‍ മൂന്ന് കിലോഗ്രാം ഭാരം കുറവായിരിക്കും. അങ്ങനെ മൊത്തത്തിൽ 130 കിലോഗ്രാം ഭാരമായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറിന് മൊത്തത്തിലുണ്ടാവുക. നാല് വർഷങ്ങൾക്ക് മുമ്പോടെയാണ് ബജാജ് ചേതക്ക് വിപണിയില്‍ ആദ്യമായി വിപണിയിൽ എത്തിയത്. അന്ന് മുതല്‍ ബജാജിന്റെ വിലയില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഓലയ്ക്കും ഏഥറിനും എതിരെ മല്ലിടാൻ മാത്രം സാധിക്കാതെ പോയി.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രമാണ് ബ്രാൻഡ് ചേതക് ഇവിയെ തുടക്കകാലത്ത് വിപണനത്തിന് എത്തിച്ചത് എന്നതും പോരായ്മയായിരുന്നു. അടുത്തിടെ ഇലക്‌ട്രിക് സ്‌കൂട്ടറിൽ കാര്യമായ വില കുറവുണ്ടായതോടെ കാര്യങ്ങൾ പരിഹരിച്ച് ആളുകളോട് അടുക്കാൻ ബജാജിനായി. അതിനു പിന്നാലെയാണ് ഇപ്പോൾ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയായ മോഡലിനെ കൂടി കൊണ്ടുവന്നിരിക്കുന്നത്.

PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നതിനാൽ 5.3 bhp (4.2 kW ) പവറിൽ 20 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ് ബജാജ് ചേതകിന്റെ പ്രീമിയം വേരിയന്റ്. 3-ഫേസ് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ റിയർ വീൽ ഡ്രൈവുമായി എത്തുമ്പോൾ സിംഗിൾ സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ഓപ്‌ഷണലായി പോലും ഇവിക്ക് ഫാസ്റ്റ് ചാർജിംഗ് ലഭിക്കുന്നില്ലെന്നത് ഇക്കാലത്ത് പിന്നാക്കം പോയൊരു തീരുമാനമായിരുന്നു.
ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ ടോപ്പ് വേരിയന്റുകൾക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, IP67 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ്, എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, രണ്ട് റൈഡിംഗ് മോഡുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റോൾ-ഓവർ ഡിറ്റക്ഷൻ കൂടാതെ റിവേഴ്സ് മോഡ് എന്നിവയെല്ലാം ബജാജ് ഒരുക്കിയിട്ടുണ്ട്. ബോഡി-നിറമുള്ള റിയർ വ്യൂ മിററുകൾ, ഡ്യുവൽ-ടോൺ സീറ്റ്, വീൽ റിമ്മുകളിലെ ഡെക്കൽ ബ്രാൻഡിംഗ്, പില്യൺ ഫൂട്ട്‌റെസ്റ്റ്, ഗ്രാബ് ഹാൻഡിൽ തുടങ്ങിയവ അഴക് വർധിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








