ഈ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയാൽ തായ്‌ലൻഡിൽ ട്രിപ്പ് പോവാൻ അവസരം
പച്ച നിറത്തിലുള്ള നമ്പര്‍പ്ലേറ്റുകളുള്ള വാഹനങ്ങള്‍ നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. എവിടെത്തിരിഞ്ഞാലും ഇലക്ട്രിക് വിപ്ലവമായതിനാൽ ഇത്തരം വാഹനങ്ങളെ പ്രത്യേകം പറഞ്ഞ് പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. പെട്രോളിന് വില കൂടിയതോടെ ഏവരും ഇവികളിലേക്ക് കൂട്ടമായി ചേക്കേറാനും തുടങ്ങി. ഒറ്റടയിക്ക് ഏതായാലും പെട്രോൾ വില പഴയ രീതിയിലേക്ക് മാറില്ലെന്ന് ഉറപ്പായതോടെ വൈദ്യുത വാഹനങ്ങൾ തന്നെയാണ് താത്ക്കാലിക ആശ്വാസം.
ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങൾക്ക് ഇവ ധാരാളമായതിനാൽ തരക്കേടില്ലാത്ത കച്ചവടമാണ് ഈ മേഖലയിൽ ഉണ്ടാവുന്നത്. വിപണിയിൽ ഓല, ഏഥർ, ഹീറോ പോലുള്ള ബ്രാൻഡുകളുടെ അപ്രമാദിത്തമാണെങ്കിലും സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ ഒരു വലിയ നിരയും ഇക്കൂടെയുണ്ട്. അതിലെ പ്രമുഖരാണ് ഒകായ ഇലക്ട്രിക്. രാജ്യത്തെ വളര്‍ന്ന് വരുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ഒകായ.

വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മോഡൽ നിരയിൽ വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളും അണിനിരത്തി ഞെട്ടിക്കുന്ന ബ്രാൻഡാണ് ഒകായ. ഇപ്പോകൾ പുതിയ മൺസൂൺ ക്യാഷ്ബാക്ക് സ്കീം പ്രഖ്യാപിച്ചാണ് കമ്പനി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഈ പുതിയ ഓഫർ 2023 ജൂലൈ 31 വരെ സാധുതയുണ്ട്. ഫാസ്റ്റ് സീരീസ് സ്‌കൂട്ടറിൽ നിന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ക്യാഷ്ബാക്ക് റിവാർഡുകൾക്ക് അർഹതയുണ്ട്.
അല്ലെങ്കിൽ തായ്‌ലൻഡിലേക്കുള്ള 4 പകലും 3 രാത്രിയും നീണ്ടുനിൽക്കുന്ന 50,000 രൂപ വരുന്ന ട്രിപ്പ് തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒകായ ഉപഭോക്താക്കായി ഒരുക്കുന്നത്. ഈ ഓഫറിലൂടെ, ഉപഭോക്താക്കൾക്ക് 5,000, 2,000, 1,500, 1,000, 500 എന്നിങ്ങനെ ക്യാഷ്ബാക്ക് തുകകളും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ഇതിൽ പറയുന്ന തായ്‌ലൻഡ് ട്രിപ്പും ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കാനായി ഒകായയുടെ ഫാസ്റ്റ് സീരീസ് ഉൽപ്പന്ന നിരയിലെ ഫാസ്റ്റ് F4, ഫാസ്റ്റ് F3 F2B, F2T മോഡലുകളാണ് വാങ്ങേണ്ടത്.

ഇതിനുപുറമെ, ഭേദഗതി വരുത്തിയ FAME 2 സ്കീമിന് കീഴിൽ കേന്ദ്ര സർക്കാർ സബ്‌സിഡി കുറച്ചതിനാൽ നിർമാതാവ് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ വില വർധന പ്രഖ്യാപിച്ചിരുന്നു. ഒകായ ഫാസ്റ്റ് F4, ഫാസ്റ്റ് F3 F2B, F2T എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ഗണ്യമായി വർധിപ്പിച്ചതായി ഒകായ ഔദ്യോഗിക റിലീസിൽ വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കുള്ള സർക്കാർ സബ്‌സിഡി കുറയ്ക്കുന്നതിനൊപ്പം വില പരിഷ്ക്കാരം അനിവാര്യമായാണെന്ന് ഒകായ ഇവിയുടെ സ്ഥിരീകരണം.
പുതുക്കിയ വിലയുടെ അടിസ്ഥാനത്തിൽ ഒകായ ഫാസ്റ്റ് F4 ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുമ്പത്തെ വിലയായ 1.14 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ഇതിനായി മുടക്കേണ്ടി വരുന്നത് 1.40 ലക്ഷം രൂപയോളമാണ്. ഏതാണ്ട് 26,000 രൂപയോളമാണ് മോഡലിന് നടപ്പിലാക്കിയിരിക്കുന്ന വർധനവ്. അതേസമയം ഫാസ്റ്റ് F3 ഇവിയുടെ വില 1.05 ലക്ഷത്തിൽ നിന്നും 25,000 രൂപയോളം വർധിച്ച് 1.30 ലക്ഷമായി മാറി.

ഒകായ ഫാസ്റ്റ് F2B ഇലക്ട്രിക്കിന്റെ വില 94,999 രൂപയിൽ നിന്നും 1.10 ലക്ഷമായാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. ഫാസ്റ്റ് F2T ഇവിയുടെ വില 91,999 രൂപയിൽ നിന്ന് 107,903 ആയി ഉയരുകയും ചെയ്‌തിരുന്നു. ഒകയാ ഫാസ്റ്റ് F4 ഇലക്ട്രിക് സ്കൂട്ടറിന്റെ ഉപഭോക്താക്കൾക്ക് മുമ്പ് 66,000 രൂപ സബ്‌സിഡിക്ക് അർഹതയുണ്ടായിരുന്നുവെന്ന് ഇവി നിർമാതാവ് പറയുന്നത്. എന്നിരുന്നാലും, സബ്‌സിഡി കുറച്ചതിനാൽ സ്‌കൂട്ടറുകൾക്കുള്ള പുതുക്കിയ തുക പരമാവധി 22,500 രൂപയായി കുറഞ്ഞു.
ഇത് ഒകായയുടെ മൊത്തത്തിലുള്ള വിലനിർണയ തന്ത്രത്തെ ബാധിച്ചുവെന്നു വേണം പറയാൻ. ഈ സാഹചര്യത്തിലാണ് പുതിയ ആകർഷകമായ കിടിലൻ ഓഫറുകളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലും ഇതേ ഓഫറുമായി ഒകായ എത്തിയിരുന്നു. താങ്ങാവുന്ന വിലയിൽ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അനുയോജ്യമായ വാഹന ബ്രാൻഡുകളിൽ ഒന്നാണ് ഒകായ.


Click it and Unblock the Notifications








