എൻടോർഖിനെ പൂട്ടണം, മൈലേജും സ്റ്റൈലും കോർത്ത് ഹീറോയുടെ പുതിയ 125 സിസി സ്‌കൂട്ടർ വരുന്നു
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അതിവേഗം വളരുകയാണെങ്കിലും ഇന്നും പെട്രോൾ സ്‌കൂട്ടറുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഡിമാന്റിൽ ഒന്നും കുറവ് വരുത്താതെ ഇവർ കുതിച്ചുപായുന്നതിനു പിന്നിലെ രഹസ്യങ്ങളെല്ലാം പരസ്യമാണ്. ഉപയോഗിക്കാനുള്ള എളുപ്പം, പ്രായോഗികത, ഭേദപ്പെട്ട മൈലേജ് എന്നിവയെല്ലാമാണ് വിജയമന്ത്രം.
നിലവിൽ 125 സിസി സ്‌കൂട്ടർ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ മത്സരം നടക്കുന്നതെന്ന് നിസംശയം പറയാം. യൂത്തിന്റെ പ്രിയ സെഗ്മെന്റാണ് ഇതെന്നതു തന്നെയാണ് കാരണം. ടിവിഎസ് എൻടോർഖ് അരങ്ങുവാഴുന്ന ശ്രേണിയിൽ സുസുക്കി ആക്‌സസും മിന്നിത്തിളങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന് മാത്രമാണ് മുൻനിരയിലേക്ക് ഇതുവരെ എത്താനാവാതെ നിൽക്കുന്നത്.

എന്നാൽ ഇതിന് അറുതിവരുത്താൻ ഒരുങ്ങുകയാണ് ഹീറോ. 110 സെഗ്മെന്റിൽ വലിയ വിജയമായ സൂം സ്‌കൂട്ടറിന്റെ ചുവടുപിടിച്ച് പുത്തൻ 125 സിസി സ്പോർട്ടി സ്‌കൂട്ടറിന്റെ അണിയറയിലാണ് കമ്പനിയിപ്പോൾ. ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തോടെയോ സൂഡ് (Xude) എന്ന പേരിൽ ഒരു പുതിയ 125 സിസി സ്കൂട്ടർ ഹീറോ അവതരിപ്പിക്കും. മോഡലിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്തുവന്നതോടെ കിടിലൻ ഡിസൈനിനെ പറ്റിയുള്ള വിവരങ്ങളും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
സൂമിന് സമാനമായ ഡിസൈൻ ഭാഷയാണ് സൂഡ് (Xude) പിന്തുടരുന്നത്. ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ആപ്രോൺ, സൈഡ് പാനലുകൾ എന്നിവയുടെ ശൈലി ഇത് പ്രകടമാക്കുന്നുമുണ്ട്. സുമിലേതിന് സമാനമായ എയറോഡൈനാമിക്, സ്‌പോർട്ടി ഡിസൈനാണ് വരാനിരിക്കുന്ന പുത്തൻ 125 സിസി സ്‌കൂട്ടറിനുള്ളത്. എങ്കിലും തന്റേതായ രീതിയിൽ വ്യത്യസ്‌മായി നിൽക്കാനുള്ള കാര്യങ്ങളും ഈ മോഡലിൽ കാണാനാവുമെന്ന കാര്യത്തിലും സംശയമൊന്നും വേണ്ട.

ഷാർപ്പ് ഫ്രണ്ട് ആപ്രോൺ, വീതിയേറിയതും കട്ടിയുള്ളതുമായ സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, വലിയ റിയർവീൽ എന്നിവയാണ് പുത്തൻ സ്‌കൂട്ടറിൽ ഹീറോ ഒരുക്കുന്ന വ്യത്യസ്തമായ ചില വശങ്ങൾ. സൂമിനെ അപേക്ഷിച്ച് ഫ്രണ്ട് സസ്പെൻഷൻ സജ്ജീകരണം വ്യത്യസ്തമാണെന്ന് തോന്നുന്നു. ഇങ്ങനെ മൊത്തത്തിൽ ഇതിനൊരു സ്‌പോർട്ടി പ്രൊഫൈൽ ഉണ്ടെങ്കിലും പ്രായോഗികവും ദൈനംദിനവുമായ സ്‌കൂട്ടറാവും സൂഡ് എന്നതിൽ സംശയമൊന്നും വേണ്ട.
പ്രായോഗികത വർധിപ്പിക്കാനായി മുന്നിലും സീറ്റിനടിയിലും സ്റ്റോറേജ് സ്പേസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂം സ്‌കൂട്ടറിലേതു പോലെ ഫ്ലോർബോർഡ് ഏരിയ പരന്നതാണ് എന്നതിനാൽ വൈവിധ്യമാർന്ന സാധനങ്ങൾ കൊണ്ടുപോകാൻ ഇത് ഉപയോഗിക്കാം. സൂമിൽ നിന്നും ആദ്യ കാഴ്ച്ചയിൽ തന്നെ വ്യത്യസ്‌തമാക്കാൻ വൈവിധ്യമാർന്ന പുതിയ കളർ ഓപ്ഷനുകളും 125 സിസി സ്‌കൂട്ടറിലുണ്ടാവും.

സൂഡിന് സൂമിൽ നിന്ന് ധാരാളം ഫീച്ചറുകളും കടമെടുക്കാൻ കഴിയും. പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, H-പൊസിഷൻ ലാമ്പ്, കോർണർ ബെൻഡിംഗ് ലൈറ്റുകൾ, സിഗ്നേച്ചർ H ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ് എന്നിവ മോഡലിലെ ചില പ്രധാന ഹൈലൈറ്റുകളാണ്. ൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ലൈവ് മൈലേജ് ഇൻഡിക്ടർ, ലോ ഫ്യുവൽ ഇൻഡിക്കേറ്റർ, എസ്എംഎസ് അലേർട്ട്, കോളർ ഐഡി എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടും.
സീറ്റിനടിയിലെ വലിയ സ്റ്റോറേജ് സ്പേസിനൊപ്പം യുഎസ്ബി മൊബൈൽ ചാർജിംഗും യൂട്ടിലിറ്റികളിൽ ഹീറോ മോട്ടോകോർപ് തങ്ങളുടെ 125 സിസി സ്‌കൂട്ടറിൽ ഒരുക്കും. ഇവ കൂടാതെ ചില അധിക ഫീച്ചറുകളും സൂഡിലേക്ക് കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നത്. മോഡലിലേക്ക് ഹീറോയുടെ XTEC സിസ്റ്റം സജ്ജീകരിക്കാനും സാധ്യതയുണ്ട്. അങ്ങനെ വരാനിരിക്കുന്ന പുതിയ മോഡലിന് പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി സ്യൂട്ടിൽ കൂടുതൽ ഫീച്ചറുകളും ലഭിക്കും.

ഹീറോയുടെ 125 സിസി സെഗ്മെന്റിൽ നിലവിൽ ഡെസ്റ്റിനിയും മാസ്ട്രോ എഡ്ജുമാണ് വിപണനത്തിന് എത്തുന്നത്. ഇവ ടിവിഎസ് എൻടോർഖ്, സുസുക്കി ആക്‌സസ്, യമഹ റേ ZR, ഹോണ്ട ഡിയോ പോലുള്ള എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ മുൻനിരയിലേക്ക് എത്തുന്നില്ലെന്നതാണ് യാഥാർഥ്യം. ഈ പോരായ്‌മ സൂഡ് എന്ന പുതിയ ആയുധത്തിന് മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന മോഡലിന്റെ പെർഫോമൻസ് എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. 125 സിസി എഞ്ചിൻ തന്നെയായിരിക്കും സൂഡിനും തുടിപ്പേകാൻ എത്തുക. എയർ-കൂൾഡ്, 4-സ്ട്രോക്ക് യൂണിറ്റ് പരമാവധി 9 bhp കരുത്തിൽ ഏകദേശം 10.4 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. സസ്‌പെൻഷനും ബ്രേക്കിംഗ് ഉപകരണവും പോലുള്ള മറ്റ് ഹാർഡ്‌വെയറുകളും ഹീറോയുടെ 125 സിസി സ്‌കൂട്ടറുകളിലേതിനു സമാനമാണ്.


Click it and Unblock the Notifications








