മാസ് എൻട്രി കൊടുക്കാൻ തലൈവർ, പുത്തൻ കരിസ്‌മയുടെ അവതരണത്തിന് തീയതിയായി
ഒരു കാലത്ത് ഇന്ത്യയിലെ യുവാക്കളുടേയും കോളജ് പയ്യൻമാരുടെയും ഹരമായിരുന്ന മോട്ടോർസൈക്കിളാണ് ഹീറോ ഹോണ്ട കരിസ്‌മ. രാജ്യത്തെ സ്പോർട്‌സ് ബൈക്കുകളുടെ തലതൊട്ടപ്പൻ എന്നു വേണമെങ്കിലും ഈ ഇതിഹാസത്തെ വിശേഷിപ്പിക്കാം. നമ്മുടെ നിരത്തുകൾക്ക് സുപരിചിതമല്ലാത്തത്ര പെർഫോമൻസിനൊപ്പം കിടിലൻ രൂപവും കൂടി ചേർന്നതോടെ കരിസ്‌മ വേറെ ലെവലായി വളർന്നു.
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയും ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കളായ ഹീറോയും പങ്കാളിത്തത്തിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് കരിസ്‌മ പിറവിയെടുക്കുന്നത്. 2014-ൽ എറിക് ബ്യൂൾ റേസിംഗ് (EBR) രൂപകൽപന ചെയ്ത രണ്ടാം തമലുറ മോഡൽ പിറവിയെടുത്തതോടെ അക്ഷരാർഥത്തിൽ പൊട്ടിപാളീസാവുന്നതോടെയാണ് കരിസ്‌മ സീരീസിനെ ബ്രാൻഡ് വിപണിയിൽ നിന്നും പിൻവലിക്കുന്നത്. പക്ഷേ ഓൾഡ് ജനറേഷന്റെ സ്വീകാര്യത അന്നും ഇന്നും അതുപോലെ തന്നെ നിൽക്കുന്നുണ്ട്.

ഇതുമനസിലാക്കിയ ഹീറോ മോട്ടോകോർപ്പാവട്ടെ നമ്മുടെ സ്വന്തം കരിസ്‌മയെ തിരികെ പുതിയ ഭാവത്തിൽ പുറത്തിറക്കാൻ പോവുകയാണ്. ഈ വിവരം കമ്പനി ഇതിനോടകം തന്നെ പുറത്തുവിട്ടിരുന്നുവെങ്കിലും കരിസ്‌മ എന്ന് പുതുപ്പിറവിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ അതിന്റെ സൂചന നൽകുന്ന പുതിയ ടീസർ വീഡിയോയും ചിത്രങ്ങളുമാണ് ഇന്റർനെറ്റിൽ ട്രെൻഡിംഗ്. അടുത്തിടെ ഡീലർമാർക്കായി പുത്തൻ കരിസ്‌മയെ പ്രദർശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബൈക്കിനെ അവതരിപ്പിക്കുന്ന തീയതിയും ബ്രാൻഡ് വെളിപ്പെടുത്തുന്നത്.
"ഇതിഹാസത്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുക" എന്ന അടിക്കുറിപ്പോടെയാണ് ടീസർ ഹീറോ മോട്ടോകോർപ് പുറത്തുവിട്ടിരിക്കുന്നത്. പുതിയ 2023 ഹീറോ കരിസ്മ XMR 210 ഓഗസ്റ്റ് 29-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. നിലവിൽ ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R15 V4 ആണ് അരങ്ങുവാഴുന്നതെങ്കിലും പഴയ പാരമ്പര്യത്തിന്റെ പിൻബലത്തിൽ നിരവധി ആളുകളെ കരിസ്‌മ ആകർഷിച്ചേക്കാം. പ്രത്യേകിച്ച് യുവതലമുറയെ.
The new-gen Hero Karizma has a launch date. Stay tuned for more updates.@HeroMotoCorp #hero #karizma #XMR pic.twitter.com/oDfEakwpCe
— Express Drives (@ExpressDrives) July 23, 2023
വരാനിരിക്കുന്ന കരിസ്‌മ XMR 210 മുൻഗാമിയെ പോലെ തന്നെ ഫുള്ളി ഫെയർഡ് സ്‌പോർട്ടി സ്റ്റൈലിംഗുമായി വരുമെന്നുറപ്പാണ്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്‌കുലർ ഫ്യുവൽ ടാങ്ക്, സ്‌പ്ലിറ്റ് സീറ്റ് സെറ്റ്-അപ്പ്, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, ഡിജിറ്റൽ ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സംവിധാനമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകൾ എന്നീ അത്യാധുനിക ഫീച്ചറുകളും ബൈക്കിന്റെ ഭാഗമാവും.
പുത്തൻ കരിസ്മ ZMR തികച്ചും പുതിയ പ്ലാറ്റ്‌ഫോമും നൂതനമായ 210 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനും കോർത്തിണക്കിയാവും വരിക. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ എഞ്ചിൻ ശേഷി കുറവായിരിക്കുമെങ്കിലും പെർഫോമൻസിലൊന്നും ഒരു കുറവുമുണ്ടാവില്ല. പുതിയ സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ ഇതിനായി ഹീറോ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ലിക്വിഡ് കൂൾഡ് മോട്ടോറും ട്രെല്ലിസ് ഫ്രെയിമും ലഭിക്കുന്ന ഹീറോയുടെ ആദ്യ മോട്ടോർസൈക്കിളാവുമിത്. പുതിയ പടക്കുതിരയുടെ പവർ കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എഞ്ചിൻ ഏകദേശം 25 bhp കരുത്തിന് മുകളിൽ വികസിപ്പിക്കുകയും 5 അല്ലെങ്കിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. കരിസ്മയ്ക്ക് USD ഫോർക്കുകൾ, റൈഡ്-ബൈ-വയർ ടെക്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാവാൻ സാധ്യതയില്ല.
ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ വലിയ ഫാൻബേസുള്ള കരിസ്‌മ വീണ്ടും എത്തുമ്പോൾ ക്വാർട്ടർ ലിറ്റർ സെഗ്മെന്റ് ബൈക്കുകളുടെ വരെ ഉറക്കംകെടും. ഏകദേശം 1.50 ലക്ഷം മുതൽ 1.60 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. സെഗ്മെന്റിൽ ഹീറോ മോട്ടോകോർപ്പിന്റെ പുതിയ XMR 210 ബജാജ് പൾസർ RS200, യമഹ R15 V4, സുസുക്കി ജിക്‌സർ SF 250 മുതലായവയുമായാവും ഏറ്റുമുട്ടുക.


Click it and Unblock the Notifications








