കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ഓടാം, ഓലയെ പൂട്ടാൻ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒകായ
പച്ച നിറത്തിൽ നമ്പര്‍പ്ലേറ്റുള്ള വാഹനങ്ങള്‍ നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇരുചക്ര വാഹന വിപണിയിലെ ഇലക്‌ട്രിക് വിപ്ലവം നിരത്തുകളുടെ സ്വഭാവം തന്നെ മാറ്റിയെന്നു വേണം പറയാൻ. ദൈനംദിന യാത്രകൾക്ക് ഇവികൾ അനുയോജ്യമാണെന്ന് ആളുകൾ മനസിലാക്കിയതോടെ വൈദ്യുത വാഹന നിർമാതാക്കളുടെ രാശി തെളിഞ്ഞു.
നിലവിൽ പുതിയൊരു ടൂവീലർ വാങ്ങാൻ ആലോചിക്കുമ്പോൾ തന്നെ ഭൂരിഭാഗം ആളുകളും ഇലക്‌ട്രിക് സ്‌കൂട്ടറുകളെ കുറിച്ച് ചിന്തിക്കാറുണ്ട്. ഇപ്പോൾ വാഹനങ്ങൾ വാങ്ങാൻ ഏറ്റവും ഉചിതമായ സമയങ്ങളിൽ ഒന്നാണിത്. ഉപഭോക്താക്കള്‍ക്കും വാഹന നിര്‍മാതാക്കള്‍ക്കും ഏറെ പ്രിയങ്കരമായ സീസണായതിനാൽ മിക്ക കമ്പനികളും കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും വാരിക്കോരി കൊടുക്കുന്നുണ്ട്. ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് തായ്‌ലൻഡിലേക്കും മറ്റും ട്രിപ്പ് വാഗ്‌ദാനം ചെയ്‌ത് ശ്രദ്ധനേടിയ ഇവി ബ്രാൻഡാണ് ഒകായ.

രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒകായ ഇവി ഈ ഉത്സവ സീസണിന് മുന്നോടിയായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ കൂടി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. ഇതിന്റെ ഭാഗമായി മോട്ടോഫാസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന മോഡലിനായുള്ള പ്രീ-ബുക്കിംഗും ഒകായ ആരംഭിച്ചിരിക്കുകയാണിപ്പോൾ.
അധികം വൈകാതെ വിപണിയിൽ അവതരിപ്പിക്കാൻ പോവുന്ന സ്‌കൂട്ടറിനെ കാത്ത് ധാരാളം ആളുകളാണ് കാത്തിരിക്കുന്നത്. ദൈനംദിന സിറ്റി ഉപയോഗത്തിനെല്ലാം തികച്ചും അനുയോജ്യമായ രീതിയിലാണ് വരാനിരിക്കുന്ന ഒകായ മോട്ടോഫാസ്റ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ (Okaya Motofaast Electric Scooter) പണികഴിപ്പിച്ചിരിക്കുന്നത്. ഇവി 8 ഡിഗ്രി ഗ്രേഡബിലിറ്റിക്കായി റേറ്റുചെയ്തിരിക്കുന്നുവെന്നും കമ്പനി പറയുന്നു.

ഒരു തവണ ചാർജ് ചെയ്താൽ വാഹനത്തിൽ 120 കിലോമീറ്റർ സഞ്ചരിക്കാമെന്നാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. പുത്തൻ മോഡലിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററായിരിക്കും. മോട്ടോഫാസ്റ്റ് ഇലക്‌ട്രിക് സ്‌കൂട്ടറിന് തുടിപ്പേകുന്നത് രണ്ട് LFP ബാറ്ററി പായ്ക്കുകളാണ്. ഇതിൽ ഒന്ന് സീറ്റിനടിയിൽ വെർട്ടിക്കലായാണ് സ്ഥാപിച്ചിരിക്കുന്നത്. രണ്ടാമത്തേത് ബാറ്ററി പായ്ക്ക് ഫ്ലോർബോർഡിന് കീഴിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്നു.
സ്‌പീഡ്, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, റൈഡിംഗ് മോഡ്, സമയം, ബാറ്ററി ശതമാനം എന്നിവ പ്രദർശിപ്പിക്കുന്ന 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഇവിയിലെ പ്രധാന ഹൈലൈറ്റ്. ഹെഡ്‌ലാമ്പിനും ടേൺ ഇൻഡിക്കേറ്ററുകൾക്കുമുള്ള എൽഇഡി ലൈറ്റിംഗാണ് മോട്ടോഫാസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന മറ്റ് സവിശേഷതകൾ. ഡ്രം ബ്രേക്കുകളേക്കാൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സ്കൂട്ടറിന് മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ഒകായ ഒരുക്കിയിട്ടുള്ളത്.

അതേസമയം സസ്പെഷൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. അലോയ് വീലുകളോടെയാണ് സ്കൂട്ടർ വരുന്നത് എന്നതിനാൽ ട്യൂബ്ലെസ് ടയറുകളും ഓഫറിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സിയാൻ, ബ്ലാക്ക്, ഗ്രീൻ, റെഡ്,ഗ്രേ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്ഷനുകളിൽ മോട്ടോഫാസ്റ്റ് ഇവിയെ ഒകായ വാഗ്ദാനം ചെയ്യും.
നിലവിൽ, ഒകായ ഇവി മോട്ടോഫാസ്റ്റിന്റെ ഇലക്ട്രിക് മോട്ടോറിന്റെ വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ പവർ ഔട്ട്പുട്ടുകളെ കുറിച്ച് വിവരങ്ങളൊന്നുമില്ല. എങ്കിലും ഇതൊരു ഹബ് മൗണ്ടഡ് യൂണിറ്റാണെന്നതിൽ സംശയമൊന്നും വേണ്ട. സ്പോർട്ടി ലുക്കിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും കൂടി ചേരുമ്പോൾ മോട്ടോഫാസ്റ്റ് വേറെ ലെവലെത്തും. ഇന്ത്യയിടനീളമായി 550 ഡീലര്‍ഷിപ്പുകളുള്ള ഒകായ ഈ ഉത്സവ സീസണിലും മികച്ച വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്.

പുതിയ സ്‌കൂട്ടറിന്റെ വരവ് എന്തായാലും ഇതിനെ സഹായിക്കുമെങ്കിലും ഇതോടൊപ്പം തന്നെ ചില കിടിലൻ ഓഫറുകളും ഒകായ അണിനിരത്തിയിട്ടുണ്ട്. ബ്രാന്‍ഡ് നിലവില്‍ മൂന്ന് ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളും രണ്ട് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുമാണ് ഇന്ത്യൻ വിപണിയിൽ വിപണനം ചെയ്യുന്നത്. ഉത്സവ സീസണിനോട് അനുബന്ധിച്ച് കമ്പനി ഇവികൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 5000 രൂപ വിലവരുന്ന ആക്സസറികളാണ് സൗജന്യമായി ലഭിക്കുക.
ഇതിനു പുറമെ ഒകായ ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒരു വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് (RSA) സര്‍വീസും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബ്രേക്ക്ഡൗണ്‍, പഞ്ചര്‍, ബാറ്ററി സ്വാപ്പ്, ചെറിയ അറ്റകുറ്റപ്പണികള്‍, കസ്റ്റഡി സേവനം, കീ ലോക്കൗട്ട്, ടോവിംഗ് സര്‍വീസ്, സൗജന്യ ആംബുലന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങളാണ് റോഡ് സൈഡ് അസിസ്റ്റന്‍സില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പുതിയ മോട്ടോഫാസ്റ്റിനൊപ്പം ഈ ആനുകൂല്യങ്ങൾ ലഭിക്കുമോ എന്നത് ഒകായ വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








