ഓലയുടെ അടുത്ത സേഫ്റ്റ്‌വെയർ അപ്ഡേഷനും ഉടൻ, വരുന്നത് ഈ കിടിലൻ ഫീച്ചറുമായി
ഇന്ത്യൻ ഇലക്ട്രിക് വിപണി വെട്ടിപ്പിടിച്ചവരാണ് ഓല. ടാക്‌സി ക്യാബ് അഗ്രഗേറ്ററിൽ നിന്നും വാഹന വ്യവസായത്തിലേക്ക് ചുവടുവെച്ച കമ്പനി അതിവേഗമാണ് പേരും പ്രശസ്‌തി നേടിയത്. ഇന്ന് ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ എതിരാളികളില്ലാതെ കുതിക്കുകയാണ്. ഓൺലൈനായി തുടങ്ങിയ വിൽപ്പനയും ഡെലിവറിയുമെല്ലാം വേറെ ലെവലിലെത്തിച്ചു.
ഓരോ മാസവും വില്‍പ്പന കണക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുകയാണ് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി. രാജ്യത്തെ ഏറ്റവും വലിയ ഇവി ബ്രാൻഡായി വളർന്ന ഓല പുതിയ പുതിയ പരീക്ഷണങ്ങളിലൂടെ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കുകയാണിപ്പോൾ. ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ലഭിക്കുന്ന വൻ ഡിമാന്റ് കണക്കിലെടുത്ത് കൂടുതല്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ രാജ്യവ്യാപകമായി വിപുലീകരിക്കുകയാണിവർ. ഇതിനിടയിൽ സ്‌കൂട്ടറിനെ മികച്ചതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പുതിയ ഫീച്ചേഴ്‌സുകൾ ഉൾപ്പെടുത്തി MoveOS 3 സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ കൊണ്ടുവന്നതും അടുത്തിടെയായിരുന്നു.

ഇപ്പോഴിതാ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ MoveOS 4 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഓലയെന്നാണ് വിവരം. ഇത്തവണയും കൂടുതൽ സവിശേഷതകൾ കോർത്തിണക്കിയാവും S1 ശ്രേണിയെ ഒരുക്കുക. ഇതിന് മുന്നോടിയായി ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ മോഡലുകളിലേക്ക് കൊണ്ടുവരുന്ന ഒരു ഫീച്ചറിന്റെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. MoveOS 3 അപ്‌ഡേറ്റിനിടെ കഴിഞ്ഞ വർഷം അവതരിപ്പിച്ച പാർട്ടി മോഡിന്റെ വിപുലമായ ഫീച്ചറായ കൺസേർട്ട് മോഡിനെ കുറിച്ചുള്ള വിവരങ്ങളാണ് കമ്പനി ഇതിൽ പങ്കുവെക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറിലെ എല്ലാ ലൈറ്റിംഗും അതിന്റെ സിസ്റ്റത്തിലൂടെ പ്ലേ ചെയ്യുന്ന മ്യൂസിക്കിന്റെ താളത്തിൽ മിന്നിത്തെളിയുന്ന സജ്ജീകരണമാണ് ഈ ഫീച്ചറിലൂടെ സാധ്യമാക്കുന്നത്. ഈ സവിശേഷത വെളിപ്പെടുത്തുന്ന പുതിയ വീഡിയോയാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓല ഇലക്ട്രിക് പാർട്ടി മോഡ് ഫീച്ചർ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളിൽ ഈ തന്ത്രം പുതിയതല്ല. നേരത്തെ ടെസ്‌ലയുടെ ചില മോഡലുകളിലും ഈ സംവിധാനം പരിചയപ്പെടുത്തിയിട്ടുണ്ട്.

RRR സിനിമയിലെ ഓസ്‌കർ അവാർഡ് നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ടെസ്‌ല കാറുകൾ ലൈറ്റ് ഷോ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു. MoveOS 4 ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഓലയിൽ നിന്നുള്ള നാലാമത്തെ അപ്‌ഡേറ്റായിരിക്കും. MoveOS 3 പതിപ്പിൽ ഇക്കോ മോഡ്, ക്രൂയിസ് കൺട്രോൾ, ഡിജിറ്റൽ ലോക്ക്, അൺലോക്ക്, നാവിഗേഷൻ, മ്യൂസിക് പ്ലേബാക്ക്, ഹിൽഹോൾഡ് അസിസ്റ്റ് പോലുള്ള സവിശേഷതകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമായത്.
കഴിഞ്ഞ മാസം 27,000 യൂണിറ്റ് വില്‍പ്പനയുമായി മിന്നും പ്രകടനം കാഴ്ച്ചവെക്കാനും ഓലയ്ക്ക് സാധിച്ചിരുന്നു. S1, S1 എയർ, S1 പ്രോ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്. S1 എയര്‍, S1, S1 പ്രോ മോഡലുകളിലുടനീളം 2 kWh, 3 kWh, 4 kWh ബാറ്ററി ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. എയർ മോഡലിന്റെ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വാഹനം ഇപ്പോൾ ബുക്ക് ചെയ്യാൻ അവസരമുണ്ട്.
S1 എയർ മോഡലിനായുള്ള ഡെലിവറി ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കുമെന്നാണ് സൂചന. വേരിയന്റ് ലൈനപ്പ് പുനക്രമീകരിച്ചതാണ് സ്‌കൂട്ടറിന്റെ വിതരണം വൈകാന്‍ കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായി S1 പ്രോയിൽ പുതിയ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടിപ്പോൾ. വേരിയന്റിൽ 5,000 രൂപ കുറച്ചാണ് ഈ മാസം വാഹനം വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഈ മാസം ഇലക്ട്രിക് സ്കൂട്ടർ 1,24,999 രൂപ മുതൽ ലഭ്യമാണ്.
പരിമിതകാല ഓഫർ 2023 ഏപ്രിൽ 16 വരെ സാധുതയുള്ളതാണ്. S1 ഇ-സ്കൂട്ടറിന്റെ ഏറ്റവും ഉയർന്ന വേരിയന്റാണ് S1 പ്രോ. 4 kWh ബാറ്ററി പായ്ക്കിൽ പ്രവർത്തിക്കുന്ന 8.5 kW ഇലക്ട്രിക് മോട്ടോറാണ് ഈ വേരിയന്റിന് തുടിപ്പേകുന്നത്. ഇതിന് പരമാവധി 181 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. കൂടാതെ മണിക്കൂറിൽ 116 കിലോമീറ്റർ വേഗത കൈവരിക്കാനും ഇവിക്കാവും.

ശരിക്കും ഇന്ത്യയിൽ അതിവേഗത്തിൽ പടർന്നു പന്തലിച്ച ബ്രാൻഡാണ് ഓലയെന്ന് പറയാം. ഡെലിവറി ആരംഭിച്ച ആദ്യഘട്ടത്തിൽ ചില പേരുദോഷങ്ങളെല്ലാം കേട്ടുവെങ്കിലും പിന്നീട് പതിയെ എല്ലാ പോരായ്മകളും തുടച്ചുനീക്കാൻ കമ്പനിക്കായി. ഉപഭോക്താക്കള്‍ക്ക് പല തരത്തിലുള്ള സേവനങ്ങള്‍ ഉറപ്പാക്കാനായി ആരംഭിച്ച എക്സ്പീരിയൻസ് സെന്ററുകളും മികച്ച തീരുമാനമായിരുന്നു. നിലവിൽ ഇതുവരെ 400 സ്റ്റോറുകള്‍ ഓല ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാനമാവുമ്പോഴേക്കും ഇത് 500 ആയി ഉയർത്തുമെന്നാണ് ബ്രാൻഡ് പറയുന്നത്.


Click it and Unblock the Notifications








