ഇനി സ്‌കൂട്ടറല്ല, ചുറ്റിയടിക്കാൻ ബൈക്കുകളും; 4 കിടിലൻ മോഡലുകളുമായി ഓലയുടെ മാസ് എൻട്രി
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ സമാനതകളില്ലാത്ത നേട്ടവുമായി കുതിക്കുകയാണ് ഓല എന്ന ബ്രാൻഡ്. പണ്ട് മെട്രോ നഗരങ്ങളിൽ ടാക്‌സി ക്യാബ് അഗ്രഗേറ്റർമാരായി അറിയപ്പെട്ടിരുന്ന കമ്പനി വാഹന നിർമാണ രംഗത്ത് കൊടുങ്കാറ്റാവുകയായിരുന്നു. ഏറെ പുതുമകളും ഫീച്ചറുകളുടെ ആറാട്ടുമായി എത്തിയ S1 ശ്രേണി സ്വന്തമാക്കാനായി ഇരച്ചെത്തിയത് ലക്ഷങ്ങളാണ്. വിൽപ്പന ആരംഭിച്ച് രണ്ട് വർഷങ്ങൾക്കിപ്പുറം മോഡൽ നിരയിൽ ആകെ മാറ്റങ്ങളുമായി ഓല എത്തിയിരിക്കുകയാണ്.
79,999 രൂപ, 89,999 രൂപ വിലയിൽ കഴിഞ്ഞ ദിവസം ഓല S1 X എന്ന പുതിയ എൻട്രി ലെവൽ മോഡലിനെയും അവതരിപ്പിക്കുകയുണ്ടായി. ഇലക്ട്രിക് സ്‌കൂട്ടർ വിപണിക്കു പുറമെ പെട്രോൾ ടൂവീലറുകളുടെ അന്തകനായി അറിയപ്പെടുന്ന ഈ മോഡൽ വരും ദിവസങ്ങളിൽ നിരത്തുകൾ നിറയും. ഇവയ്ക്കെല്ലാം പുറമെ നാല് കൺസെപ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളും കമ്പനി പ്രദർശിപ്പിക്കുകയുണ്ടായി.

ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഭാഷ്യം പിന്തുടരുന്ന മോട്ടോർസൈക്കിൾ ശ്രേണിയെ ഡയമണ്ട്ഹെഡ്, അഡ്വഞ്ചർ, റോഡ്സ്റ്റർ, ക്രൂയിസർ എന്നിങ്ങനെയാണ് ഓല തരംതിരിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ പ്രൊഡക്ഷൻ മോഡൽ അവതരക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇ-ബൈക്കുകൾക്കായുള്ള ബുക്കിംഗും കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. വൈദ്യുത വാഹന രംഗത്ത് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നതിനൊപ്പം ബ്രാൻഡിന്റെ നില ഭദ്രമാക്കാനും ഈ മോഡലുകൾ സഹായകരമാവും.
കൺസെപ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്നും 2024 ഓടെ ഘട്ടംഘട്ടമായി പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിക്കുമെന്നുമാണ് ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ പറയുന്നത്. നിലവിൽ കാണുന്ന രൂപത്തിൽ നിന്നും കാര്യമായ വ്യത്യാസങ്ങൾ ഒന്നുമില്ലാതെയാവും ഡയമണ്ട്ഹെഡ്, അഡ്വഞ്ചർ, റോഡ്സ്റ്റർ, ക്രൂയിസർ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഒരുങ്ങുക. ഇനി ഇവയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം.

ഓല ഡയമണ്ട്ഹെഡ്: ഓല ഇലക്ട്രിക് പുറത്തിറക്കുന്ന കമ്പനിയുടെ മുൻനിര മോട്ടോർസൈക്കിളായിരിക്കും ഡയമണ്ട്ഹെഡ്. ഈ കൺസെപ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഡയമണ്ട് ആകൃതിയിലുള്ള ഫ്രണ്ട് ഫാസിയ ലഭിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയം. കൂടാതെ തിരശ്ചീനമായുള്ള എൽഇഡി സ്ട്രിപ്പ്, മറഞ്ഞിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പ് പോഡ്, ലോ-സ്ലംഗ് ക്ലിപ്പ്-ഓണുകൾ എന്നിവയും രൂപത്തെ അതിമനോഹരമാക്കുന്നുണ്ട്.
ഓല അഡ്വഞ്ചർ: നിലവിൽ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ ഡിമാന്റാണുള്ളത്. ഇതു മനസിലാക്കിയാണ് ഇലക്ട്രിക് രംഗത്തേക്കും ഈ ബോഡി സ്റ്റൈലിനെ ഓല കൊണ്ടുവരുന്നത്. വെർട്ടിക്കൽ ലൈറ്റിംഗ് എലമെന്റ്, നക്കിൾ ഗാർഡുകൾ, ഗോഡ്-ഫിനിഷ് USD ഫ്രണ്ട് ഫോർക്കുകൾ, ബ്ലോക്ക്-പാറ്റേൺ ടയറുകൾ, ഫോർക്ക് കവറുകൾ, വയർ-സ്‌പോക്ക് വീലുകൾ, ഒരു വിൻഡ്‌സ്‌ക്രീൻ എന്നിവയെല്ലാമാണ് ഇതിന്റെ സവിശേഷതകൾ.

ഓല റോഡ്സ്റ്റർ: സ്ട്രീറ്റ് റൈഡുകൾക്ക് അനുയോജ്യമാവുന്ന വിധത്തിലാണ് റോഡ്സ്റ്റർ പതിപ്പിനെ കമ്പനി വിപണിയിലേക്ക് എത്തിക്കുന്നത്. എൽഇഡി സ്ട്രിപ്പും ചെറിയ വിൻഡ്‌സ്‌ക്രീനും ഉള്ള ഹെഡ്‌ലാമ്പുമാണ് ഇതിന്റെ ഡിസൈൻ ഹൈലൈറ്റുകൾ. റോഡ്‌സ്റ്റർ കൺസെപ്റ്റിന് ചാർജർ കൗളിംഗിന് ചുറ്റും ഒഴുകുന്ന ഘടകങ്ങൾ, ഉയരമുള്ള ക്ലിപ്പ്-ഓണുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, നിയോ-റെട്രോ ചാം, റിലാക്‌സ്ഡ് റൈഡിംഗ് പൊസിഷൻ എന്നിവയാണ് ലഭിക്കുന്നത്.
ഓല ക്രൂയിസർ: ലോ-സ്ലംഗ് സ്റ്റാൻസ് ഫീച്ചർ ചെയ്യുന്ന ഓല ക്രൂയിസർ കൺസെപ്റ്റിലേക്ക് നോക്കിയാൽ മോട്ടോർസൈക്കിളിന്റെ ബോഡിയിലുടെ ഒഴുകുന്ന ലൈനുകളാണ് മനോഹരവമാവുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, ഇതിന് എൽഇഡി ഹെഡ്‌ലാമ്പും ഡിആർഎൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, നീളമുള്ള ടാങ്ക്, എൽഇഡി ടെയിൽ ലാമ്പ് എന്നിവ ലഭിക്കുന്നു.

നിലവിൽ എല്ലാ മോഡലുകളും കൺസെപ്റ്റ് ഘട്ടങ്ങളിലായതിനാൽ ഡിസൈനിലും സ്റ്റൈലിംഗിലും എല്ലാം മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. കൂടാതെ ഇവയുടെ ബാറ്ററി പായ്ക്കിനെ കുറിച്ചോ സ്പെസിഫിക്കേഷനുകളൊ കുറിച്ചോ ഒന്നും ഓല വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ഇവയുടെ പ്രൊഡക്ഷൻ മോഡലുകളെ കാണാനാവുമെന്ന് പ്രതീക്ഷിക്കാം.
നിലവിൽ S1 ശ്രേണിയിലേക്ക് കൂടുതൽ മോഡലുകളെ അവതരിപ്പിക്കാനും ഓല ശ്രമിക്കുകയുണ്ടായി. S1X എന്നറിയപ്പെടുന്ന എൻട്രി ലെവൽ മോഡലിന് S1X (2kWh), S1X, S1X പ്ലസ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളുണ്ടാവും. ഡിസൈനിൽ ഇത് S1 സീരീസിന് സമാനമാണെങ്കിലും ചെറിയ മാറ്റങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും. S1X ബേസ് മോഡലിന് 2kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. അതേസമയം മിഡ്-സ്പെക്ക് മോഡലിനും പ്ലസ് മോഡലിനും 3kWh യൂണിറ്റ് ലഭിക്കുന്നു.


Click it and Unblock the Notifications








