അപ്പാച്ചെ RTR 310 ഇത് പ്രതീക്ഷിച്ചില്ല കേട്ടോ, ഞെട്ടിക്കുന്ന വിലയിൽ 390 ഡ്യൂക്കിന്റെ പുത്തൻ മോഡൽ വിപണിയിൽ
സ്പോർട്‌സ് ബൈക്കുകളുടെ അവസാന വാക്കായി വിപണിവാഴുന്നവരാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം. ഡ്യൂക്ക് ശ്രേണിയിലൂടെ ഇന്ത്യവെട്ടിപ്പിടിച്ച ബ്രാൻഡ് ബജാജിന്റെ കൈപിടിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി ഇന്നും ട്രെൻഡായി നിൽക്കാൻ കെടിഎമ്മിന് സാധിക്കുന്നുണ്ട്. ഓറഞ്ച് കളർ കണ്ടാൽ യുവതലമുറയുടെ മനസിലേക്ക് എങ്കിലും ഡ്യൂക്ക് ബൈക്കുകളാവും ആദ്യം കടന്നുവരിക. അത്തരത്തിൽ മാറാനായത് തന്നെ വലികാര്യമാണ്.
കാലൻ, അന്തകൻ എന്ന ചീത്തപ്പേരൊക്കെ ഉണ്ടെങ്കിലും സ്വന്തമാക്കാനായി ഇന്നും ആളുകൾ ക്യൂവിലാണ്. നമ്മുടെ യുവതലമുറ കാണാത്ത പെർഫോമൻസ് വണ്ടികളാണ് കെടിഎം ഇന്ത്യയിൽ എത്തിക്കുന്നത്. ഇതുമനസിലാക്കാതെ ചോരത്തിളപ്പിൽ ചീറിപ്പായുന്നതാണ് കെടിഎം ബൈക്കുകളുണ്ടാക്കുന്ന പല അപകടങ്ങൾക്കും കാരണം. മോട്ടോർസൈക്കിളിന്റെ സ്വഭാവവും എങ്ങനെ കൈകാര്യം ചെയ്യണമെന്നും മനസിലാക്കി ഓടിച്ചാൽ സംഭവം ഉഗ്രനാണ്.

ഇപ്പോഴിതാ ഡ്യൂക്ക് ശ്രേണിയുടെ മൂന്നാംതലുറ ആവർത്തനത്തെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 390, 250 മോഡലുകളുടെ പുത്തൻ പതിപ്പുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 3.11 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫ്ലാഗ്ഷിപ്പ് മോഡലായ 390 ഡ്യൂക്കിനെ വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് നിലവിലെ മോഡലിനേക്കാൾ 13,000 രൂപയാണ് ജെൻ 3 പതിപ്പുകൾക്ക് അധികമായി നൽകേണ്ടി വരുന്നത്. ഈ പുതിയ ഡ്യൂക്കിന്റെ ബുക്കിംഗ് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.
താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 4,499 രൂപ ടോക്കൺ തുക നൽകി പുതിയ 390 ഡ്യൂക്ക് ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും. മോട്ടോർസൈക്കിളിനായുള്ള ഡെലിവറി ഉടൻ ആരംഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ഓൺലൈനിൽ ബുക്ക് ചെയ്യാൻ താത്പര്യമില്ലാത്തവർക്കായി രാജ്യത്തുടനീളമുള്ള കെടിഎം ഡീലർഷിപ്പുകളും ഇതേ തുകയ്ക്ക് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ പുതിയ 390 ഡ്യൂക്കിന് സ്‌റ്റൈലിംഗ്, പെർഫോമൻസ് എന്നിവയിൽ എക്കാലത്തെയും മികച്ച പരിഷ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ഓസ്ട്രിയൻ ബ്രാൻഡ് മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള സൗന്ദര്യശാസ്ത്രം (ഡിസൈൻ)പൊളിച്ചടുക്കിയിട്ടുണ്ട്. ഇതിന് മുമ്പത്തേക്കാൾ വിശാലമായി കാണപ്പെടുന്ന ഒരു എൽഇഡി ഹെഡ്‌ലൈറ്റ് ലഭിക്കുന്നുവെന്നതാണ് മുൻവശത്തെ ഹൈലൈറ്റ്. കൂടാതെ ബൂമറാംഗ് ആകൃതിയിലുള്ള ഡിആർഎല്ലുകൾ കൂടുതൽ ആക്രമണാത്മകമായി തോന്നുന്നുമുണ്ട്. ഫ്യുവൽ ടാങ്ക് ആവരണങ്ങളും കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി തോന്നുകയും കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യുന്നു.
390 ഡ്യൂക്കിന്റെ ടാങ്കിന്റെ രൂപകല്പനയിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. 2024 മോഡലിനെ നിലവിലെ തലമുറയേക്കാൾ കൂടുതൽ മസ്ക്കുലർ ആക്കാനാണ് കെടിഎം ശ്രമിക്കുന്നത്. ഇതിന് ഒരു പുതിയ സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണമുണ്ട്. അതിൽ പിൻഭാഗത്തെ സബ്ഫ്രെയിം തുറന്നുകിടക്കുന്ന പോലെയാണ് ഒരുക്കിയിരിക്കുന്നത്. മൊത്തത്തിൽ, 2024 കെടിഎം 390 ഡ്യൂക്ക് 2023 മോഡലിനേക്കാൾ വലുതായി തോന്നുന്നുണ്ടെന്നതും സ്വീകാര്യമായ ഒന്നാണ്.

പെർഫോമൻസിലേക്ക് നോക്കിയാൽ പുതിയ 390 ഡ്യൂക്കിന് വലിയ 399 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിന് 44.25 bhp പവറിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സ്ലിപ്പർ ക്ലച്ചും ക്വിക്ക്ഷിഫ്റ്ററുമുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്ട്രീറ്റ്, റെയിൻ, ട്രാക്ക് എന്നീ മൂന്ന് റൈഡ് മോഡുകളും സ്പോർട്‌സ് ബൈക്കിനെ കൂടുതൽ ചടുലമാക്കുന്നുണ്ട്.
ലോഞ്ച് കൺട്രോൾ, എല്ലാ പാരാമീറ്ററുകളും നിരീക്ഷിക്കാൻ അഞ്ച് ഇഞ്ച് ടിഎഫ്‌ടി സ്ക്രീൻ എന്നിവ പോലുള്ള കൂടുതൽ റൈഡർ എയ്‌ഡുകളും കെടിഎം ഇപ്പോൾ പുതിയ 2023 മോഡൽ 390 ഡ്യൂക്കിലേക്ക് ചേർത്തിട്ടുണ്ട്. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, മ്യൂസിക് കൺട്രോൾ തുടങ്ങിയ മറ്റ് ഫീച്ചറുകളും മോട്ടോർസൈക്കിളിന് അകമ്പടിയേകുന്നുണ്ട്. ഈ പുതിയ സ്ട്രീറ്റ് ഫൈറ്റർ ബൈക്ക് നിർമിച്ചിരിക്കുന്നത് ഒരു പുതിയ പൗഡർ-കോട്ടഡ് സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് ചുറ്റുമാണ്.

മുഴവശത്ത് റീബൗണ്ടും കംപ്രഷൻ അഡ്ജസ്റ്റബിലിറ്റിയുമുള്ള 33 mm അപ്സൈഡ് ഡൗൺ (USD) ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പ്രീലോഡും റീബൗണ്ട് അഡ്ജസ്റ്റ്മെന്റുമുള്ള മോണോഷോക്കുമാണ് പുത്തൻ 390 ഡ്യൂക്കിന് ലഭിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ മുന്നിൽ പുതിയ 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്ക്കുമാണ് നൽകിയിരിക്കുന്നത്. ഡ്യുവൽ ചാനൽ, കോർണറിംഗ്, സൂപ്പർമോട്ടോ എബിഎസ് സെറ്റപ്പും ബൈക്കിലുണ്ട്.
മിഷലിൻ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളാണ് മോട്ടോർസൈക്കിളിന് കെടിഎം സമ്മാനിച്ചിരിക്കുന്നത്. അറ്റ്ലാന്റിക് ബ്ലൂ, ഇലക്ട്രോണിക് ഓറഞ്ച് മെറ്റാലിക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ 390 ഡ്യൂക്ക് വാങ്ങാനാവും. ഇന്ത്യൻ വിപണിയിൽ 2.85 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ബിഎംഡബ്ല്യു G310R മാത്രമാണ് 390 ഡ്യൂക്കിനുള്ള ഒരേയൊരു എതിരാളി. എങ്കിലും പെർഫോമൻസിന്റെ കാര്യം വരുമ്പോൾ ഓസ്ട്രിയൻ ബൈക്കിനാണ് മേൽകൈ.


Click it and Unblock the Notifications








