പൾസർ NS സീരീസിനെ കിടിലമാക്കി ബജാജ്; മാറ്റങ്ങളും വിലയും അറിയാം!
ഇന്ത്യയിൽ ഒരു ആമുഖവും ആവശ്യമില്ലാത്ത ബൈക്കുകളാണ് പൾസറുകൾ. 125 സിസി മുതൽ 250 സിസി വരെ വിശാലമായി വ്യാപിച്ചുകിടക്കുന്ന ഈ പേര് നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം. ഇന്ത്യന്‍ യുവത്വത്തിനിടയില്‍ ഹരമായി മാറിയ ഈ പേരിന് പുതിയ മാനം സമ്മാനിച്ചവരാണ് NS മോഡലുകൾ.
പൾസർ ബൈക്കിലെ സ്പോർട്ടിയർ ആവർത്തനങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ഇവയ്ക്ക് 200, 160, 125 എന്നീ ശ്രേണിയിലാണ് മോഡലുകളുള്ളത്. എല്ലാം ഒന്നിനൊന്നിന് ഹിറ്റാവുകയും ചെയ്‌തു. പുതുതലമുറ പൾസർ മോഡലുകൾ വിപണിയിലെത്തിയപ്പോൾ NS പതിപ്പുകൾ കളമൊഴിയുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ടായിരുന്നു. എന്നാൽ ഷോറൂമുകളിലേക്ക് ഈ ഇതിഹാസങ്ങളെ തേടി ആളുകൾ എത്തുമ്പോൾ എങ്ങനെ ഒഴിവാക്കുമെന്നായിരുന്നു ബജാജിന്റെ ചോദ്യം.

ദേ ഇപ്പോൾ ചില പരിഷ്ക്കാരങ്ങളോടെ പൾസർ NS200, NS160 മോട്ടോർസൈക്കിളുകളെ വിപണിയിൽ പുനരവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടീസറിലൂടെ പരിചയപ്പെടുത്തിയ കിടിലൻ മാറ്റങ്ങളുമായാണ് സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിളുകളുടെ നവീകരിച്ച പതിപ്പുകളുടെ വരവ്. അപ്സൈഡ് ഡൗൺ (USD) ഫോർക്കുകളും ഡ്യുവൽ ചാനൽ എബിഎസ് പോലുള്ള നൂതന പരിഷ്ക്കാരങ്ങളാണ് ഇത്തവണ ഈ മോഡലുകളിലേക്ക് ചേക്കേറി എത്തിയിരിക്കുന്നത്. വിലയോ മുൻഗാമിയെ അപേക്ഷിച്ച് 7,000 മുതൽ 10,000 രൂപ വരെ ഉയർത്തിയിട്ടുമുണ്ട് ബജാജ്.
അതായത് പൾസർ NS160 മോഡലിന് ഇപ്പോൾ 1.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം പുതുക്കിയ NS200 പതിപ്പിന് 1.47 ലക്ഷം രൂപയും ഇനി മുതൽ ചെലവഴിക്കേണ്ടി വരുമെന്ന് സാരം. ഇനി ബൈക്കുകളിൽ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങളിലേക്ക് നോക്കിയാൽ NS200 മോഡലിന് മുമ്പത്തെ പരമ്പരാഗത ടെലിസ്കോപ്പിക് യൂണിറ്റിന് പകരം രണ്ട് മോഡലുകൾക്കും ഇപ്പോൾ ഒരു USD ഫോർക്ക് ലഭിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയം. കൂടാതെ ഡ്യുവൽ-ചാനൽ എബിഎസ് ഇപ്പോൾ സ്റ്റാൻഡേർഡായും ഒരുക്കി.

തൽഫലമായി NS160 പതിപ്പിന്റെ ഭാരം ഏകദേശം 1 കിലോ വർധിച്ച് 152 കിലോഗ്രാം ആയി. മറുവശക്ക് NS200 മോഡലിനാവട്ടെ 159.5 കിലോയിൽ നിന്ന് ഭാരം 158 കിലോഗ്രാം ആയി കുറയുകയാണുണ്ടായത്. ഈ പരിഷ്ക്കാരങ്ങളോടെ റൈഡിംഗ് കംഫർട്ട് ഇരുമോഡലുകൾക്കും ഉയർന്നതായാണ് ബജാജ് അവകാശപ്പെടുന്നത്. ഈ രണ്ട് മാറ്റങ്ങളും മാറ്റിനിർത്തിയാൽ ബാക്കിയുള്ള കാര്യങ്ങളൊക്കെ മുൻഗാമിയുടേതിന് സമാനമായാണ് കമ്പനി മുന്നോട്ടുകൊണ്ടുപോവുന്നത്.
NS160 പതിപ്പിന് ഇപ്പോഴും ഓയിൽ-കൂൾഡ് 160.3 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 17.2 bhp കരുത്തിൽ 14.6 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. അതേസമയം പൾസർ NS200 മോഡലിൽ പഴയ ലിക്വിഡ്-കൂൾഡ് 199.5 സിസി എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഈ യൂണിറ്റാവട്ടെ 24.5 bhp പവറിൽ 18.7 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്.

വ്യത്യസ്ത എഞ്ചിനുകൾ മാറ്റിനിർത്തിയാൽ രണ്ട് മോട്ടോർസൈക്കിളുകളും തികച്ചും സമാനമാണെന്നു വേണം പറയാൻ. ഒരേ പെരിമീറ്റർ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് NS നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളുകളുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഒരേ സ്റ്റൈലിംഗും ബോഡി വർക്കും ഫീച്ചർ ചെയ്യുന്നതിനാൽ മറ്റ് ഫീച്ചറുകളും സമാനമാണ്. ഒരേ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുമ്പോൾ NS200-ന് ഉയർന്ന ഔട്ട്‌പുട്ട് ലെവലുകൾ കൈകാര്യം ചെയ്യാൻ വലിപ്പമേറിയ ടയറുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നതെന്നു മാത്രം.

ടിവിഎസ് അപ്പാച്ചെ RTR 200 4V, ഹോണ്ട ഹോർനെറ്റ് 2.0, കെടിഎം 200 ഡ്യൂക്ക് എന്നീ വമ്പൻമാരുമായാണ് പുതിയ ബജാജ് പൾസർ NS200 മോഡലിന്റെ പ്രധാന മത്സരം. 2012-ലാണ് ബൈക്ക് ആദ്യമായി നിരത്തിലെത്തുന്നത്. പിന്നീട് കാര്യമായ ഒരു മാറ്റവും ലഭിച്ചില്ലെങ്കിലും പെർഫോമൻസും ലുക്കും കണക്കാക്കുമ്പോൾ യുവതലമുറയുടെ ഹൃദയം കവരാൻ ഒരു പതിറ്റാണ്ടിനിടയിൽ നേക്കഡ് മോട്ടോർസൈക്കിളിനായിട്ടുണ്ട്. പുതിയ പരിഷ്ക്കാരങ്ങളോടെ ഡിമാന്റ് മുന്നോട്ടു കൊണ്ടുപോവാനാവുമെന്നാണ് ബജാജിന്റെ വിശ്വാസം.


Click it and Unblock the Notifications








