ഇനി കിട്ടും ഈ കിടിലൻ ഫീച്ചറുകൾ, മാസാവാൻ ഓല ഇലക്‌ട്രിക്കിലേക്ക് പുതിയൊരു മാറ്റം; സംഭവം എന്താണെന്ന് കണ്ടോ
ഇന്ത്യൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെ അതികായകൻമാരായി വിലസുകയാണ് ഓല. കാർ അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും രാജ്യത്തെ പ്രമുഖ ഇവി നിർമാതാക്കളായി ബ്രാൻഡ് മാറിയത് അതിവേഗമായിരുന്നു. വിൽപ്പനയും സർവീസും ഡെലിവറിയുമെല്ലാം സമ്പൂർണമായി ഓൺലൈനാക്കി വാഹന ലോകത്തെ ആദ്യം ഞെട്ടിച്ചു. എന്നാൽ പിന്നീട് ഉപഭക്താക്കളുടെ ആഗ്രഹ പ്രകാരം ഷോറൂമുകൾ തുറന്ന് കൂടുതൽ ജനസമ്മതനായി.
ഇപ്പോഴൊരു പുത്തൻ ഇവി വാങ്ങാൻ പ്ലാനിട്ടു കഴിഞ്ഞാൽ നമ്മളിൽ പലരും ആദ്യം പരിഗണിക്കുക ഓല എന്ന ബ്രാൻഡ് തന്നെയാവും. 1 ലക്ഷത്തിന് താഴെ വില മുതലാണ് ഇവരുടെ മോഡലുകൾ ആരംഭിക്കുന്നത്. അടുത്തതായി വരുന്ന ഓലയുടെ പ്രഖ്യാപനം പുത്തൻ സ്‌കൂട്ടറുകളെ കുറിച്ചതല്ല. പകരം നിലവിലെ മോഡലുകളുടെ നിലവാരം വർധിപ്പിക്കുന്നതിനായുള്ള MoveOS 4 സോഫ്റ്റ്‌വെയർ അപ്ഡേഷനായിരിക്കും.

ഡിസംബറിൽ പുതിയ സോഫ്‌റ്റ്‌വെയർ പൊതുജനങ്ങൾക്കായി പുറത്തിറക്കുമെന്ന് ഓലയുടെ ഉടമയായ ഭവിഷ് അർവാൾ പ്രഖ്യാപിച്ചിരുന്നു .ഇതിനായുള്ള തീയതി ഉടൻ തന്നെ ബ്രാൻഡ് വെളിപ്പെടുത്തുകയും ചെയ്യും. തുടക്കത്തിൽ MoveOS 4 സെപ്റ്റംബർ പകുതിയോടെ പുറത്തിറക്കാനായുരുന്നു കമ്പനി പരിശ്രമിച്ചത്. നിലവിൽ, സോഫ്‌റ്റ്‌വെയർ അപ്ഡേഷൻ ബീറ്റ ടെസ്റ്ററുകൾക്ക് മാത്രമേ ലഭ്യമാകൂ.
ബീറ്റ ബിൽഡിന് പലപ്പോഴും കുറച്ച് ബഗുകൾ ഉള്ളതിനാൽ ഒരു വ്യക്തി നിത്യേന ഉപയോഗിക്കുന്ന വാഹനത്തിന് ബീറ്റ ബിൽഡ് ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ധാരാളം പുതിയ ഫീച്ചറുകളും MoveOS 4 പതിപ്പിൽ ഉണ്ടാവും. ഓല മാപ്‌സ് അവതരിപ്പിക്കുന്നതാണ് ഇതിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. അതിൽ ഫൈൻഡ് മൈ സ്‌കൂട്ടർ', 'ആപ്പിൽ നിന്ന് ലൊക്കേഷൻ പങ്കിടുക' തുടങ്ങിയ സവിശേഷതകൾ പ്രവർത്തനക്ഷമമാക്കും.

അതോടൊപ്പം ടാംപർ അലേർട്ട്, ഗാരേജ് മോഡ്, വേഗതയേറിയ ഹൈപ്പർചാർജിംഗ്, മെച്ചപ്പെട്ട റീജനറേഷൻ, പ്രൊഫൈൽ നിയന്ത്രണങ്ങൾ, കെയർ മൂഡ്, കൺസേർട്ട് മോഡ്, ഹിൽ ഡിസെന്റ് കൺട്രോൾ, വർദ്ധിച്ച ശ്രേണി, മെച്ചപ്പെട്ട പ്രോക്സിമിറ്റി അൺലോക്ക് എന്നിവയും ഉണ്ടാകും. ഇതുകൂടാതെ ശരാശരി വേഗത, ബാറ്ററി ഉപയോഗം, റേഞ്ച്, റീജൻ, കാര്യക്ഷമത, ലാഭിച്ച പണം, കവർ ചെയ്ത ദൂരം എന്നിവ കാണിക്കുന്ന ഒരു റൈഡ് ജേണൽ ഫീച്ചറും ഓല ചേർക്കുമെന്നാണ് വിവരം.
വ്യക്തിഗതമാക്കിയ പ്രോക്സിമിറ്റി, ഓട്ടോ ടേൺ ഇൻഡിക്കേറ്റർ കട്ട് ഓഫ്, പുതിയ ട്രിപ്പ് മീറ്ററുകൾ, മ്യൂസിക്കിനും കോളിനുമുള്ള ഹെഡ്ഫോൺ കൺട്രോൾ, ടേക്ക്-മീ-ഹോം ലൈറ്റുകൾ, ഫേവറീറ്റ് കോൺടാക്റ്റുകൾ എന്നിവയാണ് MoveOS 4 സോഫ്റ്റ്‌വെയറിനൊപ്പം വരുന്ന മറ്റ് സവിശേഷതകൾ. ഓല ഇലക്ട്രിക് മൊബൈൽ ആപ്ലിക്കേഷനും അപ്‌ഡേറ്റ് ചെയ്യും. ഡാർക്ക് മോഡ്, ഒടിഎ അപ്‌ഡേറ്റ്, ഹിൽ ഹോൾഡ് സെറ്റിംഗ്, റീജൻ സെറ്റിംഗ്, കോൾ സെറ്റിംഗ്, വെക്കേഷൻ മോഡ് തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്.

സ്കൂട്ടറിൽ ചേർക്കുന്ന മറ്റൊരു വലിയ സവിശേഷത ഒരു ടാംപർ അലേർട്ട് ആണെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. ഇത് സ്കൂട്ടറിൽ എന്തേലും കൃത്രിമം കാണിക്കുന്നതായി മനസിലാക്കിയാൽ ഉടമയെയും ആളുകളെയും അറിയിക്കുന്ന ഫീച്ചറാണ്. ഇതുകൂടാതെ ബ്രാൻഡ് S1 X പ്ലസ് ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയിൽ 20,000 രൂപയുടെ ഡിസ്‌കൌണ്ട് അവതരിപ്പിക്കുകയുണ്ടായി. അതിനാ, സ്കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില ഇപ്പോൾ വെറും 89,999 രൂപ ആണ്.
നേരത്തെ ഇതിന് 1,09,999 രൂപയായിരുന്നു എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വന്നിരുന്നത്. പുതിയ വില ഡിസംബർ മാസം ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ എത്തുന്നവർക്ക് മാത്രമേ ബാധകമാകൂ എന്നതും ശ്രദ്ധേയമാണ്. ഓഫർ പ്രഖ്യാപിച്ച് അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കുറച്ച് അധിക ആനുകൂല്യങ്ങളും ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സിംഗിൾ ചാര്‍ജില്‍ 151 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് നല്‍കാന്‍ കഴിയുന്ന 3 kWh ബാറ്ററി പായ്ക്കാണ് ഓലയുടെ S1 X പ്ലസ് ഇവിക്ക് കരുത്ത് പകരുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഇക്കോ മോഡില്‍ 125 കിലോമീറ്ററും നോര്‍മല്‍ മോഡില്‍ 100 കിലോമീറ്ററും ട്രൂ റേഞ്ച് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 500 kW ഹോം ചാര്‍ജറിലൂടെ ബാറ്ററി 7.4 മണിക്കൂറില്‍ ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത.
3.3 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് കഴിയും. 0-60 കിലോമീറ്റർ വേഗത കൈവരിക്കാന്‍ ഓല S1 X പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 5.5 സെക്കന്‍ഡ് മതി. മോഡലിന്റെ ഫീച്ചറുകളിലേക്ക് നോക്കിയാൽ 5 ഇഞ്ച് സെഗ്മെന്റ് എല്‍സിഡി ഡിസ്പ്ലേ, എല്‍ഇഡി ലൈറ്റിംഗ്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, റിവേഴ്‌സ് മോഡ്, റിമോട്ട് ബൂട്ട് അണ്‍ലോക്ക്, നാവിഗേഷന്‍, ഒടിഎ അപ്ഡേറ്റുകള്‍, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയാണ് ഇവിയുടെ പ്രധാന സവിശേഷതകള്‍.


Click it and Unblock the Notifications








