കാശുവാരാൻ ഓലയുടെ പുതിയ ഐഡിയ; ഞെട്ടിക്കുന്ന അടുത്ത ഓഫറും നിരത്തി, കിട്ടുക 2 ദിവസത്തേക്ക്
ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ അവസാനവാക്കായി ഓല മാറിയിട്ട് നാളിമ്മിണിയായി. എതിരാളികൾ നിരത്തിൽ ഒരുപാടുണ്ടെങ്കിലും ആളുകൾക്ക് കൂടുതലും പ്രിയം ഈ ബ്രാൻഡിനോട് തന്നെയാണ്. ഇവി വിപണിയിൽ ട്രെൻഡ് കൊണ്ടുവരാൻ ഓല തന്നെ വേണമെന്നാണ് പൊതുവേയുള്ള അടക്കംപറച്ചിലും. കിടിലൻ ഓഫറുകൾ അടിക്കടി നൽകി ആളുകളെ അതിവേഗം കൈയിലെടുക്കാനും ബെംഗളൂരു ആസ്ഥാനമായുള്ള നിർമാതാക്കൾക്ക് സാധിക്കുന്നുണ്ട്.
അടുത്തിടെ പ്രത്യേക ആനുകൂല്യങ്ങളെല്ലാം പ്രഖ്യാപിച്ച കമ്പനി ഇപ്പോഴിതാ പ്രത്യേക ഇയർ എൻഡ് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ വർഷം ഏറ്റവും ഉയർന്ന നിലയിൽ വിൽപ്പന അവസാനിപ്പിക്കാനുള്ള അവസാന ശ്രമം എന്ന നിലയിൽ S1 എയർ, S1 പ്രോ മോഡലുകളിലാണ് ഓല ഇലക്ട്രിക് പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. 'ഹൈപ്പർ വീക്കെൻഡ്' ഓഫറുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഇത് വെറും രണ്ട് ദിവസത്തേക്ക് മാത്രമാണ് ഉപയോഗപ്പെടുത്താനാവുക.

അതായത് 2023 ഡിസംബർ 15 മുതൽ 17 വരെ മാത്രമേ ഓലയുടെ ഹൈപ്പർ വീക്കെൻഡ് ഓഫറുകൾ ലഭ്യമാകൂവെന്ന് സാരം. ക്യാഷ് ഡിസ്കൗണ്ടുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഇലക്ട്രിക് ഇരുചക്ര വാഹന നിരയിലുടനീളം കമ്പനി പിന്നീട് വ്യാപിപ്പിക്കും. 'ഹൈപ്പർ വീക്കെൻഡിന്' കീഴിൽ ഓല S1 എയർ, S1 പ്രോ എന്നിവ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ അപ്‌ഗ്രേഡ് ബോണസ് ലഭിക്കും.
S1 പ്രോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ച് വർഷത്തെ ബാറ്ററി വാറണ്ടിയും ഇക്കൂടെ ലഭിക്കും. കൂടാതെ ക്രെഡിറ്റ് കാർഡുകൾ വഴിയും ക്രെഡിറ്റ് കാർഡ് ഇഎംഐകൾ വഴിയും പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ അധിക ഡിസ്കൗണ്ടുകളും ഓല ഇലക്‌ട്രിക് ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ സീറോ ഡൗൺ പേയ്‌മെന്റ്, സീറോ പ്രോസസിംഗ് ഫീ, 6.99 ശതമാനത്തിന്റെ കുറഞ്ഞ പലിശനിരക്ക് എന്നിവയുൾപ്പെടെയുള്ള മറ്റ് ഫിനാൻസ് ഓപ്‌ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവി ബ്രാൻഡ് ഇതിനകം തന്നെ പുതിയ S1 X പ്ലസിന് പരിമിത കാലത്തേക്ക് 20,000 രൂപയുടെ കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 1.09 ലക്ഷം രൂപയായിരുന്ന മോഡൽ ഇപ്പോൾ വെറും 89,999 രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. S1 X ഓലയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയാണ്. S1 X (2 kWh), S1 X (3 kWh), S1 X പ്ലസ് എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് ഇവ വിപണിയിൽ എത്തുന്നത്.
ഇയർ എൻഡ് ഓഫറിനു കീഴിൽ വാഗ്‌ദാനം ചെയ്യുന്ന S1 X പ്ലസ് യഥാർഥത്തിൽ 1.10 ലക്ഷം രൂപയുടെ പ്രൈസ് ടാഗിലാണ് ലോഞ്ച് ചെയ്തതെങ്കിലും ഡിസംബർ ആദ്യം പരിമിത കാലത്തേക്ക് വിലകൾ കുറച്ചിരുന്നു. ഇതിനു ശേഷം ലഭിച്ച ഗംഭീര ഡിമാന്റാണ് പിന്നെയും ആനുകൂല്യങ്ങൾ നൽകാൻ ഇവി നിർമാതാക്കളെ പ്രേരിപ്പിച്ചത്. മോഡലിനായുള്ള ഡെലിവറിയും രാജ്യത്തുടനീളം ആരംഭിച്ചു കഴിഞ്ഞു.

പെട്രോള്‍ സ്‌കൂട്ടറുകളുടെ സമാനമായ വിലയില്‍ ഇവികള്‍ ലഭ്യമാക്കിക്കൊണ്ട് ഐസി എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കാനാണ് ഓല S1 X സീരിസിലൂടെ ഉന്നംവെക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ മികച്ച പെര്‍ഫോമന്‍സും നൂതന സാങ്കേതിക സവിശേഷതകളും മികച്ച റൈഡ് നിലവാരവും വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത് തന്നെ. 3 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം.
ഫുൾ ചാർജിൽ ഏകദേശം 151 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്. ഇക്കോ മോഡില്‍ 125 കിലോമീറ്ററും നോര്‍മല്‍ മോഡില്‍ 100 കിലോമീറ്ററുമാണ് ട്രൂ റേഞ്ച് എന്ന് ഓല പറയുന്നു. 500 kW ഹോം ചാര്‍ജറിലൂടെ ബാറ്ററി പായ്ക്ക് ചെയ്യാന്‍ 7.4 മണിക്കൂര്‍ സമയമാണ് വേണ്ടിവരുന്നത്. ബജറ്റ് ഫ്രണ്ട്ലി ആയതിനാൽ തന്നെ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനൊന്നും കമ്പനി ഇപ്പോൾ മോഡലിനൊപ്പം നൽകുന്നതുമില്ല.

ഫീച്ചറുകളിലേക്ക് നോക്കിയാൽ മുടക്കുന്ന വിലയ്ക്ക് പെട്രോൾ സ്‌കൂട്ടറുകളേക്കാൾ സവിശേഷതകളാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം നൽകുന്നത്. 5 ഇഞ്ച് സെഗ്മെന്റ് എല്‍സിഡി ഡിസ്‌പ്ലേ, എല്‍ഇഡി ലൈറ്റിംഗ്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, റിവേഴ്സ് മോഡ്, റിമോട്ട് ബൂട്ട് അണ്‍ലോക്ക്, നാവിഗേഷന്‍,ഒടിഎ അപ്‌ഡേറ്റുകള്‍, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയാണ് S1 X പ്ലസിലെ ഹൈലൈറ്റുകൾ.


Click it and Unblock the Notifications








