പുത്തൻ എൻഫീൽഡ് ബൈക്കിനായുള്ള ബുക്കിംഗ് തുടങ്ങി, വിലയറിയാൻ ഇനി ദിവസങ്ങൾ മാത്രം
ഇന്ത്യയിൽ അഡ്വഞ്ചർ ടൂറർ ബൈക്കുകളുടെ അവസാനവാക്കായി മാറിയ മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. ഇപ്പോൾ വിപണിയിൽ നിന്നും ഗുഡ്ബൈ പറയാൻ പോവുന്ന 411 ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് വാങ്ങാനാവുക. പക്ഷേ ആരാധകരിലൊന്നും നിരാശയില്ല കേട്ടോ. അതിനു പിന്നിലുള്ള കാരണം ഇതിലും മിടുക്കനായ പിൻഗാമായുടെ വരവ് തന്നെയാണ്.
ഇതിനോടകം ഏവരും കേട്ടറിഞ്ഞ 452 എന്ന മോഡൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തിരിക്കുകയാണ്. ഇനി പുതുതലമുറ റോയൽ എൻഫീൽഡ് ഹിമാലയന്റെ ഇന്ത്യയിലേക്കുള്ള വരവിനായാണ് ഏവരും കാത്തിരിക്കുന്നത്. എന്നാൽ മുഷിപ്പിക്കാൻ ബ്രാൻഡ് തയാറല്ലെന്നതും ആകാംക്ഷയുണർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിതാ പുത്തൻ അഡ്വഞ്ചർ ടൂററിനായുള്ള ബുക്കിംഗും ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ.

പുതിയ ഹിമാലൻ പ്രീ-ബുക്ക് ചെയ്യാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ ടോക്കൺ തുക നൽകി വാഹനം ഇപ്പോൾ ബുക്ക് ചെയ്‌തിടാൻ അവസരമുണ്ട്. ആഡംബരങ്ങളോടെ EICMA ഷോയിൽ പരിചയപ്പെടുത്തിയ ഹിമാലയൻ 452 പതിപ്പിനെ ഈ വർഷം ഗോവയിൽ അരങ്ങേറുന്ന മോട്ടോവേഴ്‌സിൽ നവംബർ 24-ന് ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് റോയൽ എൻഫീൽഡിന്റെ പ്ലാൻ. വില പ്രഖ്യാപനത്തിന് ശേഷം ഡെലിവറികളും ആരംഭിക്കും.
ഈ വർഷം മോട്ടോർസൈക്കിൾ പ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് ഹിമാലയന്റേതെന്ന് നിസംശയം പറയാം. ധാർമ്മികത നിലനിർത്തിക്കൊണ്ട് പുതിയ സാങ്കേതികവിദ്യകളിലേക്ക് നീങ്ങുന്നതിനാണ് അഡ്വഞ്ചർ ടൂററിന്റെ പുതുതലമുറ മോഡൽ സാക്ഷ്യംവഹിച്ചിരിക്കുന്നത്. ഡിസൈൻ, സവിശേഷതകൾ, ഹാർഡ്‌വെയർ, മെക്കാനിക്കൽ എന്നിവയിൽ മുൻഗാമിയായ ഹിമാലയൻ 411-ൽ നിന്നും പുതിയ ഹിമാലയൻ 452 വലിയ അന്തരമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.

ബേസ്, പാസ്, സമ്മിറ്റ് എന്നീ മൂന്ന് വേരിയന്റുകളിൽ പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ വിപണിയിലെത്തും. ഇതിന് അഞ്ച് കളർ ഓപ്‌ഷനുകളും ലഭിക്കും. അതിൽ ഒന്ന് മാത്രമാണ് ഹിമാലയൻ 411-ൽ നിന്ന് എടുത്തിട്ടുള്ളത്. ബാക്കിയെല്ലാം പുതുമയാർന്ന നിറങ്ങളാണെന്ന് ശ്രദ്ധേയമാവുന്ന കാര്യമാണ്. ബൈക്കിന്റെ ബേസ് വേരിയന്റ് കാസ ബ്രൗൺ കളർ ഓപ്ഷനോടെയാവും വരിക.
അതേസമയം ഹിമായലൻ 452 പാസ് മോഡലിന് സ്ലേറ്റ് ഹിമാലയൻ സാൾട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ ഓപ്ഷനുകളാവും ഉണ്ടാവുക. ഹാൻലെ ബ്ലാക്ക്, കാമറ്റ് വൈറ്റ് എന്നീ നിറങ്ങളിൽ ടോപ്പ് എൻഡ് സമ്മിറ്റ് വേരിയന്റ് ലഭ്യമാവും. പുതുതായി വികസിപ്പിച്ച ഷെർപ 450 എഞ്ചിനാണ് മൂന്ന് വേരിയന്റുകൾക്കും തുടിപ്പേകാനായി എത്തുന്നത്. ഈ സിംഗിൾ സിലിണ്ടർ എഞ്ചിന് 8,000 ആർപിഎമ്മിൽ 39.4 bhp കരുത്തും 5,500 ആർപിഎമ്മിൽ 40 Nm torque ഉം വരെ വികസിപ്പിക്കാനാവും.

സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് ഈ പുത്തൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് എൻഫീൽഡ് ബൈക്കിന് ഒരു ലിക്വിഡ് കൂൾഡ് എഞ്ചിൻ ലഭിക്കുന്നത് എന്നും വളരെ സുപ്രധാനമാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ പുതിയ ട്വിൻ-സ്പാർ പ്ലാറ്റ്‌ഫോമിൽ പണിതിരിക്കുന്ന ഹിമാലയന്റെ സസ്പെൻഷനായി 43 mm USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ 7-ലെവൽ അഡ്‌ജസ്റ്റബിൾ മോണോഷോക്കുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ മുന്നിൽ 320 mm സിംഗിൾ ഡിസ്‌ക്കും പിന്നിൽ 270 mm വലിപ്പമുള്ള ഡിസ്‌ക്കുമാണ് റോയൽ എൻഫീൽഡ് സമ്മാനിച്ചിരിക്കുന്നത്. ഓഫ്-റോഡിൽ പോകുമ്പോൾ പിൻഭാഗത്തെ എബിഎസ് മൊഡ്യൂൾ ഓഫ് ചെയ്യാൻ സ്വിച്ചബിൾ ഫീച്ചറും ഒരുക്കിയിട്ടുണ്ട്. ട്യൂബ് ടയറുകളുള്ള 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ സ്‌പോക്ക് വീലുകളാണ് ബൈക്കിനുള്ളത്.

റോയൽ എൻഫീൽഡ് ട്യൂബ്‌ലെസ് ടയറുകൾക്കായി ക്രോസ്-സ്‌പോക്ക് വീലുകൾ ഹോമോലോഗേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണിപ്പോൾ. ഇത് സാധ്യമായാൽ അധികം വൈകാതെ ഈ ഫീച്ചറും മോട്ടോർസൈക്കിളിലേക്ക് കടന്നുവരും. റൈഡ്-ബൈ-വയർ ഉപയോഗിച്ചുള്ള ഇക്കോ, പെർഫോമൻസ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഹിമാലയൻ 452 അഡ്വഞ്ചർ ടൂറർ ബൈക്കിന് ലഭിക്കുന്നുണ്ട്.
ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ എൽഇഡി ലൈറ്റിംഗും, ഗൂഗിൾ മാപ്‌സ് വഴി നാവിഗേഷനോടു കൂടിയ 4 ഇഞ്ച് TFT സ്ക്രീനും പുത്തൻ റോയൽ എൻഫീൽഡ് ഹിമാലയനിൽ ഒരുക്കിയിരിക്കുന്നു. മീഡിയ നിയന്ത്രണങ്ങൾക്കുള്ള സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, എസ്എംഎസുകൾക്കും കോളുകൾക്കുമുള്ള അറിയിപ്പുകൾ എന്നിവയും അതിലേറെയും ഫീച്ചറുകൾ ഇതിലൂടെ ആക്‌സസ് ചെയ്യാനാവും ടേൺ ഇൻഡിക്കേറ്റിൽ തന്നെയാണ് ബ്രേക്ക് ലൈറ്റും സംയോജിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








