ചിഹ്നം വിളിച്ച് ഹിമാലയൻ 452, ഹൈപ്പ് കൂട്ടി പുത്തൻ ചിത്രങ്ങൾ; വഴിമുടക്കുമോ ട്രയംഫും ഹോണ്ടയും?
അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ ഒരേയൊരു രാജാവാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. 2016-ൽ പുറത്തിറങ്ങിയതു മുതൽ ഇത്രയധികം ഫാൻബേസുണ്ടാക്കിയെടുത്ത മുതൽ വേറെയുണ്ടോന്ന് വരെ സംശയമാണ്. ഓൺറോഡിൽ എന്നപോലെ ഓഫ്-റോഡിലിലായാലും ഏത് കുന്നോ മലയോ പുഴയോ താണ്ടാൻ ഹിമാലയന് കെൽപ്പുണ്ട്. ദേ ഇപ്പോൾ ഇതിഹാസം പുതുതലമുറയിലേക്ക് ചേക്കേറുന്ന വിവരം ഏവരും അറിഞ്ഞുകാണുമല്ലോ.
നവംബർ ഏഴിന് വിപണിയിലേക്ക് എത്തുന്നതിനു മുന്നോടിയായി വാഹനത്തെ പരിചയപ്പെടുത്തുന്ന തിരക്കിലാണ് റോയൽ എൻഫീൽഡ്. ഇതിന്റെ ഭാഗമായി പുത്തൻ ഹിമാലയൻ 452 മോഡലിന്റെ ടീസർ വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് ഹൈപ്പ് കൂട്ടുകയാണ് ബ്രാൻഡ്. തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് വരാനിരിക്കുന്ന ഹിമാലയന്റെ പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ മോട്ടോർസൈക്കിൾ അതിന്റെ പുതിയ കാമറ്റ് വൈറ്റ് കളർ സ്കീമിൽ വ്യക്തമായി കാണാം.

മൂടിക്കെട്ടലുകളില്‍ നിന്ന് പുറത്തിറങ്ങിയ ഈ പുതിയ മോഡലിന്റെ ചിത്രത്തിൽ ഹിമാലയം ബാക്ക്ഗ്രൗണ്ടായി വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന പശ്ചാത്തലമാണ് റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഡിസൈനും ബാക്കി ഫീച്ചറുകളുമെല്ലാം കമ്പനി വ്യക്തമാക്കുന്നുണ്ടെങ്കിലും ആകാംക്ഷ ഭരിതരായിരിക്കുകയാണ് ഫാൻസ്. ഇതുവരെയുണ്ടായിരുന്ന ഹിമാലയനില്‍ നിന്ന് അടിമുടി മാറിയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
നിലവിലെ ഹിമാലയൻ 411 ഭാരമേറിയതാണെന്നും പവറും പെർഫോമൻസും അത്രപോരെന്നുമുള്ള പരിഭവങ്ങൾ പലതവണ എൻഫീൽഡ് കേട്ടിട്ടുള്ളതാണ്. ഇക്കാര്യത്തിന് അറുതിവരുത്തിക്കൊണ്ടാണ് പുതിയ 452 പതിപ്പിനെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വരാനിരിക്കുന്ന പുതുതലമുറ പതിപ്പിന് നിലവിലുള്ള മോഡലിനേക്കാൾ ഏകദേശം 3 കിലോ കുറവാണ്. കൂടാതെ ശേഷി കൂടിയ എഞ്ചിൻ കൂടി ഉപയോഗിക്കുന്നതോടെ സംഗതി കളറാവും.

പുതിയ 451.65 സിസി, ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കും ഹിമാലയൻ 452 മോഡലിന് തുടിപ്പേകാൻ എത്തുക. ഇതാദ്യമായാണ് റോയൽ എൻഫീൽഡ് തങ്ങളുടെ ഒരു മോട്ടോർസൈക്കിളിൽ ലിക്വിഡ് കൂളിംഗ് എഞ്ചിൻ ഉപയോഗിക്കുന്നതു തന്നെ. പവർ ഔട്ട്‌പുട്ടിലേക്ക് നോക്കിയാൽ 8,000 rpm-ൽ 40 bhp കരുത്തിൽ ഏകദേശം 40 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സും അഡ്വഞ്ചർ ടൂററിലേക്ക് വിരുന്നെത്തും. നിലവിലുള്ള മോഡലിന്റെ ഫ്ലാറ്റ്‌ബെഡ് തരത്തിലുള്ള രൂപവുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഹിമാലയൻ 452 വില്ലു പോലെയുള്ള ആർച്ച് ലുക്കിൽ വലിപ്പം കൂടിയതുപോലെയാണ് തോന്നിക്കും. റൈഡ് ഗുണനിലവാരത്തിലും മൊത്തത്തിലുള്ള പെർഫോമൻസിലും വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടാണ് ബൈക്ക് പണിതെടുത്തിരിക്കുന്നതെന്ന് വ്യക്തം.

വിശദമായ മാപ്പോടെ വരുന്ന പുതിയ വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മോട്ടോർസൈക്കിളിന്റെ ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ട്രിപ്പർ നാവിഗേഷന്റെ പുതിയ തലമുറ പതിപ്പ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ റോയൽ എൻഫീൽഡ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയർ വീലിലെ എബിഎസ് ഓഫാക്കിയ ഓഫ്-റോഡ് മോഡോടുകൂടിയ ഡ്യുവൽ-ചാനൽ എബിഎസും ശ്രദ്ധേയമായിരിക്കും.
റോയൽ എൻഫീൽഡ് ഹിമാലയൻ 452 അഡ്വഞ്ചർ ടൂററിൽ എൽഇഡി ലൈറ്റിംഗും ഹസാർഡ് ലൈറ്റുകളും സൈഡ്-സ്റ്റാൻഡ് കട്ട് ഓഫ് സ്വിച്ചും വാഗ്ദാനം ചെയ്യും. ട്യൂബ്ലെസ് സ്പോക്ക്ഡ് വീലുകളും മോട്ടോർസൈക്കിളിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതും സെഗ്മെന്റിൽ പുതിയത് ആയിരിക്കും. മറ്റ് മൊക്കാനിക്കൽ വശങ്ങളിൽ സസ്പെൻഷനായി മുന്നിൽ USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഫ്‌സെറ്റ് മോണോഷോക്കുമായിരിക്കും നൽകുക.

ബ്രേക്കിംഗിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക് ബ്രേക്കിംഗും ഉണ്ടാവും. സിയറ്റ് ടയറുകളിൽ പൊതിഞ്ഞ 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീൽ സൈസിലായിരിക്കും റോയൽ എൻഫീൽഡ് ഹിമാലയൻ 452 വരിക. മുകളിൽ പറഞ്ഞതുപോലെ സ്വിച്ചബിൾ എബിഎസിന്റെ വരവും സഹായകരമാവും. പ്രീമിയം ബൈക്ക് ഫീൽ നൽകുന്നതിനായി സിംഗിൾ ടോൺ, ഡ്യുവൽ ടോൺ നിറങ്ങളിൽ ഹിമാലയനെ കമ്പനി ഒരുക്കും.
യെല്ലോ-ബ്ലാക്ക്, ഗ്രേ-റെഡ്, ഗ്രേ-ബ്ലൂ, ഗ്രേ-വൈറ്റ് എന്നിങ്ങനെ പുതുമയാർന്ന ഡ്യുവൽ ടോൺ കളറുകൾ വരാനിരിക്കുന്ന പുതിയ ഹിമാലയൻ 452 മോഡലിലുണ്ടാവുമെന്ന് സ്പൈ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്. വിപണിയിൽ റോയൽ എൻഫീൽഡ് അഡ്വഞ്ചർ ടൂറർ, കെടിഎം 390 അഡ്വഞ്ചർ, ഉടൻ പുറത്തിറക്കാനിരിക്കുന്ന ഹീറോ എക്സ്‍പള്‍സ് 400 എന്നിവയുമായാവും മാറ്റുരയ്ക്കുക.


Click it and Unblock the Notifications








