2 മണിക്കൂറിനുള്ളിൽ ഫുൾ ചാർജ്, 187 കി.മീ. റേഞ്ച്, ഓബെൻ റോർ ഇ-ബൈക്ക് നിരത്തുകളിൽ
ഇലക്‌ട്രിക് വിപണിയിലും സ്‌കൂട്ടറുകളുടെ ആധിപത്യമാണ് കാണാനാവുന്നതെങ്കിലും മോട്ടോർസൈക്കിൾ എന്നും നിലനിർത്തുന്നത് ഒരു പ്രത്യേക വികാരമാണ്. അതിനാൽ ഇത്തരം വാഹനങ്ങൾക്ക് എന്നും വിപണിയിൽ പ്രത്യേക സ്ഥാനമുണ്ടാവുമെന്ന് വൈദ്യുത വാഹന രംഗവും തെളിയിച്ച് മുന്നേറുകയാണ്. റിവോൾട്ട് ഇവിയും അൾട്രാവയലറ്റും ടോർക്കും എല്ലാം ഇതിനുള്ള ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഇതിനുശേഷം വിപണിയിലേക്ക് വരുന്ന മറ്റൊരു ഇലക്‌ട്രിക് മോട്ടോർസൈക്കിളാണ് ഓബെൻ റോർ. പോയ വർഷം അവതരിപ്പിച്ചിരുന്ന മോഡലിനായുള്ള ഡെലിവറി ആരംഭിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി പുതിയ ചുവടുവെക്കുകയാണ്. കിടിലൻ ലുക്കും അതിനൊത്ത പെർഫോമൻസും റേഞ്ചും വാഗ്‌ദാനം ചെയ്‌തുകൊണ്ടെത്തിയ മോഡലിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. ഇതുവരെ ഇ-ബൈക്കിനായി 21,000-ത്തോളം പ്രീ-ഓർഡറുകൾ ലഭിച്ചുവെന്നാണ് ബ്രാൻഡ് പറയുന്നത്.

ബെംഗളൂരുവിലെ ജിഗാനിയിൽ സ്ഥിതി ചെയ്യുന്ന നിർമാണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പെർഫോമൻസ് ഇ-മോട്ടോർസൈക്കിളിന്റെ 25 യൂണിറ്റുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് കൈമാറിയിരിക്കുന്നത്. ആദ്യ ബാച്ച് ഉപഭോക്താക്കൾക്ക് 'ഫസ്റ്റ് ടു റോർ' (F2R) ഇവന്റിൽ എക്‌സ്‌ക്ലൂസീവ് ഉൽപ്പന്നങ്ങളും വാഗ്ദാനം ചെയ്‌ത് ഡെലിവറി ഗംഭീരമാക്കാനും ഓബെനായി. 1.50 ലക്ഷം രൂപയാണ് റോർ ഇലക്ട്രിക് ബൈക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.
നിലവിൽ ബെംഗളൂരുവിൽ മാത്രമാണ് ഡെലിവറി ആരംഭിച്ചിരിക്കുന്നതെങ്കിലും താമസിയാതെ തന്നെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും തുടങ്ങാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് ഓബെൻ. എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ഷോറൂമുകളും സർവീസ് സെന്ററുകളും തുറക്കാനുള്ള പദ്ധതികൾക്കൊപ്പം ബ്രാൻഡിന്റെ ഉത്പാദന ശേഷിയും സജീവമായി വികസിപ്പിക്കും. ഈ വർഷം മെയ് മാസത്തിലാണ് കമ്പനി ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിൽപ്പന ബെംഗളൂരുവിലെ HSR ലേഔട്ടിലെ ആദ്യ എക്സ്പീരിയൻസ് സെന്ററിൽ നിന്ന് ആരംഭിച്ചത്.

150 സിസി പെട്രോൾ മോട്ടോർസൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച പെർഫോമൻസ്, ആധുനിക ഡിസൈൻ, സ്മാർട്ട് ഫീച്ചറുകൾ എന്നിവ ബൈക്കിന്റെ പ്രധാന ആകർഷണീയതകളാണെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. കൂടാതെ, കുറഞ്ഞ പ്രവർത്തനച്ചെലവ് ഉപഭോക്താക്കൾക്ക് എളുപ്പമുള്ള ഉടമസ്ഥത അനുഭവമാക്കുന്നുവെന്നും ബ്രാൻഡ് പറയുന്നു. ഒബെൻ റോർ ഇ-മോട്ടോർസൈക്കിൾ പൂർണമായും ഇൻ-ഹൗസ് വികസിപ്പിച്ചെടുത്തതാണെന്നും കൂടാതെ 21 പേറ്റന്റുകളുള്ള 95 ശതമാനം പ്രാദേശിക ഘടകങ്ങളും ലഭിക്കുന്നുവെന്നും ഓബെൻ വ്യക്തമാക്കുന്നു.
4.4 kWh ബാറ്ററി പായ്ക്കും 8 kWh IPMSM മോട്ടോറും ഉപയോഗിക്കുന്ന ഓബെൻ പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് വെറും മൂന്ന് സെക്കൻഡുകൾക്കുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇതിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. അതേസമയം ഒറ്റ ചാർജിൽ ഏകദേശം 187 കിലോമീറ്റർ റേഞ്ച് വരെ നൽകാനും ഓബെൻ ഇവിക്കാവുമെന്നതും യുവാക്കളെ എളുപ്പത്തിൽ ആകർഷിക്കുന്ന കാര്യമാണ്.

ബാറ്ററി പൂർണമായും ചാർജ്ചെയ്യാൻ വെറും രണ്ട് മണിക്കൂർ സമയം മാത്രമാണ് വേണ്ടി വരികയെന്നതും ഹൈലൈറ്റാണ്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുടെ ആവശ്യമില്ലാതെയാണ് ഇത്രയും വേഗത്തിൽ ബാറ്ററി പൂർണ ചാർജ് കൈവരിക്കുന്നത്. ഏറ്റവും പുതിയ AIS 156 ഭേദഗതി ഫേസ് 3 ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബൈക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഫുൾ-എൽഇഡി ലൈറ്റിംഗ്, ഇക്കോ, സിറ്റി, ഹാവോക് റൈഡ് മോഡുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിലുണ്ട്.
ഓബെൻ ഇലക്ട്രിക് തങ്ങളുടെ ഉപഭോക്താക്കൾക്ക് ആദ്യ വർഷത്തിൽ ബൈക്കിന് ആദ്യത്തെ സെഗ്‌മെന്റ് മൂന്ന് സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം 50,000 കി.മീ അല്ലെങ്കിൽ മൂന്ന് വർഷത്തെ വാറണ്ടിയും അതോടൊപ്പം എക്സ്റ്റൻഡഡ് വാറണ്ടിയായി അഞ്ച് വർഷത്തേക്കോ 75,000 കി.മീ വരെയോ ഏതാണ് ആദ്യം വരുന്നത് എന്ന കണക്കിലും തെരഞ്ഞെടുക്കാൻ അവസരം നൽകുന്നുണ്ട്.
മൂന്ന് വർഷത്തെ മോട്ടോർ വാറണ്ടിയും ഓബെൻ റോർ ഇലക്ട്രിക് ബൈക്കിന്റെ ഉടമസ്ഥാവകാശം കൂടുതൽ സുഗഗമമാക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസും (RSA), ചാർജിംഗ് പങ്കാളികൾ വഴി 12,000-ലധികം ചാർജിംഗ് സ്റ്റേഷനുകളിലേക്കുള്ള രാജ്യവ്യാപകമായ ആക്‌സസും ലഭിക്കും. എന്തായാലും നിരത്തുകൾക്ക് ഈ മോട്ടോർസൈക്കിൾ പുതുമയുള്ള കാഴ്ച്ചയായിരിക്കും.


Click it and Unblock the Notifications








