എൻഫീൽഡേ സംഭവം കൊള്ളാം, പുതിയ ബുള്ളറ്റ് 350 വാങ്ങുന്നുണ്ടേൽ ഇതൊന്ന് അറിഞ്ഞുവെച്ചോ
മിഡ്-കപ്പാസിറ്റി ബൈക്ക് സെഗ്മെന്റ് പിടിക്കാൻ ട്രയംഫും ഹാർലി ഡേവിഡ്‌സണും കച്ചകെട്ടിയിറങ്ങിയതോടെ പുലിവാല് പിടിച്ചത് തലതൊട്ടപ്പൻമാരായ റോയൽ എൻഫീൽഡ് ആണെന്നാണ് പലരും പറയുന്നത്. എന്നാൽ റെട്രോ ക്ലാസിക് ബ്രാൻഡിന് ഇതൊന്നും പ്രശ്‌നമേയല്ലെന്ന നിലപാടാണ്. കിരീടാവകാശിയായി ആരെത്തിയാലും സ്ഥാനമാനങ്ങൾ അത്രവേഗം നൽകാനാവില്ലെന്ന ഭാവത്തിലാണ് കമ്പനി.
എതിരാളികളെ വിറപ്പിക്കാൻ തങ്ങളും റെഡിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പുതുതലമുറ ബുള്ളറ്റ് 350 അവതരിപ്പിച്ചാണ് റോയൽ എൻഫീൽഡ് യുദ്ധത്തിന് തയാറാവുന്നത്. ആവനാഴിയിലെ ആദ്യ അസ്ത്രമായാണ് ഈ ഐക്കണിക് മോഡലിനെ വിപണിയിലേക്ക് എത്തിക്കുന്നത്. ഇതിനു പിന്നാലെ പുലിക്കുട്ടികൾ എമ്പിടിയുണ്ട് വരാൻ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ തലമുറ ബുള്ളറ്റ് 350-യിൽ കമ്പനി എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ.

ഒറ്റനോട്ടത്തിൽ ഇത് പഴയ ബുള്ളറ്റുകളോട് സാമ്യമുള്ളതായി തോന്നുമെങ്കിലും മോട്ടോർസൈക്കിൾ തികച്ചും പുതിയതാണെന്ന് റോയൽ എൻഫീൽഡ് പറയുന്നു. വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് ബ്രാൻഡ് ഇതിനകം തന്നെ പുതിയ ബുള്ളറ്റിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബർ 3 മുതൽ ഡെലിവറി ആരംഭിക്കും. സംഭവം കൊള്ളാമെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം. എങ്കിലും പുതിയ ബുള്ളറ്റ് വാങ്ങുന്നുണ്ടേൽ അറിഞ്ഞുവെക്കാൻ ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്ന് പറഞ്ഞുതരാം.
വില: ആദ്യമേ ഏവർക്കും അറിയേണ്ടത് അവരുടെ ബജറ്റിന് ഇണങ്ങുന്നതാണോ ഈ വാഹനം എന്നതാണ്. മിലിട്ടറി, സ്റ്റാൻഡേർഡ്, ബ്ലാക്ക് ഗോൾഡ് എന്നീ മൂന്ന് വേരിയന്റുകളിലായാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 1.74 ലക്ഷം, 1.97 ലക്ഷം, 2.15 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ലുക്ക്: മുൻഗാമികളുടെ പാരമ്പര്യം വിളിച്ചോതുന്ന ഡിസൈൻ ശൈലി തന്നെയാണ് എൻഫീൽഡ് തങ്ങളുടെ പുതിയ ബുള്ളറ്റിനും സമ്മാനിച്ചിരിക്കുന്നത്. അതിനാൽ ഐക്കണിക് ആകൃതിയും അനുപാതവും നിലനിർത്തിയത് കൈയടി അർഹിക്കുന്ന കാര്യമാണ്. ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പൈലറ്റ് ലാമ്പുകൾ, വശങ്ങളിലെ ടൂൾബോക്‌സ്, വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ്, ത്രികോണാകൃതിയിലുള്ള സൈഡ് പാനൽ തുടങ്ങിയ ഘടകങ്ങൾ ഇപ്പോഴും വണ്ടിയിൽ കാണാം. ഇതുകൂടാതെ ബാഡ്ജിംഗും റിയർ സ്ട്രിപ്പുകളും നിലനിർത്തിയിട്ടുമുണ്ട്.
പുതിയ പ്ലാറ്റ്ഫോം: ക്ലാസിക് 350, മീറ്റിയോർ 350, ഹണ്ടർ 350 എന്നിവ നിർമിച്ചിരിക്കുന്ന റോയൽ എൻഫീൽഡിന്റെ ജെ-സീരീസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് 2023 ബുള്ളറ്റും പണികഴിപ്പിച്ചിരിക്കുന്നത്. വൈബ്രേഷനും മറ്റ് പോരായ്‌മകളുമെല്ലാം ഇതിലൂടെ ഇല്ലാതാക്കാനും കമ്പനിക്കായി. മൂന്ന് മോട്ടോർസൈക്കിളുകളിലെയും പ്രധാന ഫ്രെയിം ഒന്നുതന്നെയാണ്. ഇത് നിർമാണച്ചെലവ് മാത്രമല്ല, വികസനച്ചെലവും ലാഭിക്കാൻ ബ്രാൻഡിനെ സഹായിച്ചിട്ടുണ്ട്.

എഞ്ചിൻ: പഴയവനെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും കാതലായ മാറ്റവും എഞ്ചിനിലാണ് കാണാനാവുക. മുകളിൽ പറഞ്ഞ ക്ലാസിക്കിലും ഹണ്ടറിലുമെല്ലാം കാണുന്ന മിടുക്കനായ അതേ 349 സിസി, എയർ-ഓയിൽ കൂൾഡ് യൂണിറ്റാണ് ന്യൂ-ജെൻ ബുള്ളറ്റ് 350-യും മുന്നോട്ടു കൊണ്ടുപോവുന്നത്. ഇത് പരമാവധി 20 bhp കരുത്തിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 5-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നതിനാൽ മോട്ടോർസൈക്കിളിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ടും കിടുവാണ്.
ഫീച്ചറുകൾ: സവിശേഷതകളുടെ കാര്യത്തിൽ എതിരാളികളായ ഹാർലി ഡേവിഡ്‌സൺ 440X റോഡ്സ്റ്റർ, ട്രയംഫ് സ്പീഡ് 400 പോലുള്ളവയോട് കിടപിടിക്കാനാവില്ലെങ്കിലും ബുള്ളറ്റ് 350 അതിന്റെ സ്വഭാവത്തിന് ഇണങ്ങുന്ന തരത്തിലുള്ള പ്രായോഗികമായ ഫീച്ചറുകൾ ഒരുക്കിയിട്ടുണ്ടെന്നു വേണം പറയാൻ. ഒരു ഹസാർഡ് ലൈറ്റ് സ്വിച്ച്, ക്ലാസിക്കിൽ നിന്നുള്ള ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് പ്രധാനം.

അതോടൊപ്പം ഇതിന് ഒരു അനലോഗ് സ്പീഡോമീറ്ററും ചെറിയ ഡിജിറ്റൽ റീഡൗട്ടും റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നു. അത് രണ്ട് ട്രിപ്പ് മീറ്റർ, ട്രിപ്പ് എഫ്, ഓഡോമീറ്റർ, ഫ്യുവൽ ഗേജ്, സമയം തുടങ്ങിയ വിവരങ്ങളും കാണിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ മോഡേൺ ടച്ചൊന്നും അവകാശപ്പെടാനില്ലെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള എല്ലാത്തരം സവിശേഷതകളും ഇതിലുണ്ടെന്നു വേണം പറയാൻ.
സസ്പെൻഷനും ബ്രേക്കിംഗും: സസ്പെൻഷൻ സംവിധാനങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് പരമ്പരാഗതമായ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബർ സജ്ജീകരണവുമാണ് പുതുതലമുറ ബുള്ളറ്റ് 350-യിൽ റോയൽ എൻഫീൽഡ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഫ്രണ്ടിൽ 300 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രമ്മുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ബുള്ളറ്റിന്റെ ടോപ്പ് വേരിയന്റുകൾക്ക് പിന്നിൽ 270 mm ഡിസ്‌ക് ബ്രേക്കും ലഭിക്കും. എൻട്രി-ലെവൽ വേരിയന്റുകളിൽ സിംഗിൾ-ചാനൽ എബിഎസും അതേസമയം മിഡ്-സ്പെക്ക്, അപ്പർ ട്രിമ്മുകൾ ഡ്യുവൽ-ചാനൽ എബിഎസിന്റെ സുരക്ഷയും റോയൽ എൻഫീൽഡ് ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്തായാലും പുത്തൻ മോഡലിന്റെ വരവ് വിൽപ്പന കൂട്ടാൻ സഹായിക്കുമെന്നുറപ്പാണ്. പിന്നാലെ നവംബറിൽ ഹിമാലയൻ 450 കൂടി എത്തുമ്പോൾ ഷോറൂമുകളിൽ ആളുകളാൽ നിറയുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








