ഇനി എട്ടുകൂട്ടം നിറങ്ങൾ, പുതിയ കളർ ഓപ്ഷനുകളുമായി ഒകിനാവ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
Okinawa (ഒകിനാവ) ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് ചുവടുറപ്പിച്ച കമ്പനി പുതിയ തന്ത്രങ്ങളുമായി ഇന്ത്യയിൽ തിളങ്ങി നിൽക്കുകയാണ്. രാജ്യത്തെ ആദ്യകാല ഇലകട്രിക് ടൂവീലർ കമ്പനികളിലൊരാളായ ഈ ബ്രാൻഡ് അടുത്തിടെ 2.50 ലക്ഷം മോഡലുകൾ നിരത്തിലെത്തിച്ച് പുതിയ നാഴികക്കല്ല് പിന്നിട്ടിരുന്നു. 2015-ൽ പ്രവർത്തനം ആരംഭിച്ച ഒകിനാവ 8 വർഷം കൊണ്ടാണ് ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളില്‍ ഒന്നായി വളർന്ന ഒകിനാവ ഓട്ടോടെക് ആഭ്യന്തര വിപണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രചാരം ഉയര്‍ത്തിയ കാര്യത്തില്‍ മുഖ്യ പങ്കുവഹിച്ചവർ കൂടിയാണ്. ഗുരുഗ്രാം ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ കമ്പനി ദേ ഇപ്പോൾ പ്രെയ്‌സ് ശ്രേണിയിലേക്ക് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് വാർത്തകളിൽ ഇടംപിടിക്കുകയാണ്. പുതിയ നിറങ്ങൾ ഉപഭോക്താക്കളിലേക്ക് കൂടുതൽ വ്യക്തിഗതമാക്കൽ ഓപ്ഷനുകൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് ഗ്രീൻ, ഓഷ്യൻ ബ്ലൂ, മൗവ് പർപ്പിൾ, ലിക്വിഡ് മെറ്റൽ, മിലിട്ടറി ഗ്രീൻ, മോച്ച ബ്രൗൺ, സീഫോം ഗ്രീൻ, സൺ ഓറഞ്ച് എന്നിങ്ങനെ എട്ട് പുതിയ നിറങ്ങളിൽ ഒകിനാവ പ്രെയ്‌സ്‌പ്രോ, ഒകിനാവ ഐപ്രൈസ് പ്ലസ് എന്നിവ ഉപഭോക്താക്കൾക്ക് ഇപ്പോൾ തെരഞ്ഞെടുക്കാനാവും. പുതിയ കളർ ഓപ്‌ഷനുകൾ കൂടാതെ ബ്രാൻഡിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല.
എൽഇഡി ലൈറ്റിംഗ്, ഇ-എബിഎസ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഡിജിറ്റൽ കൺസോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, വാക്ക് അസിസ്റ്റൻസ് തുടങ്ങിയ ആധുനിക ഫീച്ചറുകളുമായാണ് ഒകിനാവ പ്രെയ്‌സ് പ്രോ വിപണിയിലേക്ക് വരുന്നത്. പരമാവധി 56 കിലോമീറ്റർ വേഗത പുറത്തെടുക്കാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടർ ഏകദേശം 3 മുതൽ 4 മണിക്കൂർ വരെ സമയംകൊണ്ട് പൂർണമായി ചാർജ് ചെയ്യാം. പ്രെയ്‌സ് പ്രോയിൽ കിലോമീറ്ററിന് 14 പൈസ മാത്രമാണ് നടത്തിപ്പ് ചെലവായി കമ്പനി അവകാശപ്പെടുന്നത്.

ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവികളിൽ ഒന്നാണ് പ്രെയ്‌സ് പ്രോ. 1 kW BLDC മോട്ടോറിനൊപ്പം 2 kWh റിമൂവബിൾ ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. 2.5 kW പവർ വരെ ഉത്പാദിപ്പിക്കാനാവുന്ന മോഡലിന് 99,465 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ആന്റി-തെഫ്റ്റ് അലാറമുള്ള സെൻട്രൽ ലോക്കിംഗ്, കീലെസ് സ്റ്റാർട്ട്, യുഎസ്ബി പോർട്ട് എന്നിവയും ഇലക്ട്രിക് സ്‌കൂട്ടറിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
പൂർണ ചാർജിൽ 88 കിലോമീറ്റർ റേഞ്ചാണ് ഇവിക്ക് ലഭിക്കുന്നത്. സസ്പെൻഷനും ബ്രേക്കിംഗിനുമായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക്കുകളും ഫ്രണ്ട് ഡിസ്കും പിൻ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണ് ഒകിനാവ പ്രെയ്‌സ് പ്രോയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. അതേസമയം ഒകിനാവ ഐപ്രെയ്‌സ് പ്ലസ് മോഡലിന് ഒറ്റ ചാർജിൽ 137 കിലോമീറ്റർ റേഞ്ച് വരെ ലഭ്യമാവും.

FAME സ്കീമിന് കീഴിലുള്ള സബ്‌സിഡികൾ ദുരുപയോഗം ചെയ്തതിന് കേന്ദ്ര സർക്കാർ അന്വേഷിക്കുന്ന നിരവധി ഇലക്ട്രിക് വാഹന നിർമാതാക്കളിൽ ഒരാളാണ് ഒകിനാവ. കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കുള്ള സബ്‌സിഡികൾ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. തുടർനടപടികളുടെ ഭാഗമായി തെറ്റായി ക്ലെയിം ചെയ്ത സബ്‌സിഡികൾ പിൻവലിക്കാനും സർക്കാരിന്റെ പരിഗണനയിലുണ്ട്.
എന്നാൽ സബ്‌സിഡിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അത് ഉപഭോക്താക്കൾക്ക് മുൻകൂട്ടി കൈമാറിയിട്ടുണ്ടെന്നും ഒകിനാവ പറയുന്നു. കമ്പനിയെ കൂടാതെ ഹീറോ ഇലക്ട്രിക്, ബെൻലിംഗ്, ഒകായ, ജിതേന്ദ്ര ന്യൂ ഇവി, ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി, റിവോൾട്ട് ഇന്റലികോർപ്പ്, അവോൺ സൈക്കിൾസ്, ലോഹ്യ ഓട്ടോ, കൈനറ്റിക് ഗ്രീൻ എനർജി എന്നിവയും മറ്റുള്ളവയും സബ്‌സിഡികൾ ദുരുപയോഗം ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്നുണ്ട്.

ഓഖി-90, റിഡ്‌ജ് പ്ലസ് എന്നിവയും കമ്പനിയുടെ ജനപ്രിയ മോഡലുകളാണ്. നിലവിൽ രാജ്യത്തുടനീളം 540-ലധികം 3S ടച്ച്‌പോയിന്റുകളും ഒകിനാവ പ്രവർത്തിപ്പിക്കുന്നുണ്ട്. ബാറ്ററിക്കും മോട്ടറിനും മൂന്നു വർഷം വാറണ്ടിയാണ് ലഭിക്കുക. മാത്രമല്ല കമ്പനി റോഡ്സൈഡ് അസിസ്റ്റൻസും ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. നിലവിൽ കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനിരിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ബ്രാൻഡുകളിൽ ഒന്നാണ് ഒകിനാവ.


Click it and Unblock the Notifications








