ടിവിഎസിന് ചെക്ക് പറഞ്ഞ് ഓല, നിരത്തുകളിൽ നിശബ്‌ദ വിപ്ലവം തീർക്കാൻ S1 എയർ; ഡെലിവറി തുടങ്ങി
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലെ കിടമത്സരം ദിനംപ്രതി കടുക്കുകയാണ്. സെഗ്മെന്റിലെ മുൻനിരക്കാരായ ഓലയ്ക്കും ഏഥറിനും വെല്ലുവിളിയായി ധാരാളം സ്റ്റാർട്ടപ്പ് ബ്രാൻഡുകളും കടന്നുവരുന്നുണ്ട്. ദേ ഇതിനു പുറമെ ടിവിഎസ് പുതിയൊരു പെർഫോമൻസ് ഇലക്‌ട്രിക് സ്‌കൂട്ടറിനെ പുറത്തിറക്കിയതിനാൽ അവസരങ്ങൾ ഇനിയും തുറക്കും. എന്തായാലും തങ്ങളുടെ ഒന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് ഓല.
ഇതിന്റെ ഭാഗമായി നിരവധി സ്‌കൂട്ടറുകളെ കഴിഞ്ഞ ദിവസം കമ്പനി പ്രദർശിപ്പിക്കുകയുണ്ടായി. കൂട്ടിന് ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളുടെ വലിയ നിരയും എത്തുന്നുണ്ട്. ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന S1 എയർ ഇവിയുടെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ഓല. ഈ മാസം ആദ്യം വിൽപ്പനയ്‌ക്കെത്തിയ മോഡലുകൾ ഇനി നിരത്തുകളാൽ നിറയുമെന്ന് ഉറപ്പാണ്. S1X, S1 പ്രോ Gen2 എന്നിവയ്ക്കിടയിൽ വിൽപ്പനയ്‌ക്കെത്തുന്ന കമ്പനിയുടെ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറാണ്S1 എയർ.

പർച്ചേസ് വിൻഡോ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ S1 എയറിന് 50,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നു. 1.09 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയിരുന്ന മോഡലിന് ഓഗസ്റ്റ് 15-ന് ശേഷം 10,000 രൂപ ബ്രാൻഡ് വർധിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ഇനി വാങ്ങാൻ പ്ലാനിടുന്നവർ 1.20 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.
രാജ്യത്തുടനീളമുള്ള 100-ലധികം നഗരങ്ങളിൽ ഓല S1 എയറിന്റെ ഡെലിവറി തുടങ്ങിയിട്ടുണ്ടെന്നാണ് ഓല അറിയിച്ചിരിക്കുന്നത്. കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ ഡെലിവറി എത്തുമെന്നും കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്. Gen2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതും സമഗ്രമായി പുതുക്കിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നതുമായ S1 എയറിന്റെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഓല ഇലക്ട്രിക് ഫ്യൂച്ചർ ഫാക്ടറിയിൽ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഒരു തവണ ചാർജ് ചെയ്താൽ 151 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ബാറ്ററി പായ്ക്കിലാണ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. ഓല S1 എയറിന്റെ BLDC ഹബ് മോട്ടോറിൽ നിന്ന് 6 kW (8 bhp) പവർ ലഭിക്കുമ്പോൾ പരമാവധി 90 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ ഇവിക്കാവും. 0-40 കിലോമീറ്റർ വേഗത വെറും 3.3 സെക്കൻഡിനുള്ളിൽ കൈവരിക്കാനും S1 എയറിന് സാധിക്കും. അതേസമയം 0-60 കി.മീ. സ്പീഡ് 5.7 സെക്കൻഡിൽ കൈവരിക്കും.
S1 പ്രോയിൽ 6.5 മണിക്കൂർ എന്നതിന് വിപരീതമായി ഹോം ചാർജർ ഉപയോഗിച്ച് 5 മണിക്കൂറാണ് S1 എയറിന്റെ ചാർജിംഗ് സമയം. Gen2 S1 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈപ്പർ മോഡ്, ഫാസ്റ്റ് ചാർജിംഗ്, അതുപോലെ അലോയ് വീലുകൾ എന്നിവ S1 എയറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫെയിം II സബ്സിഡി പരിഷ്ക്കാരങ്ങൾക്ക് ശേഷം വില പിടിച്ചു നിർത്താനാണ് ഓല ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഫ്ലാറ്റ് ഫുട്‌ബോർഡ്, 34 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയും ഓല S1 എയറിൽ ലഭ്യമാണ്. ഡ്യുവൽ-ടോൺ രൂപഭാവത്തിനായി മാറ്റ്, മെറ്റാലിക് ഫിനിഷ്ഡ് നിറങ്ങൾക്കൊപ്പം ബ്ലാക്ക്ഡ്-ഔട്ട് പാനലുകൾ ഇ-സ്കൂട്ടറിൽ ഒരുക്കിയിരിക്കുന്നതും മനോഹരമാണ്. സ്‌റ്റെല്ലർ ബ്ലൂ, നിയോൺ, പോർസലൈൻ വൈറ്റ്, കോറൽ ഗ്ലാം, ലിക്വിഡ് സിൽവർ, മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിൽ ഇ-സ്‌കൂട്ടർ സ്വന്തമാക്കാം.
ഇരട്ട പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ജിപിഎസോട് കൂടിയ 7 ഇഞ്ച് ടിഎഫ്‌ടി ഡാഷ്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും ഈ ബജറ്റ് ഫ്രണ്ട്ലി ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഭാഗമാണ്. S1 എയർ ഇന്ത്യയിൽ 1,000-ലധികം ഓല എക്സ്പീരിയൻസ് കേന്ദ്രങ്ങളിലൂടെ വാങ്ങാനാവും. ഓല ആപ്പ് വഴി ബുക്ക് ചെയ്യാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ഇനി ഏറ്റവും പുതിയ S1 X വേരിയന്റിലേക്ക് വന്നാൽ ഇതിന് 79,999 രൂപയാണ് വില വരുന്നത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. മൂന്ന് വേരിയന്റുകളിലാണ് ഈ ഇവി വാഗ്ദാനം ചെയ്യുന്നത്. 2kWh, 3kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം. ഒപ്പം S1 X+ എന്ന മറ്റൊരു പതിപ്പും ലൈനപ്പിലുണ്ട്. യഥാക്രമം 79,999 രൂപ, 89,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ് ഇവയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില. ആമുഖ വിലയായതിനാൽ ഇതിലും ഉടൻ വർധനവുണ്ടാവും.


Click it and Unblock the Notifications








