പോക്കറ്റ് കാലിയാവാതെ മോട്ടോജിപി ബൈക്ക് വാങ്ങിയാലോ? യമഹയുടെ ഈ ഐഡിയ കൊള്ളാം
ഇന്ത്യയിൽ കമ്മ്യൂട്ടർ ബൈക്കുകൾ, സ്പോർട് മോട്ടോർസൈക്കിളുകൾ, സ്‌കൂട്ടറുകൾ എന്നിങ്ങനെ വ്യത്യസ്‌ത വിഭാഗങ്ങളിൽ മോഡലുകൾ പുറത്തിറക്കുന്നവരാണ് യമഹ (Yamaha). രാജ്യത്ത് മികച്ച സ്വീകാര്യതയുള്ള ബ്രാൻഡ് സ്പെഷ്യൽ എഡിഷൻ ടൂവീലറുകൾ ഇറക്കുന്നതിലും പ്രത്യേകം പ്രാവിണ്യമുള്ളവരാണ്. അത്തരത്തിലുള്ള ജനപ്രിയ പതിപ്പുകളാണ് മോൺസ്റ്റർ എനർജി മോട്ടോ ജിപി (Monster Energy Moto GP Edition).
YZF-R15M, MT-15 V2.0, എയ്‌റോക്‌സ് 155, റേ ZR എന്നീ മോഡലുകളിൽ ലഭ്യമാവുന്ന ഈ മോൺസ്റ്റർ എനർജി മോട്ടോ ജിപി എഡിഷന്റെ പുതിയ 2023 ആവർത്തനത്തെ വിപണിയിലെത്തിച്ചിരിക്കുകയാണ് യമഹ ഇപ്പോൾ. പരിമിതമായ സംഖ്യകളിൽ മാത്രമായിരിക്കും ഈ വേരിയന്റുകൾ ലഭ്യമാവുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന മോട്ടോജിപി ഭാരതിനോട് അനുബന്ധിച്ചാണ് ഈ ഇരുചക്ര വാഹനങ്ങളുടെ പുതുക്കിയ പതിപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

മോൺസ്റ്റർ എനർജി മോട്ടോ ജിപി എഡിഷന്റെ 2023 മോഡലുകൾ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ മോഡലുകൾ സെപ്റ്റംബർ മൂന്നാം വാരം മുതൽ ഇന്ത്യയിലെ ബ്ലൂ സ്‌ക്വയർ ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങാമെന്ന് യമഹ പറയുന്നു. ഇവയ്ക്ക് കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും ഇവയുടെ സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് മെക്കാനിക്കലി കാര്യമായ നവീകരണങ്ങളൊന്നും വാഗ്‌ദാനം ചെയ്യുന്നില്ലെന്നും യമഹ ഓർമിപ്പിക്കുന്നു.
YZF-R15M എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന്റെ 2023 മോട്ടോജിപി എഡിഷന് ഇന്ത്യയിൽ 1.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം MT-15 V2.0 നേക്കഡ് സ്ട്രീറ്റ് ബൈക്കിന് 1.73 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണം. 92,330 രൂപയാണ് റേ ZR 125 Fi ഹൈബ്രിഡ് സ്‌കൂട്ടറിന്റെ മോൺസ്റ്റർ പതിപ്പിനായി നൽകേണ്ടി വരിക. എയ്‌റോക്‌സ് മാക്‌സി സ്‌കൂട്ടറിന്റെ വില ബ്രാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഡിസൈനിലെ പുതുമയിലേക്ക് വന്നാൽ YZF-R15M, MT-15 V2.0 എന്നിവയുടെ 2023 മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി എഡിഷൻ ടാങ്ക് കവറുകൾ, ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ എന്നിവയിൽ യമഹ മോട്ടോജിപി ലിവറി പ്രദർശിപ്പിക്കുന്നു. അതേസമയം എയ്റോക്‌സ്, റേ ZR സ്കൂട്ടറുകൾക്ക് മൊത്തത്തിലുള്ള ബോഡിയിൽ യമഹ മോട്ടോജിപി ലിവറിയാണ് ലഭിക്കുന്നത്. അങ്ങനെ മൊത്തത്തിൽ സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ അൽപം സ്പോർട്ടിയറായി തിളങ്ങി നിൽക്കാൻ മോഡലുകളെ സഹായിക്കുന്നുണ്ട്.
മെക്കാനിക്കലായി നോക്കിയാൽ 2023 യമഹ R15 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷന് കരുത്ത് പകരുന്നത് 18.1 bhp പവറിൽ 14.2 Nm torque നൽകുന്ന അതേ 155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറു സ്പീഡ് ഗിയർബോസുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ക്വിക്ക്-ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

അതേസമയം മറുവശത്ത് യമഹ MT 15 V2 മോട്ടോജിപി എഡ്ഷന് തുടിപ്പേകുന്നതും ഇതേ എഞ്ചിൻ തന്നെയാണ്. നേക്കഡ് സ്ട്രീറ്റ് ബൈക്കിൽ 155 സിസി, ലിക്വിഡ് കൂൾഡ് യൂണിറ്റ് 10,000 rpm-ൽ 18.1 bhp കരുത്തും 7,500 rpm-ൽ 14.1 Nm torque ഉം വരെ നൽകാൻ ശേഷിയുള്ളതാണ്. സിംഗിൾ സിലിണ്ടർ എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുണ്ടെങ്കിലും R15 ലെ ഫാൻസി ഫീച്ചറുകളൊന്നും ഇതിലില്ല.
ഹൈബ്രിഡ് പവർ അസിസ്റ്റ് സിസ്റ്റത്തിന്റെ പ്രയോജനം ലഭിക്കുന്ന 125 സിസി എഞ്ചിനാണ് യമഹ റേ ZR ഹൈബ്രിഡ് സ്‌കൂട്ടറിന്റെ മോൺസ്റ്റർ എനർജി മോട്ടോജിപി പതിപ്പിൽ പ്രവർത്തിക്കുന്നത്. 8.04 bhp കരുത്തിൽ പരമാവധി 10.3 Nm torque വികസിപ്പിക്കുന്ന ഈ എഞ്ചിന് കഴിയും. 99 കിലോഗ്രാം ഭാരമുള്ള ഇത് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും ഭാരം കുറഞ്ഞ സ്കൂട്ടറുകളിൽ ഒന്നാണ്.

12-10 ഇഞ്ച് അലോയ് വീൽ കോമ്പിനേഷനിലാണ് റേ ZR വിൽപ്പനയ്ക്ക് എത്തുന്നത്. സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ടറ്റത്തും ഒരു ഡ്രം ബ്രേക്കാണ് ഉൾപ്പെടുന്നത്. അതേസമയം ഓപ്ഷണലായി മുൻവശത്ത് ഫ്രണ്ട് ഡിസ്ക് ബ്രേക്കും തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.


Click it and Unblock the Notifications








