ഓഫ്-റോഡിംഗ് മാത്രമല്ല, ലോംഗ് ടൂറും പിടിക്കാം; സ്ക്രാംബ്ലറിനെ ഒരുക്കാൻ കൊണ്ടുവന്നിരിക്കുന്നത് കണ്ടോ
ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ മത്സരം മുറുകുകയാണ്. റോയൽ എൻഫീൽഡ് കിങായി വാഴുന്ന വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കാനായി കഴിഞ്ഞയിടക്ക് ഇറങ്ങിയത് സാക്ഷാൽ സൂപ്പർബൈക്ക് നിർമാതാക്കളായ ട്രയംഫും ഹാർലി ഡേവിഡ്‌സണുമെല്ലാമാണ്. ഇതിനിടയിൽ നമ്മുടെ ഹോണ്ടയും അങ്കത്തിനായുണ്ട്.
എന്തായാലും ഇക്കൂട്ടത്തിൽ വൻഓളമുണ്ടാക്കിയത് ട്രയംഫ് തന്നെയാണെന്ന് നിസംശം പറയാം. ഇതിനായി രണ്ട് 400 സിസി ബൈക്കുകളേയാണ് കമ്പനി നിയോഗിച്ചതും. ആദ്യത്തെ 400 സ്പീഡ് എന്ന് റോഡ്സ്റ്റർ മോഡലിനെ സ്വന്തമാക്കാൻ എത്തിയത് വലിയ ജനക്കൂട്ടമായിരുന്നു. ഇപ്പോഴിതാ ഹിമാലയനെ നേരിടാനായി സ്ക്രാംബ്ലർ 400X എന്ന ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളിനെ കൂടി വിപണനത്തിന് എത്തിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രീമിയം ടൂവീലർ നിർമാതാക്കൾ.

2.63 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലെത്തിയ ബൈക്കിന് നിരവധി ഉപഭോക്താക്കളെ ഷോറൂമിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഉറപ്പാണ്. ഓഫ്-റോഡ് ചെയ്യാൻ മാത്രമല്ല, ലോംഗ് ടൂറിനും റെഡിയാക്കുന്ന തരത്തിൽ സ്ക്രാംബ്ലർ 400X പതിപ്പിനെ അണിയിച്ചൊരുക്കാനായി വലിയ ആക്‌സസറുകളുടെ നിരയെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ട്രയംഫ്. ലഗേജ്, പ്രൊട്ടക്ഷൻ, മറ്റ് കംഫർട്ട് ആൻഡ് ഏസ്‌തറ്റിക് ആഡ്-ഓണുകൾ എന്നീ വിവിധ വിഭാഗങ്ങളിലായാണ് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കൾ ആക്‌സസറികൾ കൊണ്ടുവന്നിരിക്കുന്നത്. അത് എന്തെല്ലാമെന്ന് വിശദമായി നോക്കാം.
സ്‌ക്രാംബ്ലറാണെങ്കിലും ടൂറിങ്ങിന് അനുയോജ്യമാക്കുന്ന തരത്തിലാണ് ട്രയംഫ് മോട്ടോർസൈക്കിളിനെ പണിതിറക്കിയിരിക്കുന്നത്. ഇതിനായി ധാരാളം ആക്‌സസറികളും കൊണ്ടുവന്നിട്ടുണ്ട്. ലഗേജുകൾ ഉൾക്കൊള്ളാൻ, ട്രയംഫ് ഒരു 35 ലിറ്റർ സെമി-റിജിഡ് ടോപ്പ് ബോക്‌സ് ബൈക്കിനൊപ്പം വാഗ്ദാനം ചെയ്യുന്നു. ഇതിന് ക്വിക്ക് റിലീസ് സംവിധാനത്തിനൊപ്പം മികച്ച ക്വാളിറ്റിയുമുണ്ടെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇതുകൂടാതെ, കംപ്രഷൻ സ്ട്രാപ്പുകളും ക്യാരി ഹാൻഡിലുകളുമുള്ള പൂർണമായും വാട്ടർപ്രൂഫ് റോൾ ബാഗും ട്രയംഫ് സ്ക്രാംബ്ലർ 400X മോഡലിന് ആക്‌സസറിയായി തെരഞ്ഞെടുക്കാം. ഒരു ടാങ്ക് ബാഗും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ കരുത്തുറ്റ ലഗേജുകൾ കൊണ്ടുപോവാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കായി ലോക്ക് ചെയ്യാവുന്ന പാനിയറുകളും ട്രയംഫ് ആക്‌സസറി ലിസ്റ്റിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സൈഡ് പാനിയറുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഒരു താക്കോലും മൗണ്ടുകളുമായാണ് വരുന്നത്.
പ്രൊട്ടക്ഷൻ ആക്‌സസറി ലിസ്റ്റിൽ റൈഡറിന് കാറ്റിൽ നിന്നും സംരക്ഷണം നൽകുന്നതിനായി ഒരു ഫ്ലൈസ്ക്രീൻ തെരഞ്ഞെടുക്കാം. ഹിമാലയൻ പോലുള്ള ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതത്ര കാര്യക്ഷമമല്ലെങ്കിലും മോശമാക്കാതെ പ്രവർത്തിക്കുന്നുണ്ടെന്നു വേണം പറയാൻ. കറുത്ത ടെക്‌സ്‌ചറിൽ പൂർത്തിയാക്കിയ ട്യൂബുലാർ മൈൽഡ് സ്റ്റീൽ കൊണ്ട് നിർമിച്ച അപ്പർ, ലോവർ എഞ്ചിൻ ബാറുകളും ഉടമകൾക്ക് വാങ്ങാൻ അവസരമുണ്ട്.

ഈ എഞ്ചിൻ ബാറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ക്രാഷിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും മോട്ടോർസൈക്കിളിനെ സംരക്ഷിക്കുന്നതിനാണ്. അതേസമയം സ്റ്റൈലിംഗും ചേർക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുമ്പ് സൂചിപ്പിച്ചതുപോലെ ഇവ രണ്ട് ഭാഗങ്ങളായി വരുന്നതിനാൽ വ്യക്തിഗതമായി മൌണ്ട് ചെയ്യാവുന്നതാണ് എന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.
ഇനി കംഫർട്ട് ആൻഡ് ഏസ്തറ്റിക് ആക്‌സസറികളുടെ പട്ടികയിലേക്ക് വന്നാൽ ഹെഡ്‌ലൈറ്റ് ഗ്രിൽ, സംപ് ഗാർഡ്, ലിവർ അല്ലെങ്കിൽ ഹാൻഡ് ഗാർഡുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡ് ആയി വരുന്ന സ്‌ക്രാംബ്ലർ 400X ആവശ്യത്തിന് ലുക്ക് നൽകുന്നുണ്ടെന്നതിൽ സംശയമൊന്നും വേണ്ട. എന്നിരുന്നാലും, മികച്ച സൗകര്യത്തിനായി ക്വിൽറ്റഡ് സീറ്റുകളും, ആകർഷകമായ രൂപം നൽകുന്നതിന് ചെറിയ എൽഇഡി ഇൻഡിക്കേറ്ററുകളും, മോട്ടോർസൈക്കിളിനെ അദ്വിതീയമാക്കാൻ വ്യത്യസ്ത ടാങ്ക് പാഡുകളും ട്രയംഫ് ആക്‌സസറിയായി വാഗ്ദാനം ചെയ്യുന്നുണ്ട്.

മുകളിൽ പറഞ്ഞവയ്‌ക്ക് പുറമെ സ്‌ക്രാംബ്ലറിന്റെ ലുക്ക് പോരെന്ന് തോന്നുന്നവർക്കായി ഉയർന്ന ഫ്രണ്ട് മഡ്‌ഗാർഡും ട്രയംഫ് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും വലിയ നവീകരണം എക്‌സ്‌ഹോസ്റ്റിന്റെ രൂപത്തിലാണ് വരുന്നത്. ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ഡ്യുവൽ ട്വിൻ പൈപ്പിന് പകരം ഹീറ്റ് ഷീൽഡ് യൂണിറ്റ് ആക്‌സസറി ലിസ്റ്റിൽ നിന്നും ഉടമകൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരം ട്രയംഫ് നൽകുന്നുണ്ട്.
ഇതൊക്കെയാണ് പുതിയ സ്ക്രാംബ്ലർ 400X ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളിനായി ട്രയംഫ് വാഗ്‌ദാനം ചെയ്യുന്ന ജെനുവിൻ ആക്‌സസറികൾ. ഇവയെല്ലാം കൂടാതെ ധാരാളം ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികളും വരും ദിവസങ്ങളിൽ വിപണിയിൽ സുലഭമായെത്തും. എങ്കിലും ഒറിജിനൽ പ്രൊഡക്റ്റിന്റെ വിശ്വാസീയത ഇവയ്ക്കില്ലെന്ന് പ്രത്യേകം നിങ്ങൾ ഓർമിക്കുന്നത് നല്ലതായിരിക്കും.


Click it and Unblock the Notifications








