ഇ-ബൈക്ക് നിരയിലെ പുതിയ മാറ്റർ...! മാറ്റുരയ്ക്കാം ഏറയും ടോർക്ക് ക്രാറ്റോസും
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിക്ക് ജീവനേകിയവരാണ് ഇരുചക്ര വാഹന വിഭാഗം. ഒട്ടനവധി സ്റ്റാർട്ടപ്പ് കമ്പനികളുടെ പ്രവർത്തനത്തിന്റെ ഭാഗമായി കുതിച്ചുയർന്ന രംഗത്ത് ഇന്ന് ഒട്ടനവധി മോഡലുകളാണുള്ളത്. എന്നാൽ കൂടുതലും സ്കൂട്ടർ മോഡലുകളാണ് വിപണി കീഴടക്കിയിട്ടുള്ളതെങ്കിലും വൈദ്യുത മോട്ടോർസൈക്കിളുകളും ഇപ്പോൾ ട്രെൻഡാവാൻ തുടങ്ങിയിട്ടുണ്ട്.
റിവോൾട്ട് തുടങ്ങിവെച്ച ഈ ട്രെൻഡ് ഏറ്റുപിടിച്ച് ഇന്ന് ധാരാളം മോഡലുകളാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മാറ്റർ ഇവി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കിനെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ശ്രദ്ധനേടുകയുണ്ടായി. രാജ്യത്തെ ആദ്യത്തെ മാനുവൽ ഗിയർബോക്‌സുള്ള ഇ-ബൈക്ക് എന്ന പ്രത്യേകതയോടെയാണ് മാറ്റർ ഏറ വിൽപ്പനയ്ക്ക് എത്തുന്നത്.

പ്രീമിയം ഹാർഡ്‌വെയർ ഉൾപ്പെടെയുള്ള ഒരു കൂട്ടം സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ഉപയോഗിച്ച് വരുന്ന മോഡൽ സെഗ്മെന്റിൽ ടോർക്ക് ക്രാറ്റോസ് പോലുള്ള പ്രീമിയം മോഡലുകളുമായാണ് മത്സരിക്കുക. എന്നാൽ കടലാസിൽ അതിന്റെ പ്രാഥമിക എതിരാളിയായ ടോർക്ക് ക്രാറ്റോസിനെതിരെ മാറ്റർ ഏറ എത്രത്തോളം മികച്ചു നിൽക്കുന്നുവെന്ന് അറിയേണ്ടേ? ഫീച്ചറുകൾ, ബാറ്ററി പായ്ക്ക്, റേഞ്ച്, വില എന്നിവ തമ്മിൽ ഒന്നു താരതമ്യം ചെയ്‌ത് ഇതിൽ ആരാകും കേമനെന്ന് നമുക്ക് ഒന്നു വിലയിരുത്താം.
ബാറ്ററി പായ്ക്കും മോട്ടോറും: മോട്ടോറിന്റെയും ബാറ്ററിയുടെയും കാര്യത്തിലേക്ക് ആദ്യം കടന്നാൽ 10.5kW ശേഷിയുള്ള ലിക്വിഡ് കൂൾഡ് മിഡ്‌മൗണ്ടഡ് ബാറ്ററിയുമായാണ് പുതിയ മാറ്റർ ഏറ വിപണിയിൽ എത്തുന്നത്. അതേസമയം മറുവശത്ത് മിഡ് ഡ്രൈവ് മോട്ടോറുള്ള 7.5kW ബാറ്ററി പായ്ക്കാണ് ടോർക്ക് ക്രാറ്റോസിന് തുടിപ്പേകുന്നത്. അതായത് ലിക്വിഡ്-കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇക്കാര്യത്തിൽ കേമനാവാൻ മാറ്റർ ഇ-ബൈക്കിനായെന്ന് സാരം.

ഒരു ഇന്ത്യൻ ഇലക്ട്രിക് ബൈക്കിൽ ലഭിക്കുന്ന ആദ്യത്തെ സവിശേഷതയാണിത് എന്നതും ശ്രദ്ധേയമായ കാര്യം തന്നെ. ഏറയിലെ പവർ ഔട്ട്‌പുട്ടും അവകാശപ്പെടുന്ന റേഞ്ചും പോലും ക്രാറ്റോസിനേക്കാൾ കൂടുതലാണെന്നതും മറ്റൊരു നേട്ടമാണ്. 520 Nm ആണ് മാറ്റർ മോഡൽ വീലിൽ നൽകുന്ന ടോർക്ക് കണക്ക്. ക്രാറ്റോസിൽ ഇത് 28 Nm മാത്രമാണ്. മാറ്റർ ഇവി 120-150 കിലോമീറ്റർ വരെ റേഞ്ച് നൽകുമ്പോൾ ക്രാറ്റോസ് വ്യത്യസ്‌ത ഡ്രൈവ് മോഡുകളിലൂടെ 70-120 കിലോമീറ്റർ റേഞ്ചും നൽകുന്നു.
റേഞ്ചിന്റെ കാര്യത്തിലും പ്രധാന എതിരാളിയെ കടത്തിവെട്ടാൻ മാറ്റർ ഏറയ്ക്ക് സാധിച്ചുവെന്നു വേണം വിലയിരുത്താൻ. ചാർജിംഗിനായി അഞ്ച് മണിക്കൂറിൽ താഴെ സമയമാണ് ഏറ ഇലക്ട്രിക് ബൈക്കിന് വേണ്ടി വരുന്നതെങ്കിൽ 4 മുതൽ 5 മണിക്കൂർ വരെ സമയംകൊണ്ടാണ് ടോർക്ക് ക്രാറ്റോസ് പൂർണമായി ചാർജാവുന്നത്. ഗിയർബോക്‌സിന്റെ കാര്യത്തിൽ ഏറ 4 സ്പീഡ് മാനുവൽ ഓപ്ഷൻ നൽകുമ്പോൾ ക്രാറ്റോസ് ഒരു സിവിടി ഓട്ടോമാറ്റിക് യൂണിറ്റുയുമായാണ് വരുന്നത്.

ഏറയിലെ നാല് സ്പീഡ് ഗിയർബോക്‌സ് ഓപ്ഷൻ ഓടിക്കാൻ കൂടുതൽ രസകരമായ ബൈക്ക് ആക്കുന്നുണ്ട്. ഒരു പരമ്പരാഗത മോട്ടോർസൈക്കിൾ ഓടിക്കുന്ന അനുഭവം നൽകാൻ ഇവിക്ക് സാധിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ വിജയം തന്നെയാണെന്നു വേണം കരുതാൻ. ആയതിനാൽ ബാറ്ററി, മോട്ടോർ, റേഞ്ച് എന്നിവയിൽ മാറ്റർ ഇവി ടോർക്ക് മോട്ടോർസിനെ മറികടക്കുന്നുവെന്ന് വിലയിരുത്താം.
മെക്കാനിക്കൽ സവിശേഷതകളിലേക്ക് നോക്കിയാൽ സസ്പെൻഷനായി ക്രാറ്റോസും ഏറയും മുന്നിൽ ടെലിസ്കോപിക് യൂണിറ്റാണ് ഉപയോഗിക്കുന്നത്. അതേസമയം പിന്നിൽ ടോർക്ക് ബൈക്കിന് മോണോഷോക്ക് ലഭിക്കുമ്പോൾ മാറ്ററിന് ഡ്യുവൽ ഗ്യാസ് ചാർജ്‌ഡ് ഷോക്കുകളുമാണുള്ളത്. ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്‌ക് യൂണിറ്റുകളാണ് ഇരുബ്രാൻഡുകളും വാഗ്‌ദാനം ചെയ്യുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കും പിൻ സസ്‌പെൻഷൻ ഒഴികെ സമാനമായ ശൈലി ഉണ്ടെങ്കിലും മാറ്റർ ഏറയിൽ ഡ്യുവൽ ചാനൽ എബിഎസിന്റെ സുരക്ഷാ വലയം അധികമായി ലഭിക്കുന്നുണ്ട്. ക്രാറ്റോസിന് ഇത് നഷ്‌ടമായത് വലിയ തിരിച്ചടിയാണ്.

ആളുകളെ കൈയിലെടുക്കാൻ ഏറ്റവും കഴിവുള്ള ഫീച്ചറുകളുടെ നിരയിലേക്ക് അടുത്തതായി നോക്കാം. ഇക്കാര്യത്തിൽ രണ്ട് ഇലക്ട്രിക് ബൈക്കുകളും ഏറെക്കുറെ ഒരേ നിലവാരത്തിൽ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക കാലത്തെ അവശ്യ ഉപകരണങ്ങളെല്ലാം രണ്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലും കമ്പനികൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് ഡിജിറ്റൽ കൺസോൾ, റൈഡ് മോഡുകൾ, റിവേഴ്സ് മോഡ് എന്നിവയെല്ലാം ക്രാറ്റോസിലും മാറ്റർ ഏറയിലും ലഭ്യമാണ്.
എന്നാൽ കിലെസ് എൻട്രിയുടെ അധിക നേട്ടം മാറ്റർ ഏറയ്ക്ക് ലഭിക്കുമ്പോൾ ടോർക്ക് ക്രാറ്റോസിൽ ഈ ഫീച്ചർ നഷ്ടമായിട്ടുണ്ട്. ഇനി വിലയുടെ കാര്യത്തിലേക്ക് കടന്നാൽ 1.44 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മാറ്റർ ഇവി വാഗ്ദാനം ചെയ്യുന്നതെങ്കിൽ ടോർക്ക് ക്രാറ്റോസിന് 1.33 ലക്ഷം രൂപയോളമാണ് വില വരുന്നത്. ഏകദേശം 10,000 രൂപ അധികം ചെലവഴിക്കേണ്ടി വരുന്നുണ്ടെങ്കിലും ഏറ ലിക്വിഡ്-കൂൾഡ് ബാറ്ററിയും മോട്ടോറും വാഗ്ദാനം ചെയ്യുന്നതിനാൽ ഇത് തികച്ചും ന്യായീകരിക്കാവുന്ന കാര്യമാണ്.


Click it and Unblock the Notifications








